തദ്ദേശ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ നിര്‍ണായക യുഡിഎഫ് യോഗം; കോണ്‍ഗ്രസിലെ തമ്മിലടിയില്‍ ഘടകകക്ഷികള്‍ക്ക് നീരസം

തിരുവനന്തപുരം: അടുത്തുവരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ ഇന്ന് നിര്‍ണായക യുഡിഎഫ് യോഗം ചേരും. തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണം എന്നതടക്കമുള്ള കാര്യങ്ങളാണ് യോഗം ചര്‍ച്ച ചെയ്യുക. സീറ്റു വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും ഇന്ന് തുടക്കമാകും. പ്രമുഖ ഘടകകക്ഷികള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് യുഡിഎഫ് യോഗം ചേരാന്‍ തീരുമാനിച്ചത്. പ്രമുഖ ഘടകകക്ഷികള്‍ക്ക് പുറമേ ചെറുഘടകകക്ഷികളും കൂടുതല്‍ സീറ്റ് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. ഇക്കാര്യവും യോഗം ചര്‍ച്ച ചെയ്യും. എന്നാല്‍, കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടതില്ലെന്നും കോണ്‍ഗ്രസിന്റെ സീറ്റുകള്‍ വിട്ടുനല്‍കേണ്ടതില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്.

അതേസമയം, കോണ്‍ഗ്രസില്‍ അടുത്തിടെയായി വര്‍ധിച്ചുവരുന്ന തമ്മിലടിയില്‍ ഘടകകക്ഷികള്‍ക്ക് അതൃപ്തിയുണ്ട്. ഈ അതൃപ്തി ഘടകകക്ഷികള്‍ യുഡിഎഫിനെ അറിയിക്കും. ഇങ്ങനെ മുന്നോട്ട് പോയാല്‍ അത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഘടകകക്ഷികള്‍ മുന്നറിയിപ്പ് നല്‍കും. കോണ്‍ഗ്രസിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് കുറച്ചു ദിവസങ്ങളായി തമ്മിലടി തുടങ്ങിയിട്ട്. എ-ഐ ഗ്രൂപ്പുകള്‍ സുധീരനെ നേരിടാനായി ഒറ്റക്കെട്ടായി രംഗത്തുണ്ട്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ പുനഃസംഘടനയെ എതിര്‍ക്കുകയാണ് നേതാക്കള്‍. പുനഃസംഘടന നടപ്പാക്കിയേ ഒക്കൂ എന്ന നിലപാടിലാണ് സുധീരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News