റോഡിലെ ഗട്ടറില്‍ വീണയാളെ റോഡ്പണിക്കാര്‍ ജീവനോടെ കുഴിച്ചുമൂടി; റോളറുപയോഗിച്ചു ടാര്‍ ചെയ്ത റോഡിനടിയില്‍ കുടുങ്ങിയ നാല്‍പത്തഞ്ചുകാരന് ദാരുണാന്ത്യം

ദില്ലി: റോഡിലെ കുഴിയില്‍ വീണയാള്‍ക്കു മീതെ അതറിയാതെ റോഡ് പണിക്കാര്‍ ടാര്‍ ചെയ്തു. റോഡ് കൂത്തിപ്പൊളിച്ച് ഇയാളെ പുറത്തെടുത്തപ്പോഴേക്കും മരിച്ചു. മധ്യപ്രദേശിലെ കട്‌നിയിലാണ് റോഡില്‍ വഴിയാത്രക്കാരനെ ജീവനോടെ കുഴിച്ചുമൂടിക്കൊന്നത്. നാല്‍പത്തഞ്ചുകാരനായ ലത്തോരി ലാലാണ് വെള്ളിയാഴ്ച റോഡിലെ കുഴിയില്‍ അകപ്പെട്ടു മരിച്ചത്.

മദ്യലഹരിയില്‍ നടന്നുപോകുന്നതിനിടയിലാണ് ലത്തോരി റോഡിലെ കുഴിയില്‍ വീണത്. നല്ല ആഴമുള്ള കുഴിയായിരുന്നു ഇത്. പിറ്റേന്നു രാവിലെ റോഡ് പണിക്കാര്‍ കുഴി പരിശോധിക്കാതെ കല്ലും മണ്ണും നിറച്ചശേഷം അതിനു മീതെ റോഡ് റോളര്‍ ഉപയോഗിച്ചു ടാര്‍ ചെയ്തു.

പിറ്റേന്ന് ലത്തോരിയുടെ ഷര്‍ട്ടിന്റെ ഭാഗം റോഡിനുമുകളില്‍ കണ്ടു സംശയം തോന്നിയ നാട്ടുകാരാണ് ഇക്കാര്യം റോഡ് പണിക്കാരുടെ ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്ന് റോഡിലിട്ട ടാര്‍ കുത്തിപ്പൊളിച്ച് ലത്തോരിയുടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. റോഡ് ടാര്‍ ചെയ്ത ശേഷം പരിശോധിച്ചവരും ഒരാള്‍ അടിയില്‍ കുടുങ്ങിയത് ശ്രദ്ധിച്ചില്ല.

കഴിഞ്ഞദിവസം ബംഗളുരുവില്‍ റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണ് ഭര്‍ത്താവിനൊപ്പം യാത്രചെയ്യുകയായിരുന്ന ഇരുപത്തഞ്ചുവയസുകാരി സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വഴിയാത്രക്കാരനെ കുഴിയില്‍ ജീവനോടെ മൂടിക്കൊന്ന സംഭവം പുറത്തുവരുന്നത്. ലത്തോരിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here