കന്യാസത്രീയുടെ കൊലപാതകം; സതീഷ് ബാബു കുറ്റം സമ്മതിച്ചു

ദില്ലി: പാലാ ലിസ്യൂ കർമലീത്താ മഠത്തിലെ സിസ്റ്റർ അമലയെ കൊലപ്പെടുത്തിയത് താൻ തന്നെയാണെന്ന് സതീഷ് ബാബു സമ്മതിച്ചതായി പൊലീസ്. വിശദമായി ചോദ്യം ചെയ്യലിൽ മാത്രമേ കൊലപാതക കാരണം വ്യക്തമാകൂവെന്ന് അന്വേഷണസംഘം അറിയിച്ചു.

ഹരിദ്വാറിലെ അയ്യപ്പ ട്രസ്റ്റിന്റെ ആശ്രമത്തിൽ നിന്ന് പിടികൂടിയെ പ്രതിയെ റാണിപൂർ സ്‌റ്റേഷനിലാണ് കസ്റ്റഡിയിൽ വച്ചിരുന്നത്. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള നാലംഗ അന്വേഷണ സംഘമാണ് ഇന്ന് രാവിലെയോടെ റാണിപ്പൂർ സ്റ്റേഷനിലെത്തി പ്രതിയെ തിരിച്ചറിഞ്ഞത്.

ബക്രീദ് ആയതിനാൽ ഇന്ന് കോടതി അവധിയാണ്. അതിനാൽ ഇയാളെ ഇന്ന് മജിസ്‌ട്രേറ്റിന്റെ വസതിയിൽ എത്തിച്ച് ട്രാൻസിറ്റ് ഓർഡർ തേടും. മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കുന്ന പ്രതിയെ ആശ്രമത്തിൽ എത്തിച്ച് തെളിവെടുക്കും. ആശ്രമ നിവാസികളുടെ മൊഴിയും രേഖപ്പെടുത്തും. തുടർന്ന് ദില്ലിയിൽ നിന്ന് വിമാന മാർഗം കൊച്ചിയിൽ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു.

പഴ്‌സ് കളവുപോയെന്നു പറഞ്ഞ് രണ്ടു ദിവസം മുൻപാണ് ഇയാൾ ആശ്രമത്തിലെത്തിയത്. ഇയാളെ സംബന്ധിച്ച വിവരങ്ങൾക്ക് ആശ്രമം അധികൃതർ സതീഷ് ബാബുവിന്റെ സഹോദരന് മൊബൈൽ വഴി സന്ദേശം അയച്ചിരുന്നു. പ്രതിയുടെ അടുത്ത ബന്ധുക്കളുടെ മൊബൈൽ ഫോണുകൾ അന്വേഷണസംഘം നിരീക്ഷിച്ചു വരികയായിരുന്നു. അങ്ങനെയാണ് കേരള പോലീസിനു ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് സംഘം പ്രതിയുടെ ചിത്രങ്ങൾ ആശ്രമത്തിലേക്ക് അയച്ചു കൊടുത്തു. ചിത്രം പരിശോധിച്ച് സതീഷ് ബാബുവാണെന്ന് വ്യക്തമായ ശേഷമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഈ മാസം 17നാണ് 69കാരിയായ സിസ്റ്റർ അമലയെ മഠത്തിനുള്ളിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൺവെട്ടികൊണ്ടുളള അടിയേറ്റാണ് അമല കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തലയ്ക്ക് പിന്നിൽ കട്ടിയുള്ള വസ്തുകൊണ്ട് ശക്തമായ അടി കിട്ടിയിരുന്നെന്നും ഇതിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മഠത്തിലെ സ്‌റ്റെയർകെയ്‌സിന് അടിയിൽ നിന്ന് രക്തക്കറയോട് കൂടിയ മൺവെട്ടി പൊലീസ് കണ്ടെത്തിയിരിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News