കാലന്‍ കയറുമായി ജീവനെടുക്കാന്‍ നാടും നഗരവും കയറിയിറങ്ങുകയാണ് ദുരഭിമാനം. അതിര്‍ത്തിയും അതിര്‍വരമ്പുകളും ദുരഭിമാന കൊലപാതകങ്ങള്‍ക്കില്ല. ആരുഷി വധക്കേസ്, ഷീന ബോറ കൊലപാതകം എന്നൊക്കെ വിശേഷിപ്പിക്കുന്ന സമ്പന്ന വര്‍ഗങ്ങള്‍ക്കിടയിലെ കൊലപാതകങ്ങളിലും ബദുവയില്‍ താഴേക്കിടയിലുളള ദളിത് സഹോദരിമാര്‍ കൊല്ലപ്പെട്ടതിലും വരെ ദുരഭിമാനത്തിന്റെ പങ്ക് വളരെ വ്യക്തമാണ്. പക്ഷേ അന്യജാതിക്കാരനെ വിവാഹം കഴിച്ചതിന്റെ പേരില്‍ അല്ലെങ്കില്‍ പ്രണയിച്ചതിന്റെ പേരിലാണ് രാജ്യത്ത് ഭുരിപക്ഷ ദുരഭിമാന കൊലപാതകങ്ങളും നടന്നത്.
ദുരഭിമാന കൊലപാതകത്തിന്റെ ഏറ്റവും പുതിയ വാര്‍ത്ത തമിഴ്‌നാട്ടില്‍ നിന്നാണ്. അന്യജാതിക്കാരനെ പ്രണയിച്ച കുറ്റത്തിന് ഗ്രാമമുഖ്യന്‍ കൂടിയായ മുത്തച്ഛന്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. ആണ്ടിപ്പാളയത്തെ കാട്ടുമണ്ണാര്‍ കോവിലിലെ ഒരു സ്വകാര്യ കോളേജില്‍ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിനിയായ രമണീദേവിയാണ് കൊല്ലപ്പെട്ടത്. സഹപാഠിയോടൊത്ത് പെണ്‍കുട്ടി വീടുവിട്ടെങ്കിലും പൊലീസ് പെണ്‍കുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. എന്നാല്‍ പ്രണയത്തില്‍ത്തില്‍നിന്ന് പിന്‍മാറില്ലെന്ന് പെണ്‍കുട്ടി ഉറപ്പിച്ച് പറഞ്ഞതോടെ മുത്തച്ഛനായ വീരസ്വാമി പെണ്‍കുട്ടിയുടെ കഴുത്തറുത്തു.
ദുരഭിമാനം വില്ലനാകുന്ന സംഭവങ്ങളില്‍ കേരളവും ഒട്ടും പിന്നില്ല. ഉയര്‍ന്ന സമുദായത്തില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ മൂന്നാര്‍ മാട്ടുപ്പെട്ടി പഞ്ചായത്തിലെ ആനന്ദരാജിന്റെ മകള്‍ ഗീതയ്ക്കാണ് പീഡനമേറ്റത്. ശരീരമാസകലം പൊളളലേറ്റ യുവതി കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിന്റെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നു നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നെന്ന് യുവതി മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. പൊളളലേറ്റ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഗീതയുടെ പിതാവ് ആനന്ദരാജ് പൊലീസില്‍ പരാതിയും നല്‍കി.
കേരളത്തിന് പുറത്തുണ്ടാകുന്ന പ്രണയ വിവാഹം ഒളിച്ചോട്ടം തുടങ്ങിയ പരാതികളില്‍ നാട്ടുക്കൂട്ടം വിധിക്കുന്ന അപരിഷ്‌കൃത ശിക്ഷകളും ഏറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. യുപിയിലെ ബഗ്പത് ഗ്രാമനിവാസികളായ സഹോദരിമാര്‍ നാട്ടുകൂട്ടത്തിന്റെ ഭീഷണിയെ തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചത് ഒരുമാസം മുമ്പാണ്. ഇവരുടെ സഹോദരന്‍ ഉന്നത കുലത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിലാണ് നാട്ടുകൂട്ടം വിചിത്ര ശിക്ഷയ്ക്ക് ഉത്തരവിട്ടത്. സഹോദരിമാരെ ബലാല്‍സംഗം ചെയ്ത് നഗ്‌നരാക്കി മുഖം കരിഓയിലൊഴിച്ച് നടത്തിക്കാനായിരുന്നു ഉത്തരവ്.
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുളള സംഘടനകള്‍ ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടുന്നുണ്ടെങ്കിലും ദുരഭിമാന കൊലപാതകങ്ങളും പീഡനങ്ങളും വര്‍ദ്ധിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രണയത്തിന് കണ്ണും മൂക്കും ഇല്ലാത്ത കാലത്തോളം ഇത്തരം പ്രണയ വിവാഹങ്ങളും ഒളിച്ചോട്ടങ്ങളും തുടരും. എന്നാല്‍ അതിനെ കത്തികൊണ്ട് എതിര്‍ക്കുന്നവരേയും ദുരഭിമാനത്തിന്റെ പേരില്‍ ശിക്ഷ വിധിക്കുന്നവരേയും നിയന്ത്രിച്ചേ തീരൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here