പാലാ: കര്‍മ്മലീത്ത സന്യാസിനീ സമൂഹത്തിന്റെ പാലായിലെ ലിസ്യൂ മഠത്തില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സിസ്റ്റര്‍ അമലയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടുന്നു. തെളിവുകളുടെ അഭാവമാണ് അന്വേഷണസംഘത്തെ പ്രതിസന്ധിയിലാക്കുന്ന്. അതേസമയം മഠത്തില്‍നിന്ന് കണ്ടെടുത്ത രക്തം കറയുള്ള കൈത്തൂമ്പയുടെ ഫോറന്‍സിക് ഫലത്തിലാണ് അന്വേഷണ സംഘത്തിന്റെ ഇനിയുള്ള പ്രതീക്ഷ.
പ്രതിയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചെന്നും ഏത് നിമിഷവും അറസ്റ്റുണ്ടായേക്കാമെന്നുമാണ് ആദ്യഘട്ടത്തില്‍ പൊലീസ് നല്‍കിയിരുന്ന സൂചന. എന്നാല്‍ കൊലപാതകത്തിന് പ്രേരകമായ സാഹചര്യങ്ങളെ സംബന്ധിച്ച് അവ്യക്തത, കൃത്യം നിര്‍വഹിക്കാന്‍ പ്രതി എങ്ങനെ കോണ്‍വെന്റില്‍ കടന്നു, കൊലപാതകത്തിന് പിന്നില്‍ ഒന്നിലധികം പേരുണ്ടാകുമോ തുടങ്ങിയ നിരവധി കാര്യങ്ങളെക്കുറിച്ച് അന്വേഷണ സംഘത്തിനിടയില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. പ്രതി ഉപയോഗിച്ചെന്ന് കരുതുന്ന രക്തക്കറ പുരണ്ട കൈത്തൂമ്പ കഴിഞ്ഞദിവസം മഠത്തില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അമല കൊല്ലപ്പെട്ട ദിവസം പൊലീസ് നായ മഠത്തിന്റെ എല്ലാഭാഗങ്ങളും പരിശോധിച്ചപ്പോള്‍ കണ്ടെത്താതിരുന്ന കൈത്തൂമ്പ രണ്ടുദിവസത്തിന് ശേഷം മഠത്തിലെ സ്റ്റെയര്‍ കേസിനടിയില്‍നിന്ന് കണ്ടെത്തിയെന്ന പൊലീസിന്റെ അവകാശവാദം നിരവധി സംശയങ്ങള്‍ക്കിടനല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൈത്തൂമ്പയുടെ ഫോറന്‍സിക് പരിശോധനാഫലം എത്രയുംവേഗം ലഭ്യമാക്കാനായി പോലീസ് നടപടി തുടങ്ങി.
ഇതിനകം തന്നെ 150 പേരെ ചോദ്യം ചെയ്തു. മഠത്തിലെ അന്തേവാസികളില്‍ രണ്ടുപേര്‍ ഇപ്പോഴും പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. നിലവില്‍ പൊലീസ് കസ്റ്റഡിയിലും നിരീക്ഷണത്തിലും ഒന്നിലധികം പേരുണ്ടെങ്കിലും തെളിവുകളുടെ അഭാവമാണ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here