കണ്ണൂർ: ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുള്ള സർക്കാർ ഉത്തരവ് രേഖ മൂലം ലഭിക്കും വരെ സമരം തുടരുമെന്ന നിലപാടിലുറച്ച് ആറളം തോട്ടം തൊഴിലാളികൾ. ഇതോടെ സമരം നാലാം ദിവസത്തിലേക്ക് കടന്നു. അതേസമയം, തൊഴിലാളികളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് ഐഎൻടിയുസി സമരത്തിൽ നിന്നും പിൻവാങ്ങി.
ശമ്പള പരിഷ്‌കരണം, ബോണസ് വർധനവ് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആറളം ഫാമിൽ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സംയുക്ത സമരസമിതി അനിശ്ചിതകാല സമരം തുടങ്ങിയത്. സമരക്കാരുടെ ആവശ്യങ്ങളെല്ലാം സർക്കാർ അംഗീകരിച്ചതോടെ സമരം പിൻവലിക്കാനുള്ള ഒരുക്കത്തിലായിരുന്നു സമരസമിതി. എന്നാൽ പ്രഖ്യാപനം സംബന്ധിച്ച് രേഖാമൂലം ഉറപ്പ് ലഭിക്കാതെ സമരത്തിൽ നിന്നും പിൻവാങ്ങില്ലെന്ന് ഒരു വിഭാഗം തൊഴിലാളികൾ തീരുമാനിക്കുകയായിരുന്നു.
സൂര്യനെല്ലി ഹാരിസൺ പ്ലാന്റേഷനിലെ തൊഴിലാളികളുടെ സമരം 11-ാം ദിനത്തിലേക്ക് കടന്നു. കൂലിയും ബോണസും വർധിപ്പിക്കണമെന്ന തൊഴിലാളികളുടെ ആവശ്യത്തെ അവഗണിക്കുന്ന കമ്പനി മാനേജ്‌മെന്റിന്റെ നടപടിയിൽ വൻപ്രതിഷേധമാണ് ഉയരുന്നത്. സൂര്യനെല്ലി, പന്നിയാർ, ലാക്കാട് എന്നിവിടങ്ങളിൽ സമരം ശക്തമായി തുടരുന്നു. സൂര്യനെല്ലിയിൽ ഫാക്ടറി ഓഫീസ് ഉപരോധം പതിനൊന്നാം ദിനത്തിലേക്ക് കടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here