മെറിന് പണിയായത് പക്വതക്കുറവോ? സോഷ്യല്‍മീഡിയയുടെ പ്രിയ ഐപിഎസുകാരിക്ക് ഇനി മൂന്നാറില്‍ താരമാകാം

സോഷ്യല്‍മീഡിയയാണ് മെറിന്‍ ജോസഫിനെ കേരളത്തിനു പരിചയപ്പെടുത്തിയത്. സിവില്‍ സര്‍വീസ് കിട്ടി പൊലീസ് അക്കാദമിയില്‍ പരിശീലനനത്തില്‍ ഇരിക്കുമ്പോള്‍തന്നെ മെറിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാക്കിയാണ് സോഷ്യല്‍മീഡിയ ആഘോഷിച്ചത്. പൊലീസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ ആഘോഷിക്കപ്പെടുന്ന സോഷ്യല്‍മീഡിയയില്‍ മെറിന്‍ ജോസഫിന്റെ സൗന്ദര്യംകൂടി കൂടിയായപ്പോള്‍ ഫേസ്ബുക്കിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ഒടുവില്‍ താന്‍ പരിശീലനത്തിലാണെന്നും നിയമനമായിട്ടില്ലെന്നും മെറിന്‍തന്നെ സോഷ്യല്‍ മീഡിയയെ അറിയിക്കുകയായിരുന്നു. വിവാദങ്ങള്‍ നിറഞ്ഞ രണ്ടു വര്‍ഷത്തിനു ശേഷം ഇനി മെറിന്‍ മൂന്നാറിലേക്കു പോകും. സമരതീക്ഷ്ണമായ മൂന്നാറില്‍ എഎസ്പി റാങ്കിലെത്തുന്ന മെറിന് കിട്ടുന്നതാകട്ടെ സേനയിലെ വിമര്‍ശകര്‍ക്കു മറുപടി നല്‍കാനുള്ള അവസരവും. നിലവിലെ മൂന്നാറിലെ സാഹചര്യത്തില്‍ പൊലീസിനുള്ള നല്ല പേരും സ്ത്രീയെന്ന അനുകൂല സാഹചര്യവും മെറിനു തുണയാവുകയും ചെയ്യും.

2013 ബാച്ചിലാണ് ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ദേശീയ പൊലീസ് അക്കാദമിയില്‍നിന്നു മെറിന്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. കേരള കേഡര്‍ തന്നെ ലഭിച്ച മെറിന് ആദ്യ നിയമനം എറണാകുളത്തുതന്നെയായിരുന്നു. കൊച്ചി സിറ്റി പൊലീസ് ജില്ലയിലാണ് സോഷ്യല്‍മീഡിയ ഇല്ലാത്ത നിയമനം നല്‍കിയതെങ്കില്‍ യഥാര്‍ഥത്തില്‍ പോസ്റ്റിംഗ് എറണാകുളം റൂറല്‍ പൊലീസ് ജില്ലയിലായിരുന്നു. ആലുവ ആസ്ഥാനമായി എഎസ്പി റാങ്കില്‍.

നിയമനം കിട്ടിക്കഴിഞ്ഞിട്ടും മെറിന്‍ ജോസഫ് വിവാദങ്ങളില്‍ നിറഞ്ഞുനിന്നു. സിനിമാതാരത്തെ വെല്ലുന്ന സൗന്ദര്യവുമായി മെറിന്‍ ജോസഫ് എറണാകുളം എഎസ്പിയാകുന്നു എന്ന രീതിയില്‍ വരെ വിശേഷിപ്പിക്കുകയുണ്ടായി. താരമായി നിറഞ്ഞനിന്നതുതന്നെയാണ് മെറിന് അടുത്ത വിനയായത്. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ആദരിക്കാന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നടന്‍ നിവിന്‍ പോളിക്കൊപ്പം പോസ് ചെയ്യുകയും ഹൈബി ഈഡന്‍ എംഎല്‍എയെക്കൊണ്ടു ചിത്രമെടുപ്പിക്കുകയും ചെയ്തതാണ് വിവാദമായത്.

ഒരു പൊലീസ് ഓഫീസറുടെ പക്വതയ്ക്കു ചേര്‍ന്നതല്ലെന്നായിരുന്നു മെറിന്റെ ഫോട്ടെയെക്കുറിച്ചുള്ള വിലയിരുത്തല്‍. സോഷ്യല്‍മീഡിയ കാര്യമായ ചര്‍ച്ച ചെയ്ത വിഷയത്തിലും അവസാനം മെറിന്‍ വിശദീകരണവുമായെത്തി. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും ചില ചാനലുകള്‍ വാര്‍ത്തയാക്കി തന്നെ വിവാദത്തില്‍ അകപ്പെടുത്തുകയാണെന്നുമായിരുന്നു മെറിന്റെ വാദം. അതേസമയം, മെറിന്റെ വിശദീകരണം തേടിയ പൊലീസ് ആസ്ഥാനം വിവാദം അവിടെ അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍, പല കോണില്‍നിന്നും മെറിനെ മാറ്റണമെന്ന സമ്മര്‍ദം പൊലീസ് ആസ്ഥാനത്തുണ്ടായിരുന്നെന്നാണ് സൂചന.

നാളുകള്‍ക്കു ശേഷം ഹൈബി ഈഡന്‍ എംഎല്‍എ സംഘടിപ്പിച്ച ഒരു അവാര്‍ഡ്ദാനച്ചടങ്ങില്‍ ആഭ്യന്തരമന്ത്രിയടക്കം പങ്കിട്ട വേദിയില്‍ യൂണിഫോമില്‍ കാലിന്‍മേല്‍ കാല്‍ കയറ്റി വച്ചിരിക്കുന്ന ചിത്രമാണ് മെറിനെ വിവാദത്തിലാക്കിയത്. അതും സോഷ്യല്‍മീഡിയയില്‍തന്നെയായിരുന്നു പ്രചരിച്ചത്. ആഭ്യന്തര മന്ത്രിയും പി എസ് സി ചെയര്‍മാനും അടക്കമുള്ളവര്‍ പങ്കെടുത്ത വേദിയില്‍ ഐപിഎസ് ട്രെയിനിയായ ഒരാള്‍ കാലിന്‍മേല്‍ കാല്‍ കയറ്റിവയ്ക്കരുതെന്നു പഠിപ്പിച്ചുകൊണ്ടായിരുന്നു സോഷ്യല്‍മീഡിയയുടെ വരവ്. പ്രോട്ടോക്കോള്‍ ലംഘനമല്ലാത്ത ഒരു കാര്യം ചെയ്തതിന്റെ പേരില്‍ മെറിനെ വിമര്‍ശിച്ച സോഷ്യല്‍മീഡിയയുടെ ഇടപെടലിനെതിരേയും വിമര്‍ശനമുയര്‍ന്നിരുന്നു.

അതിനു ശേഷമാണ് എറണാകുളം റൂറലില്‍നിന്നു മെറിന് സ്ഥലം മാറ്റമുണ്ടായത്. അടിക്കടിയുള്ള വിവാദങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമാകുന്നതും നിരന്തരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നതുമാണ് മെറിനു ശത്രുക്കളെ ഉണ്ടാക്കിയതെന്നും സൂചനയുണ്ട്. വകുപ്പില്‍തന്നെ മെറിനു വലിയ തോതില്‍ വിമര്‍ശകരുണ്ടായിരുന്നു. പബ്ലിസിറ്റിയാണ് മെറിന് പ്രധാനമെന്നും ജോലിയുടെ കാര്യത്തില്‍ വീഴ്ചകളുണ്ടായിട്ടുണ്ടെന്നും സേനയ്ക്കുള്ളില്‍ വിമര്‍ശനമുണ്ട്.

എന്നാല്‍, താന്‍ തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നവളാണെന്നും താന്‍ ആസ്വദിച്ചുതന്നെയാണ് ജീവിക്കുന്നതെന്നും ജോലിയും ജീവിതവും വേറെയാണെന്നും വ്യക്തമാക്കുന്നതായിരുന്നു മെറിന്റെ നിലപാടുകള്‍. മലബാറിലേക്കു നടത്തിയ യാത്രകളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തായിരുന്നു മെറിന്റെ അടുത്തവരവ്. കുറഞ്ഞകാലം കൊണ്ടു എറണാകുളത്ത് സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞതാണ് മെറിനെതിരെ സേനയിലുള്ളവരെ തിരിച്ചതെന്നാണ് വിവരം.

 

Posted as Muvattupuzha ASP. Residents of Muvattupuzha (Ernakulam District) are free to approach me or my office for any…

Posted by Merin Joseph on Friday, September 11, 2015

അതിനിടയിലാണ്, മെറിനെ മൂവാറ്റുപുഴയിലേക്കു മാറ്റാന്‍ നീക്കം നടന്നത്. ഇതിനായി ഉത്തരവും നല്‍കിയെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. മൂവാറ്റുപുഴയില്‍ എഎസ്പിയായി പോവുകയാണെന്നും ജനങ്ങളുടെ സഹകരണം വേണമെന്നും ആവശ്യപ്പെട്ടു മെറിന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തു. എന്നാല്‍, മെറിന്‍ പൊങ്ങിയത് അനന്തപുരിയിലായിരുന്നു. തിരുവനന്തപുരം സിറ്റിയില്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ എഎസ്പിയായായിരുന്നു നിയമനം. ഇവിടെയും മെറിനെ വിവാദം വിട്ടില്ല.

MERIN NEW

മഴപെയ്യുമ്പോള്‍ പൊലീസുകാരനെക്കൊണ്ടു കുടപിടിപിച്ചതിനെതിരെ സോഷ്യല്‍മീഡിയ തിരിഞ്ഞതോടെ വീണ്ടും മെറിന്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു. തിരുവനന്തപുരം ഡിസിപി സഞ്ജയ് കുമാറും ഒപ്പമുണ്ടായിരുന്നു. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വിവാദമായതോടെ പൊലീസ് ചട്ടലംഘനമാണെന്നു വിലയിരുത്തലുണ്ടായി. അതിനു പിന്നാലെയാണ് മെറിന് മൂന്നാറിലേക്കു സ്ഥലം മാറ്റമായത്.

പൊലീസ് ഓഫീസറായിരിക്കാനുള്ള പക്വത മെറിന് ഇല്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍, വളരെ ജൂനിയറായ ഒരു വനിതാ ഓഫീസര്‍ ശ്രദ്ധേയയാകുന്നതില്‍ ചിലര്‍ക്കുള്ള എതിര്‍പ്പും മെറിനെതിരായ നീക്കങ്ങളുടെ പിന്നിലുണ്ടെന്നും സേനയിലെ സ്ത്രീവിരുദ്ധതയുടെ ഉദാഹരണമാണ് ഇത്തരത്തില്‍ മെറിനെ അടിക്കടി സ്ഥലംമാറ്റുന്നതെന്നും അരോപണമുണ്ട്. മെറിന് പക്വതക്കുറവാണെന്ന പൊലീസുകാര്‍ക്കിടയിലെ വിലയിരുത്തലിന്റെ കാരണം അതാണെന്നും ആക്ഷേപമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel