ജലത്തിനാൽ മുറിവേറ്റ മൊയ്തീന്റെ കാഞ്ചന; ഉള്ളുനനച്ച് പൊയ്‌തൊഴിയാതെ മൊയ്തീന്റെയും കാഞ്ചനയുടെയും അനശ്വരപ്രണയകാവ്യം

‘പ്രണയം അത്രമേൽ ഹ്രസ്വമാം, വിസ്മൃതി അതിലുമെത്രയോ ദീർഘം…’

നമ്മെ എത്രയോ നൊമ്പരപ്പെടുത്തിയതാണ് നെരൂദയുടെ ഈ വരികൾ..

പ്രണയത്തിന്റെ സുഖമുള്ള നോവിനാൽ മുറിവേറ്റവർ നമ്മളിലെത്രയോ പേർ …

‘എന്ന് നിന്റെ മൊയ്തീൻ’ ഇത്ജലത്തിനാൽ മുറിവേറ്റവളുടെ കഥയാണ്. തന്റെ പ്രണയത്തിന്റെ വെള്ളാരം കണ്ണുകൾ ഇരുവഴിഞ്ഞിപുഴയിലെ മീനുകൾക്ക് ദാനം കൊടുക്കേണ്ടി വന്നവളുടെ കഥയാണ്.മൊയ്തീന്റെ വിധവയായ കാഞ്ചനമാലയുടെ കഥയാണ്. വിസ്മൃതിയിലാവാത്ത മൊയ്തീന്റെ കഥയാണ്. കാലം എഴുതിയ കഥയാണ് മൊയ്തീന്റെയും കാഞ്ചനമാലയുടേതും.

Ennu Ninte Moideen4

എഴുതിയത് കാലം ആയതിനാൽ തന്നെയാവാം, ഈകഥ ഇന്നും അവസാനിച്ചിട്ടില്ല. മൊയ്തീന്റെ ഓർമ്മകളിൽ ജീവിക്കുന്ന, അദ്ദേഹം തുടങ്ങിവെച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റി ജീവിക്കുന്ന ധീരവനിതയായി കാഞ്ചനമാല ഇന്നും മുക്കത്ത് തന്നെയുണ്ട്. നിത്യഹരിതമായ ഈ പ്രണയകഥ വെള്ളിത്തിരയിലെത്തിയപ്പോൾ തോൽക്കുന്നത് കാലമാണ്. കാലത്തിനും തടഞ്ഞു നിർത്താനാവാഞ്ഞ മൊയ്തീന്റെയും കാഞ്ചനയുടെയും ജീവിതത്തിനു മുന്നിൽ.

കുഞ്ഞുന്നാൾ മുതൽ ഒരുമിച്ച് കളിച്ചുവളർന്നവർ, ഋതുക്കൾ മാറിമറിഞ്ഞെപ്പോഴോ പ്രണയിതാക്കളായവർ. മൊബൈൽ ഫോണുകൾക്ക് വഴിമാറികൊടുത്ത പഴയകാല പ്രണയലേഖനങ്ങളും രഹസ്യ കോഡുകളും ദൂത് പോകുന്ന ചങ്ങാതിമാരും ഗൃഹാതുരമായ ഓർമ്മകൾ തന്നെയാണ്.

മനോഹരമായ ഒരു കാവ്യാശ്രവ്യദൃശ്യാനുഭവമായി ‘എന്ന് നിന്റെമൊയ്തീൻ’ നമ്മൾ പ്രേക്ഷകരിലെത്തുമ്പോഴും നമ്മളെ പൊള്ളിക്കുന്നത് തീർച്ചയായും അവരുടെ പ്രണയത്തിന്റെ സത്യം തന്നെ ആയിരിക്കും. തീർച്ച!!

വ്യത്യസ്ത മതങ്ങളിൽ പിറന്നുപോയത് കൊണ്ട് മാത്രം കുടുംബങ്ങൾ തള്ളി പറഞ്ഞ പ്രണയം, പ്രണയിച്ചവന് മുന്നിലല്ലാതെ മറ്റൊരാളുടെ മുന്നിലും തോറ്റു കൊടുക്കാഞ്ഞ മനസ്, തങ്ങളുടെ പ്രണയത്തിന്റെ മൂകസാക്ഷിയായിരുന്ന ഇരുവഴിഞ്ഞി പുഴയാൽ തന്നെ ഒടുക്കം കാഞ്ചന മുറിവേൽക്കപ്പെടുന്നു.

Ennu Ninte Moideen2

അവിവാഹിതനായ തന്റെ മകന്റെ വിധവയായി അംഗീകരിച്ച് കാഞ്ചനയെ ഒപ്പം കൂട്ടുന്ന ഫാത്തിമയായി മികച്ച അഭിനയം കാഴ്ച വച്ച് കാണികളുടെ കയ്യടി നേടുന്നതത്രയും ലെനയാണ്. കാഞ്ചനമാലയായി പാർവതിയും മൊയ്തീനായി പ്രിഥ്വിരാജുംഉണ്ണി മുഹമ്മദ് സാഹിബായി സായി കുമാറും പകർന്നാടുന്നു. ശിവജി ഗുരുവായൂരിന്റെയും സുധീർകരമനയുടെയുംടൊവിനോ തോമസിന്റെയും അഭിനയം എടുത്തു പറയേണ്ടത് തന്നെയാണ്.

ജോമോൺ ടി ജോണിന്റെ ഛായാഗ്രഹണവും രംഗനാഥ് രവിയുടെ ശബ്ദവിന്യാസവും ചിത്രത്തിന്റെ മാറ്റ് കൂടുന്നു. കലാസംവിധായകൻ സാബു റാം, എഡിറ്റർ മഹേഷ് നാരായണൻ എന്നിവരും പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഹൃദ്യമായ ഗാനങ്ങളിലൂടെ റഫീക്ക് അഹമ്മദ് ,എം.ജയചന്ദ്രൻ, രമേഷ് നരായണൻ എന്നിവരും മികച്ച പശ്ചചാത്തല സംഗീതവുമായി ഗോപി സുന്ദറും ഈ ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നു.

തുടക്കകാരനായ സംവിധായകൻഎന്ന നിലയിൽ ആർ.എസ് വിമൽ ഏറെ ദൂരം പോയിരിക്കുന്നു. ‘ജലം കൊണ്ട് മുറിവേറ്റവൾ’ എന്ന ഡോകുമെന്ററിയിലൂടെ തന്നെ തന്റെ സംവിധാന പാടവം തെളിയിച്ച വിമലിന് ഈ ചിത്രം ഇരട്ടിമധുരമാണ്.

Ennu Ninte Moideen

ഒരു നല്ല ചിത്രം എന്ന വിശേഷണത്തിനു എന്തുകൊണ്ടും അർഹമാണ് ഈ ചിത്രം. എങ്കിലും ചില പോരായ്മകൾ പറയാതെവയ്യ. പ്രണയിനി മാത്രമായിരുന്നകാഞ്ചനയേക്കാൾ എത്രയോ മടങ്ങ് ധീരയാണ് ഇന്നും മൊയ്തീന്റെ പ്രണയിനിയായും വിധവയായും ജീവിക്കുന്ന കാഞ്ചന. അവരുടെ ഇന്നത്തെ ജീവിതപോരാട്ടവും, 1960കളിലെ രാഷ്ട്രീയ സാഹചര്യവും കൂടി വരച്ചുകാട്ടിയിരുന്നെങ്കിൽ ചിത്രം കൂടുതൽഹൃദ്യമായേനെ. പൊറ്റകാടിന്റെ ‘നാടൻ പ്രേമം’ എന്ന കഥയിലൂടെ പരിചിതമായ ഇരുവഴിഞ്ഞിയുടെ മാറിൽ എന്നെന്നേയ്ക്കുമായി വീണുറങ്ങിയ മൊയ്തീന്റെ പേരിൽ തുടങ്ങിയ ‘ബിപി മൊയ്തീൻ സേവമാന്ദിറിനെപ്പറ്റിയും ലൈബ്രറിയെപ്പറ്റിയും പരാമർശിക്കാമായിരുന്നു. എങ്കിലും സുന്ദരമായ ഒരു പ്രണയകാവ്യം തന്നെയാണ് ‘എന്നു നിന്റെ മൊയ്തീൻ’

കൃത്യമായി തുന്നിയെടുത്ത ഒരു സാങ്കല്പിക കഥ അല്ലാത്തതിനാലാവാം തീയേറ്റർ വിട്ടിറങ്ങിയിട്ടും ഈ ചിത്രം വല്ലാതെ നൊമ്പരപ്പെടുത്തുന്നത്. മുക്കത്ത് അവർ ഒരുമിച്ച് ജീവിക്കുന്ന ഒരു ക്ലൈമാക്‌സ് മൊയ്തീന്റെയും കാഞ്ചനയുടെയുംജീവിതത്തിലില്ലാതെ പോയതിനാലുമാവാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News