മിനായില്‍ വന്‍ ദുരന്തത്തില്‍ മരണം 717; മരിച്ചവരില്‍ 2 മലയാളികള്‍ ഉള്‍പ്പടെ 5 ഇന്ത്യക്കാരും; അന്വേഷണത്തിന് സൗദി രാജാവിന്റെ ഉത്തരവ്

Haj-stampede

മക്ക: മിനായില്‍ ഹജ്ജ് കര്‍മ്മത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 717 ആയി. അപകടത്തില്‍ മലയാളി ഉള്‍പ്പടെ 5 ഇന്ത്യക്കാര്‍ മരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മലപ്പുറം ചേലേമ്പ്ര ആശാരിപ്പടി സ്വദേശി അബ്ദുറഹ്മാന്‍ (51) ആണ് മരിച്ച മലയാളി. റിയാദില്‍ നിന്നാണ് അബ്ദുറഹ്മാന്‍ ഹജ്ജിന് പോയത്. ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ത്ഥാടകന്‍ ഷാജഹാന് പരുക്കേറ്റു. കോട്ടയം സ്വദേശികളായ രണ്ട് പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്.

മിനായിലെ ജദീദ് സ്ട്രീറ്റിന് അടുത്താണ് അപകടമുണ്ടായത്. സൗദി സമയം രാവിലെ 11 മണിയോടെയാണ് അപകടം. കലേറ് കര്‍മ്മം കഴിഞ്ഞ് മടങ്ങു്‌നനവരാണ് അപകടത്തില്‍പ്പെട്ടത്. തിക്കും തിരക്കും ഉണ്ടായതാണ് അപകട കാരണം. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ ഇതുവരെ 863 പേര്‍ക്ക് പരുക്കേറ്റു എന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ദുരന്തത്തെത്തുടര്‍ന്നു മക്കയിലെ ആശുപത്രികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി ഹാജിമാര്‍ക്കായി പ്രത്യേക ഹെല്‍പ്‌ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്. 00966125458000, 00966125496000 എന്നിവയാണ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍. സൗദി അറേബ്യയില്‍ ഇക്കൊല്ലം ഹജ്ജ് സീസണ്‍ ആരംഭിച്ച ശേഷം ഉണ്ടായ രണ്ടാമത്തെ ദുരന്തമാണിത്. ഈ മാസം 11ന് ക്രെയിന്‍ തകര്‍ന്ന് ഉണ്ടായ അപകടത്തില്‍ 118 പേരാണ് മരിച്ചത്. 394 പേര്‍ക്ക് പരുക്കേറ്റു. അന്ന് 2 മലയാളികളാണ് മരിച്ചത്.

ഝാര്‍ഖണ്ഡ് സ്വദേശിയായ സന്നദ്ധപ്രവര്‍ത്തകനും മിനായില്‍ മരിച്ചു. സൗദിയിലെ യാമ്പൂവില്‍ നിന്ന് എത്തിയ ഇന്ത്യന്‍ ഫ്രട്ടേണിറ്റി ഫോറം പ്രവര്‍ത്തകനായ റിയാസ് ഉള്‍ ഹഖ് മന്‍സൂരിയാണ് മിനായില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സംഭവത്തില്‍ സൗദി രാജാവ് അന്വേഷണത്തിന് ഉത്തരവിട്ടു. മക്ക ദുരന്തത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.

ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ കണ്ണൂര്‍ തലശ്ശേരി കണിയാങ്കണ്ടി സ്വദേശി അബൂബക്കര്‍ ഹാജിയും മരിച്ചു. അപകടത്തില്‍പ്പെട്ടാണോ മരണം എന്ന് സ്ഥിരീകരിച്ചിട്ടില്ല. 62 വയസായിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി മുഹമ്മദും മിനായില്‍ മരിച്ചു. ദേഹാസ്വാസ്ഥ്യമാണ് മുഹമ്മദിന്റെ മരണ കാരണം. ഇതോടെ സൗദിയില്‍ ഹജ്ജ് കര്‍മ്മത്തിനെത്തിയ മൂന്ന് പേരാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News