വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ സൂക്ഷിക്കേണ്ടതില്ല; വിവാദ നയം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു; സോഷ്യല്‍ മീഡിയകളെ ഒഴിവാക്കുമെന്ന് കേന്ദ്രം

ദില്ലി: വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ 90 ദിവസം വരെ സൂക്ഷിക്കണമെന്നും പൊലീസോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കാണിണമെന്നുമുള്ള വിവാദനയം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തു. ദേശീയ എന്‍ക്രിപ്ഷന്‍ നയത്തിന്റെ കരട് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകമാണ് ഭേദഗതി ചെയ്തതായി അറിയിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളെയും എന്‍ക്രിപ്ഷന്‍ നയത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം വ്യക്തമാക്കി. കരടുനയം വിവാദത്തിന് വഴിതെളിച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

വാട്‌സ്ആപ്പ്, ഹാങ്ഔട്ട്, എസ്എംഎസ് അടക്കം ഇന്റര്‍നെറ്റ് വഴി അയയ്ക്കുന്ന എല്ലാ സന്ദേശങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കരടുനയത്തില്‍ പറഞ്ഞിരുന്നത്. വിദേശ കമ്പനികള്‍ അവരുടെ സേവനം രാജ്യത്ത് തുടങ്ങുവാന്‍ തീരുമാനിച്ചാല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങണം. വിവരങ്ങളും അനുബന്ധ സാങ്കേതിക വിദ്യയുടെ പകര്‍പ്പും കൈമാറാമെന്ന ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നവര്‍ക്ക് മാത്രമാണ് രാജ്യത്ത് പ്രവര്‍ത്തനാനുമതി നല്‍കുക എന്നിവയായിരുന്നു കരടുനയത്തില്‍ പറഞ്ഞിരുന്ന വ്യവസ്ഥകള്‍. കരടു എന്‍ക്രിപ്ഷന്‍ നയം അനുസരിച്ച് കമ്പനികള്‍ അനുബന്ധ എന്‍ക്രിപ്ഷന്‍ സോഫ്റ്റ്‌വെയര്‍ അല്ലെങ്കില്‍ ഹാര്‍ഡ്‌വെയര്‍ സര്‍ക്കാര്‍ നിയമിക്കുന്ന ഏജന്‍സിയ്ക്ക് നല്‍കണം. കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമാകും പ്രവര്‍ത്തനാനുമതി. ഇതിനായി സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സേവനം കമ്പനികള്‍ നല്‍കേണ്ടിവരും. കമ്പനികള്‍ സര്‍ക്കാരിന് നല്‍കുന്ന സോഫ്റ്റ്‌വെയര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും നയത്തില്‍ പറഞ്ഞിരുന്നു.

2000-ലെ ഐടി നിയമത്തിലെ 84-എ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കരടുനയം രൂപീകരിച്ചത്. വ്യക്തികള്‍, ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവയും നയത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഉന്നത സര്‍ക്കാര്‍ സംവിധാനങ്ങള്‍, പ്രതിരോധ സംവിധാനം എന്നിവയെ നയത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കരടുനയത്തിനെതിരെ ഐടി രംഗത്തെ വിദഗ്ധര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. സ്‌നാപ്ചാറ്റ് ഉള്‍പ്പടെയുള്ള ചില ആപ്ലിക്കേഷനുകള്‍ സന്ദേശങ്ങള്‍ വായിച്ചുകഴിഞ്ഞാല്‍ സ്വമേധയാ ഡിലീറ്റ് ചെയ്യപ്പെടുന്ന പ്രകാരമാണ് നിര്‍മ്മിച്ചത്. ഇത്തരം ആപ്ലിക്കേഷനുകളിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് എന്താണെന്നായിരുന്നു നയത്തിന്റെ പ്രായോഗികതയെ ചോദ്യം ചെയ്ത വിദഗ്ധര്‍ ചോദിച്ചത്. നിലവില്‍ എന്‍ഡ് ടു എന്‍ഡ് രീതിയിലാണ് വാട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം. അതായത് സന്ദേശം അയയ്ക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും മാത്രം കാണാവുന്ന രീതി. ഇതില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വാട്‌സ്ആപ്പിനോട് നിര്‍ദ്ദേശിച്ചാല്‍ ഇത്തരം കമ്പനികള്‍ രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് വിവാദമായതോടെ തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

വാട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നത് കുറ്റകരമാകും; ഇന്‍സ്റ്റന്റ് മെസേജിംഗിനെ പിടിച്ചുകെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍; ദേശീയ എന്‍ക്രിപ്ഷന്‍ നയത്തിന്റെ കരട് പുറത്തിറക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here