പോണ്‍ സൈറ്റുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനമാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി; പോര്‍ണോഗ്രഫി യുവതലമുറയെ വഴിതെറ്റിക്കുന്നുവെന്ന് വനിതാ അഭിഭാഷക സംഘടന

ദില്ലി: രാജ്യത്ത് പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സുപ്രീംകോടതിയിലെ വനിതാ അഭിഭാഷകരുടെ സംഘടനയായ സുപ്രീം കോര്‍ട്ട് വുമണ്‍ ലോയേഴ്‌സ് അസോസിയേഷനെ പ്രതിനിധീകരിച്ച് സെക്രട്ടറി പ്രേരണ കുമാരി ആണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി ഒക്ടോബര്‍ 13ന് പരിഗണിക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്എല്‍ ദത്തു അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

സമ്പൂര്‍ണ്ണ പോണ്‍സൈറ്റ് നിരോധനമാണ് എസ്‌സിഡബ്ല്യുഎല്‍എയുടെ ആവശ്യം. കുട്ടികളെ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്ന പോണ്‍ സൈറ്റുകളും നിരോധിക്കണം. ഇന്റര്‍നെറ്റിലൂടെ ഫയല്‍ ഷെയറിംഗ് വഴിയുള്ള പോണ്‍ വിതരണവും തടയണമെന്നും ഹര്‍ജിയിലില്‍ ആവശ്യപ്പെടുന്നു. വിക്കിപീഡിയ ലേഖനത്തിന്റെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് ഹര്‍ജി നല്‍കിയത്. പോര്‍ണോഗ്രഫിയുടെ സ്വാധീനം മൂലം യുവതലമുറ വഴിതെറ്റുന്നു. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ കൂടുന്നതിലേക്ക് പോര്‍ണോഗ്രഫി വഴിവെയ്ക്കുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്റര്‍നെറ്റ,് സിഡി, പോണ്‍ ക്ലിപ്പിംഗ്‌സ് എന്നിവ വഴി പോണ്‍ പ്രചരിക്കുന്നതാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ പ്രധാന കാരണം എന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു. പോര്‍ണോഗ്രഫി നിരോധനത്തിനായി കേന്ദ്രസര്‍ക്കാര്‍ ദേശീയനയം രൂപീകരിക്കണം. ചൈല്‍ഡ് പോണ്‍ നിരോധനത്തിനായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

രാജ്യത്തെ 857 പോണ്‍ സൈറ്റുകള്‍ നിരോധിച്ച് കഴിഞ്ഞ ജൂലൈ 31നാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിയമവിരുദ്ധ ഉള്ളടക്കമുള്ളവയെ നിരോധിക്കാന്‍ കഴിയുന്ന ഐടി ആക്ടിലെ 79(3)(ബി) വകുപ്പ് അനുസരിച്ചായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നടപടി. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് പോണ്‍ സൈറ്റ് നിരോധന നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറി. കേന്ദ്രസര്‍ക്കാരിനെതിരെ അഭിഭാഷകനായ കമലേഷ് വസ്വാനി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. രാജ്യത്ത് സമ്പൂര്‍ണ്ണ നിരോധനം പ്രയോഗികമല്ലെന്നാണ് ആദ്യ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ ചൈല്‍ഡ് പോണ്‍ നിരോധനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് ആണ് എടുത്തത്. അന്ന് സുപ്രീം കോടതിയും കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് യോജിച്ചു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയിലെ വനിതാ അഭിഭാഷകരും സമ്പൂര്‍ണ പോണ്‍ നിരോധനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here