ഇവര്‍ നമ്മുടെ ജ്വാലകള്‍; വിഎം ഷൈനി, കെ ബിന്ദു, ലക്ഷ്മി എന്‍ മേനോന്‍

awardees

കേരളത്തിലെ പെണ്‍ മുന്നേറ്റങ്ങളുടെ വിജയഗാഥയാണ് കൈരളി പീപ്പിള്‍ ജ്വാല പുരസ്‌കാരങ്ങളുടെ ഭാഗമായി നടത്തിയ അന്വഷണത്തില്‍ തിരിച്ചറിഞ്ഞത്. കോര്‍പറേറ്റുകളുടെ പിന്തുണയില്ലാതെ, ജനപക്ഷത്തുള്ള നിരവധി മുന്നേറ്റങ്ങളാണ് പെണ്‍മയുടെ കരുത്തില്‍ കേരളം കാണുന്നത്. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അത്തരം മുന്നേറ്റങ്ങളെ ജനശ്രദ്ധയിലേക്കു കൊണ്ടുവരികയായിരുന്നു കൈരളിയുടെ ലക്ഷ്യം. അക്കാര്യത്തില്‍ കൈരളിക്ക് അഭിമാനിക്കാനാകുന്ന നിമിഷങ്ങളാണ് പുരസ്‌കാരത്തിലൂടെ ലഭിച്ചത്. മൂന്നു വ്യത്യസ്ത മേഖലകളില്‍ അനുപമമായ പ്രവര്‍ത്തനങ്ങളിലൂടെ ഉയരങ്ങളില്‍ തന്നെ സ്ഥാനത്തിന് അര്‍ഹരായ മൂന്നു വനിതാരത്‌നങ്ങളെ കേരളത്തിനു മുമ്പില്‍ കൈരളി അഭിമാന പുരസരം അവതരിപ്പിക്കുന്നു.

ശസ്ത്രക്രിയാ കുപ്പായങ്ങളുമായി വിഎം ഷൈനി

IMG_2293

വീട്ടമ്മമാര്‍ പത്രം വായിക്കുമ്പോള്‍ എന്തു സംഭവിക്കും. പാലു തിളച്ചു പോകും എന്നതു മുതല്‍ പല ഉത്തരങ്ങള്‍ ഉയരാം. പക്ഷേ വരാപ്പുഴയിലെ ഷൈനി മൂന്നു കൊല്ലം മുമ്പ് ഒരു പത്രം വായിച്ചപ്പോള്‍ അതൊന്നുമല്ല ഉണ്ടായത്. ഷൈനി ബിരുദാനന്തര ബിരുദധാരിയാണ്. ചെറിയ ഓഫീസ് ജോലികള്‍ മാത്രം ചെയ്തിരുന്നവള്‍. കുഞ്ഞിനെ നോക്കാന്‍ ജോലിനിര്‍ത്തേണ്ടി വന്നവള്‍. എങ്ങുമെത്താതെ പോയവള്‍. നാല്പതു കഴിഞ്ഞിട്ടും ഉദ്യോഗാര്‍ത്ഥി.

അന്നു ഷൈനി വായിച്ച ഒരു പത്രപ്പരസ്യത്തില്‍ നിന്ന് ഒരു ധീരനൂതനസംരംഭം ഉയര്‍ന്നു. വരാപ്പുഴയിലെ ചാവറ എന്റര്‍പ്രൈസസ്. ഒരു ചെറിയ സംരംഭം. അഞ്ചു ലക്ഷം പ്രവര്‍ത്തന മൂലധനം. അതില്‍ മൂന്നു ലക്ഷവും വായ്പ. 14 തയ്യല്‍ യന്ത്രങ്ങള്‍. ഒരു കട്ടിംഗ് യന്ത്രം. 17 ജോലിക്കാര്‍. എല്ലാവരും സ്ത്രീകള്‍. കുറഞ്ഞ കൂലിക്കു കിട്ടുന്ന അയല്‍സംസ്ഥാന തൊഴിലാളികളല്ല. വരാപ്പുഴക്കാര്‍. സ്ഥാപനം ഷൈനിയുടെ വീടിനു മുകളില്‍. വരാപ്പുഴയിലെ ഈ പെണ്ണുങ്ങള്‍ ചെയ്യുന്നത് രാജ്യാന്തരമാനദണ്ഡങ്ങള്‍ പിന്‍തുടരേണ്ട ഒരു സുസൂക്ഷ്മദൗത്യമാണ് ശസ്ത്രക്രിയ കുപ്പായങ്ങളുടെ നിര്‍മ്മാണം.

വൈദ്യശാസ്ത്രപരമായ കൃത്യത, പരീക്ഷണശാലാ ശൈലിയിലുള്ള ശുചിത്വം, ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളുടെ നിലവാരം ഒക്കെ പുലര്‍ത്തേണ്ട ജോലി. അവിടെയാണ് ഈ സ്ത്രീ കൂട്ടായ്മയുടെ രണ്ടു വര്‍ഷത്തെ സാന്നിദ്ധ്യം. ആകാശനീലിമയാര്‍ന്ന ഗൗണുകളുടെ ഓരോ നിര്‍മ്മാണ ഘട്ടത്തിലും ഷൈനിയുടെ മേല്‍നോട്ടമുണ്ട്. ഓരോ ഗൗണും ഒരു ജീവന്‍ രക്ഷിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് ഈ പെണ്‍സംഘം ഒരുക്കുന്നത്.

അവരുടെ മികവിനെ ഗൗണുകള്‍ വിതരണം ചെയ്യുന്ന കെയര്‍ ഓണും ഉപയോഗിക്കുന്ന ആശുപത്രികളും സാക്ഷ്യപ്പെടുത്തുന്നു. അത് മലയാളിപ്പെണ്ണിന്റെ വൃത്തിക്കും വെടിപ്പിനും വൈദഗ്ദ്ധ്യത്തിനും സമര്‍പ്പണത്തിനും കൈപ്പുണ്യത്തിനും കൂടിയുള്ള സത്യസാക്ഷ്യമാണ്. ഷൈനിയുടെയും കൂടെയുള്ള സ്ത്രീസംഘത്തിന്റെയും വിജയത്തിനു പിന്നില്‍ ഒരു മാതൃകയുണ്ട.് രാജ്യാന്തര നിലവാരമാര്‍ജിക്കാന്‍ നമ്മുടെ നാട്ടിലെ ഏതൊരു ചെറുസംഘത്തിനും കഴിയുമെന്ന ഓര്‍മ്മിപ്പിക്കലിന്റെ മാതൃക.

പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുമായി കെ ബിന്ദു

IMG_2324

ചിതലിയിലെ ഒരു വീട്ടമ്മ നാല്പതാം വയസ്സില്‍ മനഃപ്രയാസത്തിലായി. ആരോഗ്യപ്രശ്‌നം മൂലം മര്‍ച്ചന്റ് നേവി വിട്ട് ഭര്‍ത്താവ് തുടങ്ങിയ വ്യവസായം പൂട്ടിയപ്പോള്‍ ഏകാകിയുമായി. മകള്‍ ആയുര്‍വേദം പഠിക്കാന്‍ വീടുവിട്ടപ്പോള്‍ ‘എനിക്കൊരു ജോലി വേണം’ എന്നായിരുന്നു ബിന്ദു തീരുമാനിച്ചത്. ആ തീരുമാനമാണ് രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ ഇങ്ങനെ പൊന്തിവന്നത്. ബാക്കി ബിന്ദു കൂട്ടിച്ചേര്‍ക്കും.

എന്തെങ്കിലും ചെയ്യണമെന്ന് താന്‍ തീരുമാനിക്കുമ്പോള്‍ ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ ഇറങ്ങിയിട്ടില്ല. മഞ്ജുവിന്റെ നിരുപമ മലയാളിപ്പെണ്ണിനോട് മിണ്ടിയിട്ടില്ല. മൂന്നു കൂട്ടുകാരെക്കിട്ടി. മൂവരും പെണ്ണുങ്ങള്‍. എങ്കിലെന്ത്, തുടക്കംതന്നെ ‘മെഗാ സ്‌കെയി’ലില്‍. ഏറ്റെടുത്തത് വന്‍ ഭാരം. ഒരു കൊല്ലമായിട്ടും ബ്രേക്ക് ഈവണ്‍ ആയിട്ടില്ല. പക്ഷേ, രണ്ടു കൊല്ലം കൂടിക്കഴിഞ്ഞാല്‍ വിജയം ഞങ്ങളുടേത് എന്ന് ഈ പെണ്‍കരുത്ത്. ബിന്ദുവിന്നു തിരക്കിലാണ്. രാവിലെ എട്ടു മുതല്‍ രാത്രി ഏഴുവരെ ഓഫീസില്‍. ശരിക്കും ഒരു പെണ്‍കൂട്ടായ്മയുടെ പെണ്‍നേതാവായി.

മുപ്പതോളം സ്ത്രീകളുടെ സ്വാശ്രയത്വത്തിന്റെ പ്രതീകമാണ് ഇന്ന് ഈ കൂട്ടായ്മ. തേങ്ങാപ്പൊടി പലരും ഉല്പാദിപ്പിക്കുന്നുണ്ട്. തേങ്ങാച്ചീള് പലരും വില്‍ക്കുന്നുണ്ട്. പക്ഷേ, മഹാരാജാ ഇക്കോ പ്രൊഡക്ട്‌സിന്റെ ഉല്പന്നം അക്ഷരാര്‍ത്ഥത്തില്‍ മൂല്യവര്‍ദ്ധിതം മലയാളിപ്പെണ്ണിന്റെ മൂല്യബോധം കൂടി ഉള്‍ക്കൊണ്ടത് എന്ന അര്‍ത്ഥത്തിലാണ്. കേരളത്തിനു പുറത്തേയ്ക്ക് നാളികേരത്തിന്റെ നാട്ടുപെരുമ എത്തിച്ച ഈ വനിതാസംരംഭത്തിന് ഇനിയുമുണ്ട് സ്വപ്നങ്ങള്‍. ഉടന്‍ലക്ഷ്യങ്ങള്‍ രണ്ട്. ഒന്ന് – കന്നിവെളിച്ചെണ്ണ. രണ്ട് – വിദേശക്കയറ്റുമതി.

അടുക്കളയില്‍ മാത്രമായി ജീവിക്കില്ല എന്ന ഒരു പ്രീഡിഗ്രിക്കാരിയുടെ നാല്പതാം വയസ്സിലെ തീരുമാനത്തിന്റെ നീക്കിബാക്കി. ബിന്ദു എന്നാല്‍ നമുക്കു സങ്കല്പിക്കാനാവുന്ന ഏറ്റവും ചെറിയ ഇടം. ബിന്ദുവില്‍ നിന്നാണ് അണ്ഡകടാഹത്തിന്റെ പോലും തുടക്കം. ബിന്ദു എന്നത് ഇന്ന് ഒരു വലിയ പെണ്‍തുടക്കത്തിന്റെ ചുരുക്കപ്പേരു കൂടിയാണ്.

ഫാഷന്‍ ഡിസൈനറില്‍ അമ്മൂമ്മത്തിരിയുടെ പുണ്യവുമായി ലക്ഷ്മി എന്‍ മേനോന്‍

IMG_2359
ജീവിതവിജയം പലരെയും പലതരത്തില്‍ മാറ്റിത്തീര്‍ക്കും. ചിലരെങ്കിലും അത് കൂടുതല്‍ എളിമയും അനുതാപവും സൃഷ്ടിക്കും. കുടുംബത്തില്‍ നിന്ന് കിട്ടിയ അനുതാപത്തിന്റെ വഴി ലക്ഷ്മി എന്‍ മേനോന്‍ പിന്തുടര്‍ന്നപ്പോഴാണ് അമ്മൂമ്മത്തിരി എന്ന മാതൃകാ സംരംഭം പിറന്നത്. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി ലക്ഷ്മി ഡിസൈനര്‍ ആയിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒരു പതിറ്റാമ്ട് ഗ്യാലറി ആര്‍ടിസ്റ്റായി ജോലി ചെയ്തു ലക്ഷ്മി. പക്ഷേ മുപ്പത്തിയാറാം വയസില്‍ ലക്ഷ്മി ആര്‍ഭാടങ്ങളുടെയും അവസരങ്ങളുടെയും അമേരിക്ക വിട്ട് നാട്ടിലെത്തി. നാട്ടിലും ഡിസൈനിംഗ് തുടര്‍ന്നു. ആ രംഗത്ത് മികച്ച പ്രഫഷണല്‍ സാന്നിധ്യമായി മാറി.

ഒപ്പം മറ്റൊന്നു കൂടി ചെയ്തു. ഒരുപക്ഷേ ഫാഷന്റെയും ലൈഫ് സ്റ്റൈലിന്റെയും ലോകം വിലമതിക്കാത്ത ഒരു കാര്യം. വിളക്കുതിരി നിര്‍മ്മിക്കുന്ന ഒരു ചെറുസംരംഭത്തിന്റെ സമാരംഭം. സാമൂഹിക സേവന താല്‍പര്യമുള്ള പിതാവിന്റെയും സഹോദരന്റെയും മാതൃക ലക്ഷ്മിയുടെ ഉള്ളില്‍ ഉണ്ടായിരുന്നു. ഒപ്പം സ്വന്തം അമ്മൂമ്മയ്ക്ക് വിളക്ക് തിരി തിരിക്കുമ്പോള്‍ കിട്ടുന്ന ശാന്തിയും സമാധാനവും പ്രചോദനമായി. അതുകൊണ്ടുതന്നെ ലക്ഷ്മി തന്റെ സംരംഭത്തിന് അമ്മൂമ്മത്തിരി എന്ന് പേരിട്ടു. അമ്മൂമ്മമാരെ വിളക്കുതിരി തെറുപ്പുകാരാക്കി. തിരിയുല്‍പാദകരെ വൃദ്ധസദനങ്ങളില്‍നിന്ന് കണ്ടെടുത്തു. അമ്മൂമ്മത്തിരിയുടെ ഒരുവിളക്കുതിരി ദൈവസന്നിധിയുടെ വെളിച്ചമാകുമ്പോള്‍ ഏതോ വൃദ്ധസദനത്തില്‍ ഒരമ്മൂമ്മയുടെ കരിന്തിരി കത്തുമായിരുന്ന ജീവിതത്തിരിയും വെളിച്ചം ചൂടി.

അമ്മൂമ്മത്തിരി കണ്ണില്‍പ്പെട്ടപ്പോള്‍ ആ സംരംഭത്തിന്റെ ചരിത്രവും ദൗത്യവും അറിഞ്ഞപ്പോള്‍ നടന്‍ മോഹന്‍ലാല്‍ വികാരഭരിതനായി. രണ്ടു കൊല്ലം കഴിയുന്നു. ഇപ്പോള്‍ മുപ്പത് നിരാംലംബ വാര്‍ദ്ധക്യങ്ങള്‍ക്ക് അമ്മൂമ്മത്തിരി കര്‍മ്മവും സാന്ത്വനവും. ഒരു കൂടിന് അഞ്ച് രൂപ വിലയുള്ള ആ എളിയ ഉല്‍പ്പന്നം കൊണ്ട് ഒരുലക്ഷം രൂപയുടെ വരെ വിറ്റുവരവ് ഈ സംരംഭം സൃഷ്ടിക്കുന്നു.

ലാഭം തിരിയുല്‍പാദകരായ അമ്മൂമ്മമാരിലേയ്ക്ക് തന്നെ തിരികെ എത്തുന്നു. ഇത് നിറപ്പകിട്ടുള്ള ലോകവും ജീവിതവും സ്വന്തമായ ഒരുയുവതി സ്വന്തം മനുഷ്യത്വത്തിന്റെ ചോദ്യത്തിന് നല്‍കുന്നഉത്തരം. ഒട്ടേറെ സാമൂഹിക സന്ദേശങ്ങള്‍ ഉള്ള മുഴങ്ങുന്ന ഉത്തരത്തിന്റെ പേരാണ് ലക്ഷ്മി എന്‍ മേനോന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here