മുസ്ലിം തീര്‍ത്ഥാടനകേന്ദ്രം അജ്മീര്‍ ദര്‍ഗയ്ക്ക് ബോംബ് ഭീഷണി; വിശ്വാസികളെ ഒഴിപ്പിച്ചു

അജ്മീര്‍: 12-ാം നൂറ്റാണ്ടില്‍ പണികഴിപ്പിക്കപ്പെട്ട മുസ്ലിം വിശ്വാസ തീര്‍ത്ഥാടന കേന്ദ്രമായ അജ്മീറിലെ ഖാജാ ഗരീബ് നവാസ് ദര്‍ഗയ്ക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് പുലര്‍ച്ചെയോടെയാണ് അജ്മീര്‍ ദര്‍ഗയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം എത്തിയത്. ഇതിനെ തുടര്‍ന്ന് ദര്‍ഗയില്‍ എത്തിയ തീര്‍ത്ഥാടകരെ എല്ലാം ഒഴിപ്പിച്ചു. ഒരു ലക്ഷത്തിലധികം വിശ്വാസികള്‍ ആ സമയം അജ്മീര്‍ ദര്‍ഗയില്‍ ഒത്തുകൂടിയിരുന്നു. മാസംതോറും ദര്‍ഗയില്‍ നടത്തി വരാറുള്ള ഛാത്തി ഷരീഫ് എന്ന തീര്‍ത്ഥാടന പരിപാടിയോട് അനുബന്ധിച്ച് ഒത്തുകൂടിയവരായിരുന്നു ദര്‍ഗയില്‍ ഉണ്ടായിരുന്നത്.

സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ദര്‍ഗയിലെത്തിയ പൊലീസിനെ കണ്ട് വിശ്വാസികള്‍ ഭയന്നു. ബോംബ് കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളും പൊലീസ് കൊണ്ടുവന്നിട്ടുണ്ടായിരുന്നു. തീര്‍ത്ഥാടകരെ ഉടന്‍ തന്നെ ദര്‍ഗയില്‍ നിന്ന് മാറ്റുകയും ചെയ്തു. പ്രധാന സാനറ്റോറിയം തന്നെ ആദ്യം ഒഴിപ്പിച്ചു. ഒന്നര മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ഒടുവില്‍ അതൊരു വ്യാജസന്ദശമായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ദര്‍ഗയില്‍ മൊത്തം അതീവജാഗ്രത പുറപ്പെടുവിക്കുകയും ക്വിക് റെസ്‌പോണ്‍സ് ടീം എല്ലായിടത്തും പരിശോധന നടത്തുകയും ചെയ്തു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ രാവിലെ 6.40ഓടെയാണ് ഫോണ്‍ സന്ദേശം എത്തിയത്. രാവിലെ 9.15 വരെ ദര്‍ഗ അടച്ചിട്ട് പരിശോധന നടത്തി. ഇതിനു ശേഷം ബോംബ് ഇല്ലെന്നും വ്യാജസന്ദേശം ആയിരുന്നെന്നും സ്ഥിരീകരിച്ച ശേഷമാണ് ദര്‍ഗ വിശ്വാസികള്‍ക്കായി വീണ്ടും തുറന്നു കൊടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News