പെണ്‍കരുത്തിന് അംഗീകാരമായി കൈരളി ജ്വാല പുരസ്‌കാരങ്ങള്‍; വിഎം ഷൈനി, കെ ബിന്ദു, ലക്ഷ്മി എന്‍ മേനോന്‍ ജേതാക്കള്‍; സ്ത്രീകളെ ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതും പുരുഷന്‍മാരാണെന്ന് മമ്മൂട്ടി

തിരുവനന്തപുരം: കൈരളി-പീപ്പിൾ ടി.വിയുടെ പ്രഥമ ജ്വാലാ അവാർഡുകൾ പ്രഖ്യാപിച്ചു. പൊതുസംരംഭക വിഭാഗത്തിൽ നിന്ന് വിഎം ഷൈനിക്കും നവാഗത വിഭാഗത്തിൽ നിന്ന് കെ ബിന്ദു, സാമൂഹ്യസേവന സംരംഭകരിൽ നിന്ന് ലക്ഷ്മി എൻ മേനോനും പുരസ്‌കാരങ്ങൾക്ക് അർഹരായി. ജെ ലളിതാംബികയും ജി വിജയരാഘവനും ചേർന്നാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പത്മശ്രി ഭരത് മമ്മൂട്ടിയും മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും ചേർന്ന് അവാർഡ് വിതരണം ചെയ്തു. കൈരളി ടിവി മാനേജിംഗ് ഡയറക്ടർ ജോൺ ബ്രിട്ടാസ് അധ്യക്ഷത വഹിച്ചു.

സ്ത്രീകളെ ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതും അംഗീകരിക്കേണ്ടതും പുരുഷൻമാരാണെന്ന് മമ്മൂട്ടി പറഞ്ഞു. അത്തരം ചിന്താഗതിയുള്ള പുരുഷൻമാരെയാണ് ഈ ചടങ്ങിലേക്ക് ക്ഷണിച്ചത്. അതുകൊണ്ടാണ് ഇവിടെ പുരുഷകേസരികളെ കൊണ്ട് നിറഞ്ഞിരിക്കുന്നത്. പ്രതിസന്ധികൾ തരണം ചെയ്ത നിരവധി സ്ത്രീകളാണ് ഇന്ന് പുത്തൻ ആശയങ്ങളുമായി മുന്നോട്ട് വരുന്നത്. അത്തരം സ്ത്രീകളെ പ്രോത്സഹിപ്പിക്കണം അംഗീകരിക്കണം. കൈരളി ഇത്തരം കാര്യങ്ങളിൽ സംസാരിക്കുക മാത്രമല്ല ചെയ്യുന്നതെന്നും അതെല്ലാം നടപ്പിലാക്കുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സ്ത്രീകളുടെ ശക്തി തിരിച്ചറഞ്ഞ് നമുക്ക് അവരെ മുന്നോട്ട് നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൈരളിയുടെ ജ്വാല അവാർഡ് ഒരു മൂവ്‌മെന്റിന്റെ തുടക്കം കുറിക്കലാണെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടര്‍ ഡോ. എം ബീന, വിധികര്‍ത്താക്കളായ ജെ ലളിതാംബിക, ജി വിജയരാഘവന്‍, കൈരളി ടിവി ഡയറക്ടര്‍മാരായ ടി ആര്‍ അജയന്‍, എ വിജയരാഘവന്‍, എ കെ മൂസമാസ്റ്റര്‍, വി കെ അഷ്‌റഫും, എം എം മോനായി എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here