ഡാല്‍മിയ യുഗം അവസാനിച്ചതോടെ പുതിയ പ്രസിഡന്റിനായി ബിസിസിഐയില്‍ ഗ്രൂപ്പ് യുദ്ധം

മുംബൈ: ജഗ്‌മോഹന്‍ ഡാല്‍മിയ അന്തരിച്ചതോടെ പുതിയ പ്രസിഡന്റിനെ ബിസിസിഐക്ക് ഉടന്‍ തന്നെ തെരഞ്ഞെടുക്കേണ്ടി വരും. ഒരു പ്രസിഡന്റ് മരിക്കുകയോ ഏതെങ്കിലും കാരണവശാല്‍ സ്ഥാനമൊഴിയുകയോ ചെയ്താല്‍ 15 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്നാണ് ബിസിസിഐയുടെ ചട്ടം. താല്‍ക്കാലികമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്ന ക്രിക്കറ്റ് ബോര്‍ഡിലെ ചക്കളത്തിപ്പോരിനെ ഇത് വീണ്ടും ആളിക്കത്തിക്കും. ഡാല്‍മിയക്ക് പകരക്കാരനായി ശരത് പവാറിന്റെയും രാജീവ് ശുക്ലയുടേയും പേരുകള്‍ അണിയറയില്‍ ഉയരുന്നുണ്ട്. എന്നാല്‍ 10 അംഗങ്ങളുടെ പിന്തുണയുള്ള എന്‍.ശ്രീനിവാസന്റെ നിലപാട് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.

ബംഗാള്‍ ഉള്‍പ്പെടുന്ന ഈസ്റ്റ് സോണില്‍ നിന്നാണ് ഡാല്‍മിയ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. പുതിയ പ്രസിഡന്റും ആ സോണില്‍ നിന്ന് തന്നെയാകണം. ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനിലെ അനുരാഗ് ചൗധരിയുടെ പേരും ചര്‍ച്ചകളില്‍ സജീവമാണ്. 30 അസോസിയേഷനുകള്‍ക്കും, 6 വൈസ് പ്രസിഡന്റുമാര്‍ക്കുമാണ് ബിസിസിഐ ഇലക്ഷനില്‍ വോട്ടവകാശമുള്ളത്. ഇതില്‍ വിവിധ മേഖലകളില്‍ നിന്നുള്ള 10 അംഗങ്ങളുടെ പിന്തുണ ശ്രീനിവാസനുണ്ട് സുപ്രീം കോടതിയുടെ വിലക്കുള്ളതിനാല്‍ ശ്രീനിക്ക് മല്‍സരിക്കാന്‍ കഴിയില്ല എന്നാല്‍ അത്രയെളുപ്പം പവാറിനും സംഘത്തിനും അധികാരം വിട്ടുകൊടുക്കില്ല. അതുകൊണ്ടു തന്നെ വന്‍ തോതിലുള്ള കുതിരക്കച്ചവടത്തിനും സാധ്യത തെളിയുന്നു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്കുള്ള സ്വാധീനം തന്നെയാണ് പവാറിന്റെ കരുത്ത്. ബിഹാര്‍ അടക്കമുള്ള അസോസിയേഷനുകള്‍ക്ക് ശ്രീനിവാസനോടുള്ള എതിര്‍പ്പും അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പവാര്‍. താരതമ്യേന നിഷ്പക്ഷന്‍ എന്ന ലേബലാണ് ശുക്ലയെ വ്യത്യസ്തനാക്കുന്നത്. എന്നാല്‍ ശ്രീനിവാസനും, പവാറിനുമുള്ളതു പോലെ ആളും അര്‍ത്ഥവും രാജീവ് ശുക്ലയ്ക്കില്ല. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ സ്വാധീനവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാം. ഈമാസം 27-ന് ബിസിസിഐ ജനറല്‍ ബോഡി ചേരുന്നുണ്ട്. ഒരുപക്ഷെ അന്ന് താല്‍ക്കാലിക പ്രസിഡന്റിനെ തെരഞ്ഞെടുക്കാനും സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News