ഗുഡ്ഗാവില്‍ ഇന്നു മുതല്‍ കാറോടാത്ത ചൊവ്വാഴ്ചകള്‍; സൈക്കിളില്‍ ഓഫീസിലെത്തി പൊലീസ് കമ്മീഷണര്‍; അന്തരീക്ഷ മലിനീകരണം ചെറുക്കാനുള്ള ശ്രമത്തിന് നല്ല പ്രതികരണം

ഗുഡ്ഗാവ്: ഇന്ത്യന്‍ ഐടി കുതിപ്പിന് കരുത്തു പകര്‍ന്ന ഗുഡ്ഗാവില്‍ ഇന്നു മുതല്‍ ചൊവ്വാഴ്ചകളില്‍ കാറോടില്ല. അന്തരീക്ഷ മലിനീകരണം ചെറുക്കുന്നതിനും ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് കാറോടാത്ത ചൊവ്വാഴ്ചകള്‍ക്കു തുടക്കം കുറിച്ചത്. ആദ്യദിവസമായ ഇന്നു മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗുഡ്ഗാവ് പൊലീസ് കമ്മീഷണര്‍ നവ്ദീപ് സിംഗ് വിര്‍ക് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും കാറുകള്‍ ഉപേക്ഷിച്ചു. നവ്ദീപ് സിംഗ് ഇന്നു സൈക്കിളിലാണ് ഓഫീസിലെത്തിയത്.

എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെയാണ് ഗുഡ്ഗാവിലെ കാറുകള്‍ നിരത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത്. ഐടി, ഐടി അനുബന്ധ വ്യവസായ മേഖലയില്‍ നിരവധിപേര്‍ പണിയെടുക്കുന്ന ഗുഡ്ഗാവിലേക്ക് ഇന്നു സ്വകാര്യ ബസുകളും മെട്രോ ട്രെയിനും കൂടുതല്‍ സര്‍വീസ് നടത്തി. നാഗരൂ, മേയ്ക്ക് മൈ ട്രിപ്പ് തുടങ്ങിയ വന്‍കിട കമ്പനികളുടെ വരെ സിഇഒമാരും കാറുപേക്ഷിച്ചു സൈക്കിളിലാണ് ഇന്ന് ഓഫീസിലെത്തിയത്. മിക്കകമ്പനികളും കാറില്ലാത്ത ദിനത്തോട് അനുഭാവം പ്രകടിപ്പിച്ച് ജീവനക്കാര്‍ക്ക് നിശ്ചിത സമയം വൈകിവരാനും അനുമതി നല്‍കിയിരുന്നു.

ഗുഡ്ഗാവിലെ പ്രധാന റോഡുകളായ ഡിഎല്‍എഫ് സൈബര്‍ സിറ്റി, സൈബര്‍പാര്‍ക്ക് ഏരിയ, ഗോള്‍ഫ് കോഴ്‌സ് റോഡ്, ഇലക്ട്രോണിക് സിറ്റി എന്നിവ എല്ലാദിവസവും കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതാണ്. ഇന്നു കാറുകള്‍ നിരത്തൊഴിഞ്ഞതോടെ തിരക്കു വലിയതോതില്‍ കുറഞ്ഞു. ഗുഡ്ഗാവിലെ പ്രധാന സ്‌കൂളായ ശ്രീരാം സ്‌കൂളിലെ അധ്യാപകരും ബസുകളിലും മെട്രോ ട്രെയിനിലുമാണ് സ്‌കൂളിലെത്തിയത്. വിദ്യാര്‍ഥികളോടും കാറില്‍ സ്‌കൂളിലേക്കു വരേണ്ടെന്നു നിര്‍ദേശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News