ആപ്പിള്‍ ഐ സ്റ്റോറില്‍ വൈറസുകള്‍ പണികൊടുത്തു; ഐസ്റ്റോര്‍ പ്രോഗ്രാമുകള്‍ ക്ലീന്‍ ചെയ്യുന്നു

ആപ്പിള്‍ ഐസ്‌റ്റോറില്‍ ആദ്യമായി വൈറസ് കയറി. ഐഫോണുകളിലും ഐപാഡുകളിലും ഉപയോഗിക്കുന്ന ഐസ്‌റ്റോറില്‍ വൈറസുള്ള പ്രോഗ്രാമുകള്‍ കണ്ടെത്തി. നിരവധി പ്രോഗ്രാമുകള്‍ ഇത്തരത്തില്‍ വൈറസാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആപ്പിള്‍ ഐസ്റ്റോറില്‍ നിന്ന് അവയെല്ലാം നീക്കം ചെയ്യാന്‍ ആരംഭിച്ചു. പല സൈബര്‍ സ്ഥാപനങ്ങളും ഐസ്റ്റോറിലെ വൈറസ് ബാധയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെയാണ് പരിശോധനയ്ക്ക് ആപ്പിള്‍ തയ്യാറായത്. ആപ്പിള്‍ തന്നെ നിയമപരമായി അംഗീകാരം നല്‍കിയ ആപ്ലിക്കേഷനുകളിലാണ് പണികിട്ടിയത്.

ഇത് ആദ്യമായാണ് ഇത്രയധികം വൈറസ് ബാധയുള്ള ആപ്ലിക്കേഷനുകള്‍ ഐസ്റ്റോറില്‍ കണ്ടെത്തുന്നത്. ഇതിന് മുമ്പ് ആപ്പിള്‍ സ്റ്റോറില്‍ ഇത്തരത്തില്‍ അഞ്ച് ആപ്ലിക്കേഷനുകള്‍ മാത്രമാണ് കണ്ടെത്തിയിരുന്നത്. സൈബര്‍ സുരക്ഷാ സ്ഥാപനമായ പാലോ ആള്‍ട്ടോ നെറ്റ്‌വര്‍ക്‌സ് ആണ് വൈറസ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. എക്‌സ്‌കോഡ് ഗോസ്റ്റ് എന്ന എംബഡഡ് പ്രോഗ്രാമാണ് ഹാക്ക് ചെയ്ത് കയറ്റിയത്. പ്രോഗ്രാമുകളുടെ കോഡുകള്‍ കോപ്പി ചെയ്ത് ആ വ്യാജകോഡുകള്‍ പ്രോഗ്രാമുകളില്‍ എംബഡ് ചെയ്യുകയാണ് ഹാക്കര്‍മാര്‍ ചെയ്തത്. ഐഒഎസ്, മാക് ആപ്ലിക്കേഷനുകളുടെ വ്യാജപതിപ്പ് ഉണ്ടാക്കുന്ന കോഡാണ് എക്‌സ്‌കോഡ് എന്നറിയപ്പെടുന്നത്.
പ്രശ്‌നമുള്ളതായി കണ്ടെത്തിയ ആപ്ലിക്കേഷനുകള്‍ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി ആപ്പിള്‍ വക്താവ് ക്രിസ്റ്റിന്‍ മൊനാഗന്‍ പറഞ്ഞു. പ്രോഗ്രാമുകളുടെ ശരിയായ തവേര്‍ഷന്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ഡവലപ്പര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എന്നാല്‍, വൈറസ് തങ്ങളുടെ ഐഫോണിലോ ഐപാഡിലോ ബാധിച്ചിട്ടുണ്ടെന്ന് ഉപഭോക്താക്കള്‍ എങ്ങനെ തിരിച്ചറിയുമെന്ന് ക്രിസ്റ്റിന്‍ വ്യക്തമാക്കിയില്ല.

ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സിന്റെ വി-ചാറ്റ്, കാര്‍ ഹെയ്‌ലിംഗ് ആപ്ലിക്കേഷനായ ദിദി ക്വായിദി, മ്യൂസിക് ആപ്ലിക്കേഷനായ നെറ്റ് ഈസ് എന്നീ ആപ്ലിക്കേഷനുകളെയാണ് പ്രധാനമായും വൈറസ് ബാധിച്ചത്. ചൈനയിലെ ഒരു സെര്‍വറില്‍ നിന്നാണ് എക്‌സ്‌കോഡുകളുടെ ഡൗണ്‍ലോഡ് ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിവേഗത്തില്‍ ഡൗണ്‍ലോഡ് സൗകര്യം നല്‍കും എന്നതിനാലാണ് ഈ കോഡ് ഉപയോഗിക്കാന്‍ ഡവലപ്പര്‍മാരെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News