ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം ബംഗലൂരു ടു സാന്‍ ഫ്രാന്‍സിസ്‌കോ? ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുമായി എയര്‍ഇന്ത്യ

ദില്ലി: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനസര്‍വീസ് എയര്‍ ഇന്ത്യ ഉടന്‍ ആരംഭിക്കും. ബംഗലൂരുവില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കാണ് ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ രംഗത്തെത്തുന്നത്. 14,000 കിലോമീറ്റര്‍ നോണ്‍-സ്‌റ്റോപ്പ് എയര്‍ റൂട്ടാണ് ബംഗലൂരു മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോ വരെ. ഇന്ത്യയിലെയും യുഎസിലെയും ഐടി ഹബുകള്‍ തമ്മില്‍ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എയര്‍ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവില്‍ ദൈര്‍ഘ്യമേറിയ നോണ്‍സ്‌റ്റോപ്പ് വിമാനസര്‍വീസ് നടത്തുന്നത് ഓസ്‌ട്രേലിയന്‍ വിമാനകമ്പനിയായ ഖന്ദസ് ആണ്. അമേരിക്കയിലെ ദല്ലസ് ഫോര്‍ട്ട് വര്‍ത്തില്‍ നിന്ന് സിഡ്‌നിയിലേക്കുള്ള ഈ വിമാനസര്‍വീസിന്റെ നീളം 13,730 കിലോമീറ്ററാണ്.

അടുത്തവര്‍ഷം യുഎഇയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ദുബായില്‍ നിന്ന് പനാമ സിറ്റിയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നുണ്ട്. 13,760 കിലോമീറ്ററായിരിക്കും ഇതിന്റെ ദൈര്‍ഘ്യം. ഇറാഖിനെയും സിറിയയെയും ഒഴിവാക്കി ഡൈവേര്‍ട്ട് ചെയ്യുന്നത് കൊണ്ടാണ് ഇത്രയും ദൈര്‍ഘ്യം വരുന്നത്.

എയര്‍ഇന്ത്യയുടെ ബോയിംഗ് 777-200 വിമാനമാണ് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പറക്കുക. എയര്‍ഇന്ത്യയുടെ ലോങ്‌റേഞ്ച് എയര്‍ക്രാഫ്റ്റാണ് ബോയിംഗ് 777-200. ഇതിനു പുറമേ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് മറ്റൊരു വിമാനസര്‍വീസും എയര്‍ഇന്ത്യ ആലോചിക്കുന്നുണ്ട്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവാണ് ഇത്തരമൊരു സര്‍വീസ് ആരംഭിക്കുന്നതിന് പിന്നില്‍. ബംഗലൂരുവില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് 17 മുതല്‍ 18 മണിക്കൂര്‍ വരെയായിരിക്കും യാത്രാസമയം. ലോകത്ത് ഇത്രയും സമയം നോണ്‍സ്‌റ്റോപ്പായി പറക്കുന്ന മറ്റൊരു കമേഴ്‌സ്യല്‍ വാഹനവും ഇല്ല. എയര്‍ഇന്ത്യയുടെ പുതിയ ചെയര്‍മാന്‍ അശ്വനി ലൊഹാനിയുടെ ആദ്യത്തെ തീരുമാനമാണ് ബംഗലൂരു-സാന്‍ഫ്രാന്‍സിസ്‌കോ വിമാനറൂട്ട്.

ഈയാഴ്ച പ്രധാനമന്ത്രി നടത്തുന്ന സിലിക്കണ്‍വാലി യാത്രയില്‍ ഈ വിമാനസര്‍വീസ് പ്രഖ്യാപിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് ബംഗലൂരുവില്‍ നിന്ന് നേരിട്ട് വിമാനം ഒന്നുമില്ല. എന്നാല്‍, ടെക്കികള്‍ ധാരാളമായി അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്ന രണ്ട് സിറ്റികളാണ് രണ്ടും. ഇതുപോലൊരു വിമാനസര്‍വീസ് ആദ്യം ആലോചിച്ചിരുന്നത് വിജയ്മല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ആയിരുന്നു. കിംഗ്ഫിഷര്‍ കടബാധ്യതയില്‍ പെട്ട് തകര്‍ന്നു പോയതിനാലാണ് ആ പദ്ധതി നടക്കാതെ പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News