ദില്ലി: രാജ്യത്ത് പെട്രോളിനും ടെലകോം മേഖലയ്ക്കും എക്‌സൈസ് സെസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. സ്വച്ഛഭാരത് പദ്ധതി നടത്തിപ്പിന് പണം കണ്ടെത്തുന്നതിനാണ് വിവിധ മേഖലകളില്‍ നിന്ന് എക്‌സൈസ് തീരുവ ഈടാക്കാന്‍ നിര്‍ദേശിച്ചത്. നിതി ആയോഗിന്റെ മുഖ്യമന്ത്രിതല ഉപസമിതി ഇത് സംബന്ധിച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് നല്‍കി.
ടെലകോം, പെട്രോള്‍ മേഖലകള്‍ക്ക് പുറമെ ഇരുമ്പയിര്, ധാതു – ഖനി വ്യവസായങ്ങള്‍ എന്നിവയില്‍ നിന്നും എക്‌സൈസ് തീരുവ ഈടാക്കണം. ഇതുവഴി പദ്ധതി നടത്തിപ്പിന് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പണം കണ്ടെത്താമെന്നാണ് ഉപസമിതിയുടെ പ്രതീക്ഷയെന്ന് നിതി ആയോഗ് മുഖ്യമന്ത്രിതല ഉപസമിതി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. ശുപാര്‍ശ തയ്യാറാക്കി പത്ത് ദിവസത്തിനകം പ്രധാനമന്ത്രിക്ക് നല്‍കും.
ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് എക്‌സൈസ് തീരുവ ഏര്‍പ്പെടുത്താനുള്ള നീക്കം. ശുപാര്‍ശ അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ മുക്കാല്‍ പങ്കും സംസ്ഥാനങ്ങള്‍ കാല്‍ഭാഗവും വിഹിതം നല്‍കേണ്ടിവരും. മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം, കമ്പോസ്റ്റ് പദ്ധതികള്‍ക്ക് പ്രത്യക താരിഫ് ഏര്‍പ്പെടുത്തി നികുതി ഇളവ് നല്‍കണമെന്നും ഉപസമിതി ആവശ്യപ്പെടും.
ഖര – മാലിന്യ സംസ്‌കരണത്തിന് പൊതു – സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഇത്തരം പദ്ധതികള്‍ക്ക് സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കണമെന്നും ഉപസമിതി ശുപാര്‍ശ ചെയ്യും. സ്വച്ഛ്ഭാരത് പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിന് വാര്‍ഷികാഘോഷങ്ങള്‍ സംഗടിപ്പിക്കണം. സ്വച്ഛ്ഭാരത് മിഷന്റെ ഭാഗമായി ജില്ലകള്‍ക്കും സംസ്ഥാനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രിതല ഉപസമിതി ശുപാര്‍ശ നല്‍കും.
സ്വച്ഛ് ഭാരത് പദ്ധതി വേണ്ടത്ര വിജയിച്ചില്ലെന്ന് വ്യക്തമാക്കുന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. അടിസ്ഥാന ക്രമീകരണങ്ങള്‍ പോലും ഇല്ലാതെ പദ്ധതി ആരംഭിച്ചത് പരാജയപ്പെടാന്‍ ഇടയാക്കിയെന്നും ആക്ഷേപമുയര്‍ന്നു. ഇതിന് പിന്നാലെയാണ് സ്വച്ഛ്ഭാരതിന് പണം കണ്ടെത്താന്‍ എക്‌സൈസ് തീരുവ ഏര്‍പ്പെടുത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here