തിരുപ്പതി: ക്ഷേത്രത്തില്‍ പൂജാരിയാകാന്‍ ബ്രാഹ്മണര്‍ക്കു മാത്രമാണോ അവകാശമെന്ന ചോദ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. അബ്രാഹ്മണര്‍ പൂജാരിയായാല്‍ എന്താണു കുഴപ്പമെന്നും ഏറെക്കാലമായി ചര്‍ച്ചയായ കാര്യമാണ്. ഇക്കാര്യത്തില്‍ വിപ്ലവകരമായ മാറ്റത്തിലേക്കു ചുവടുവയ്ക്കുകയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം. ബ്രാഹ്ണമരല്ലാത്ത സമൂദായങ്ങളില്‍നിന്നുള്ള യുവാക്കള്‍ക്കു പൂജാദികര്‍മങ്ങളില്‍ പരിശീലനം നല്‍കാനാണ് തിരുപ്പതി ക്ഷേത്രം ഭരണസമിതിയുടെ തീരുമാനം.
ദളിതര്‍ അടക്കം ഇരുനൂറോളം യുവാക്കളാണ് ടിടിഡിയുടെ പരിശീലനത്തില്‍ പങ്കെടുക്കുക. പശ്ചിമ ഗോദാവരി, ചിത്തൂര്‍ ജില്ലകളില്‍നിന്നുള്ളവരെയാണ് പരിശീലനത്തിന് തെരഞ്ഞെടുക്കുക. ആദ്യമായാണ് ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രം ദളിതര്‍ക്കും പിന്നാക്കവിഭാഗക്കാര്‍ക്കും താന്ത്രികവിദ്യയില്‍ പരിശീലനം നല്‍കുന്നത്. നേരത്തേ, ഗോത്രവിഭാഗങ്ങളില്‍പെടുന്നവര്‍ക്കു ക്ഷേത്രാചാരങ്ങളില്‍ ടിടിഡി പരിശീലനം നല്‍കിയിട്ടുണ്ടെങ്കിലും ക്ഷേത്രത്തിലെ പൗരോഹിത്യ കാര്യങ്ങളില്‍ പൂര്‍ണമായ പരിശീലനം ഇതാദ്യമാണ്.
ഉള്‍നാടുകളിലും പിന്നാക്കവിഭാഗക്കാരും പാര്‍ക്കുന്ന ഇടങ്ങളില്‍ കൂടുതല്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കാനും ടിടിഡി പദ്ധതിയിടുന്നുണ്ട്. ഈ ക്ഷേത്രങ്ങളുടെ നിര്‍മാണം കഴിയുന്ന മുറയ്ക്കു പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു പൂജാരിമാരായി നിയമനം നല്‍കുമെന്നു ആന്ധ്രാ ധര്‍മസ്ഥാപന വകുപ്പുമന്ത്രി പി മാണിക്യാല റാവു പറഞ്ഞു.
പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്കു വിവാഹമുഹൂര്‍ത്തം നിശ്ചയിക്കാനും വിവാഹച്ചടങ്ങുകളില്‍ കാര്‍മികരാകാനും സാധിക്കും. വിഗ്രഹാരാധനയിലെ ചെയ്യാവുന്ന കാര്യങ്ങളും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളും, വേദവിഭാഗങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന പൂജാദി കര്‍മങ്ങള്‍ എന്നിവയും പരിശീലിപ്പിക്കും. പരിശീനത്തില്‍ ഏര്‍പ്പെടുന്നവര്‍ സൂര്യോദയത്തിന് മുമ്പ് എഴുനേല്‍ക്കേണ്ടിവരും. യോഗ അഭ്യസിക്കുകയും മന്ത്രോച്ചാരണങ്ങള്‍ ഹൃദിസ്ഥമാക്കുകയും വേണം. ഇതിനു ശേഷമായിരിക്കും പരിശീലന ക്ലാസുകള്‍ ആരംഭിക്കുക. അതേസമയം, പരിശീലനം പൂര്‍ത്തിയാക്കുന്നവരെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ നിയമിക്കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Get real time update about this post categories directly on your device, subscribe now.
Discussion about this post