കോണ്‍ഗ്രസില്‍ ആഭ്യന്തരകലഹം രൂക്ഷമാകുന്നു; പുനഃസംഘടന നടക്കില്ലെന്ന് ഡിസിസികള്‍; സുധീരനെതിരെ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ട്

തിരുവനന്തപുരം: ഡിസിസി പുനഃസംഘടന സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പുനഃസംഘടന തെരഞ്ഞെടുപ്പിന് മുമ്പ് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ തന്നെയാണ് മുഴുവന്‍ ഡിസിസികളുടെയും തീരുമനം. ഇതുസംബന്ധിച്ച് ഗ്രൂപ്പ് വ്യത്യാസമില്ലാതെ എതിര്‍പ്പ് തുടരുകയാണ്. ഒരു കാരണവശാലും വിട്ടുവീഴ്ചയില്ലെന്ന് ഗ്രൂപ്പുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയതിനാല്‍ പുനഃസംഘടന പ്രായോഗികമല്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. എന്നാല്‍, പുനഃസംഘടനയില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരനും വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് വിജ്ഞാപനം രണ്ടാഴ്ചയ്ക്കകം വരാനിരിക്കുകയാണ്. അതിനാല്‍ തന്നെ ഈ സമയത്ത് പുനഃസംഘടന നടത്താന്‍ ആവില്ല. ഇതിനുള്ള പട്ടിക നല്‍കാനാവില്ലെന്നും ഡിസിസി നേതൃത്വങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇനിയും ഒരുപാട് ബാക്കി കിടക്കുന്നു. അതിനാല്‍ തന്നെ ഈസമയം പുനഃസംഘടന നടത്താനാവില്ലെന്നാണ് ഗ്രൂപ്പുകള്‍ പറയുന്നത്. 22,000 സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതടക്കം നിരവധി പ്രവര്‍ത്തനങ്ങള്‍ ബാക്കി കിടക്കുന്നു. ഈ സാഹചര്യത്തില്‍ പുനഃസംഘടന തെരഞ്ഞെടുപ്പിനെ ദോഷമായി ബാധിക്കുമെന്നും ഗ്രൂപ്പുകള്‍ വിലയിരുത്തുന്നു. മാത്രവുമല്ല സുധീരന്‍ ദില്ലിയില്‍ നടത്തിയ പരസ്യപ്രസ്താവന ദോഷം ചെയ്തതായും വിലയിരുത്തലുണ്ട്.

കഴിഞ്ഞ ദിവസം ദില്ലിയില്‍ സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തിയ ശേഷം, പുനഃസംഘടനയുമായി മുന്നോട്ട് പോകാന്‍ നിര്‍ദേശം ലഭിച്ചതായി സുധീരന്‍ പറഞ്ഞിരുന്നു. പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്ന് സോണിയയോ രാഹുലോ പറഞ്ഞിട്ടില്ലെന്നും സുധീരന്‍ വ്യക്തമാക്കി. തുടക്കം മുതല്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ എയും ഐയും പുനഃസംഘടനാ വിഷയത്തില്‍ സുധീരനെതിരെ നിലകൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News