അടിയന്തരാവസ്ഥയെ ആർഎസ്എസ് പിന്തുണച്ചിരുന്നു; ബ്ലൂസ്റ്റാർ ഓപ്പറേഷൻ ഇന്ദിരാഗാന്ധിയുടെ മാത്രം താൽപര്യമായിരുന്നെന്ന് മുൻ ഐബി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

ദില്ലി: 1975ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയെ ആർഎസ്എസ് പിന്തുണച്ചിരുന്നെന്ന് മുൻ ഐബി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. ആർഎസ്എസ് സംഘചാലക് ബാലസാഹേബ് ഇന്ദിരയുടെ വസതിയുമായി അടുത്ത ബന്ധമാണ് പുലർത്തിയിരുന്നതെന്നും ഇന്ദിരാഗാന്ധിയുടെ പല തീരുമാനങ്ങൾക്കും പിന്നിൽ ആർഎസ്എസ് ആയിരുന്നെന്നും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ബ്ലൂസ്റ്റാർ ഓപ്പറേഷൻ ഇന്ദിരാഗാന്ധിയുടെ മാത്രം താൽപര്യമായിരുന്നെന്നും മുൻ ഐബി ചീഫ് വെളിപ്പെടുത്തി.

ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഐബി ചീഫ് ടിവി രാജേശ്വറിന്റെ വെളിപ്പെടുത്തൽ. ഐബിയുടെയോ ആഭ്യന്തരമന്ത്രാലയത്തിന്റെയോ അഭിപ്രായങ്ങൾ പോലും പരിഗണിക്കാതെയാണ് 1975ലെ അടിയന്തരാവസ്ഥ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടപ്പാക്കിയത്. രാജ്യത്ത് അടിയന്തരാവസ്ഥ നടപ്പാക്കുന്നെന്ന കാര്യം അന്ന് ഐബി ചീഫ് ആയിരുന്ന താൻ പോലും റേഡിയോയിലൂടെയാണ് അറിഞ്ഞത്.

ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടപ്പാക്കരുതെന്നും രാജ്യത്തെ ക്രമസമാധാനം തകരുന്നതിന് കാരണമാകുമെന്നും ഐബി ഇന്ദിരാഗാന്ധിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സുവർണ്ണ ക്ഷേത്രം ആക്രമണത്തിന്റെ വരും വരായ്കകൾ ഇന്ദിരയും സർക്കാരും വിലമതിച്ചില്ല. രാജ്യത്ത് ഇന്ദിരാഗാന്ധി നടപ്പാക്കിയ പല തീരുമാനങ്ങളേയും ആർഎസ്എസ് പിന്തുണച്ചിരുന്നു. അടിയന്തരാവസ്ഥയു ബ്ലൂസ്റ്റാർ ഓപ്പറേഷനും അടക്കമുള്ള ഇന്ദിരയുടെ പല തീരുമാനങ്ങളേയും ആർഎസ്എസ് പിന്തുണച്ചിരുന്നെന്നും മുൻ ഐബി ചീഫ് തുറന്നടിച്ചു.

ജവഹർലാൽ നെഹ്‌റുവിന്റെ പേഴ്‌സണൽ സെക്രട്ടറി ആയിരുന്ന എമ്.ഒ മത്തായി തന്റെ പുസ്തകത്തിലും ഇക്കാര്യം എഴുതിയിട്ടുണ്ട്. എന്നാൽ ഇന്ദിരയോടുള്ള അടുപ്പത്തെ തുടർന്ന് ഈ ഭാഗം മത്തായി പുസ്തകത്തിൽ നിന്ന് പിൻവലിക്കുകയായിരുന്നെന്നും രാജേശ്വർ വെളിപ്പെടുത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here