മിനാ ദുരന്തത്തില്‍ മരണം 717; 13 ഇന്ത്യക്കാരുടെ മരണം സ്ഥിരീകരിച്ചു; മരണസംഖ്യ ഉയരും

മക്ക: ഹജ് കര്‍മങ്ങളുടെ ഭാഗമായ ചെകുത്താനെ കല്ലെറിയല്‍ ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 717 ആയി. 863 പേര്‍ക്കു പരുക്കേറ്റതായാണ് വിവരം. 13 ഇന്ത്യക്കാരുടെ മരണവും സ്ഥിരീകരിച്ചു. മലയാളികള്‍ മരിച്ചവരിലുണ്ടോ എന്നു കണ്ടെത്താന്‍ സന്നദ്ധപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ അന്വേഷിക്കുന്നുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. കൊടുങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് മരിച്ചതായി ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മരണം അപകടത്തില്‍ അല്ല ഹൃദയാഘാതം മൂലമാണെന്നു ബന്ധുക്കള്‍ സ്ഥിരീകരിച്ചു.

മക്കയില്‍ ആശുപത്രികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഹാജിമാരുടെ ടെന്റിന് സമീപത്താണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മലയാളികള്‍ക്ക് പരുക്കില്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍. അപകടത്തെക്കുറിച്ച് അന്വഷിക്കാന്‍ സൗദി രാജാവ് ഉത്തരവിട്ടു. അപകടസ്ഥലത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിട്ടുണ്ട്. തിക്കും തിരക്കും മൂലം ദുരന്തം ഉണ്ടായെങ്കിലും ചെകുത്താനെ കല്ലെറിയല്‍ ചടങ്ങ് തടസപ്പെട്ടിട്ടില്ല.

204 സ്ട്രീറ്റിന് സമീപം ജംറ പാലത്തിലേക്ക് കടക്കുന്ന ഭാഗത്താണ് തിക്കും തിരക്കുമുണ്ടായത്. നാല് ആസ്പത്രികളിലായിട്ടാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മക്ക നഗരത്തിലെ ആസ്പത്രിയിലേക്ക് ഹെലിക്കോപ്ടര്‍ ഉപയോഗിച്ചും പരിക്കേറ്റവരെ എത്തിക്കുന്നുണ്ട്. ജംറയില്‍ കല്ലേറ് കര്‍മ്മത്തിനിടെ നാല് വര്‍ഷം മുമ്പുവരെ അപകടങ്ങള്‍ പതിവായിരുന്നു. കനത്ത സുരക്ഷാക്രമീകരണങ്ങളും ഓരോ രാജ്യക്കാര്‍ക്കുമായി കല്ലേറുകര്‍മ്മം നിര്‍വഹിക്കാന്‍ സമയം അനുവദിച്ചും തിരക്ക് നിയന്ത്രിച്ചതിനാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അപകടങ്ങള്‍ ഒഴിവാക്കാനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News