സ്ത്രീ ജീവനക്കാരെ അപമാനിച്ച മന്ത്രിയുടെ പെരുമാറ്റത്തെക്കുറിച്ചു പരാതിപ്പെട്ട വനിതാ ഓഫീസര്‍ക്കു പണി പോയി; ഛത്തീസ്ഗഡ് ഇന്ത്യയില്‍തന്നെയല്ലേ?

റായ്പൂര്‍: യോഗത്തിനു വിളിച്ചുവരുത്തിയ സ്ത്രീ ജീവനക്കാരോട് അശ്ലീലച്ചുവയോടെ അപമാനിക്കുന്ന രീതിയിലും പെരുമാറിയ മന്ത്രിക്കെതിരെ പരാതി നല്‍കിയ വനിതാ ഓഫീസര്‍ക്കു പണി പോയി. ഛത്തീസ്ഗഡിലെ ഠാക്കൂര്‍ പ്യാരേലാല്‍ പഞ്ചായത്ത് ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കല്‍റ്റി ട്രെയിനര്‍ ഡോ. മഞ്ജീത്ത് കൗര്‍ ബാലിനെയാണ് ഛത്തീസ്ഗഡ് ഗ്രാമവികസന മന്ത്രി അജയ് ചന്ദ്രകാറിന്റെ പെരുമാറ്റത്തെക്കുറിച്ചു പരാതി നല്‍കിയതിന് പുറത്താക്കിയത്.

ജന്‍പഥ് പഞ്ചായത്തുകളുടെ സിഇഒമാരുടെ യോഗത്തില്‍വച്ചാണ് അജയ് ചന്ദ്രകാര്‍ മോശമായി സ്ത്രീകളോടു പെരുമാറിയത്. ഏപ്രില്‍ ഏഴിനായിരുന്നു യോഗം. പുതുതായി നിയമിക്കപ്പെട്ട സിഇഒമാരുടെ യോഗം വൈകിട്ടാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വിളിച്ചുചേര്‍ത്തത്. യോഗത്തില്‍ മന്ത്രിയുടെ പെരുമാറ്റം തികച്ചും അശ്ലീലപമായിരുന്നെന്നും തങ്ങളാരും അവിടെ സുരക്ഷിതരാണെന്നു തോന്നിയില്ലെന്നും യോഗത്തില്‍ പങ്കെടുത്തു മടങ്ങിയെത്തിയ വനിതാ ട്രെയിനികള്‍ മഞ്ജീത്ത് കൗറിനോടു പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നാണ് മന്ത്രിയുടെ പെരുമാറ്റത്തെക്കുറിച്ച് ഔദ്യോഗികമായി സര്‍ക്കാരിന് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നു മഞ്ജീത്തിനെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നെന്നാണു വിവരം.

പരാതിയെക്കുറിച്ച് തനിക്കറിയില്ലെന്നും സര്‍ക്കാരിന്റെ ഭരണപരമായ തീരുമാനമാണ് മഞ്ജീത്തിന്റെ പിരിച്ചുവിടലെന്നുമാണ് അജയ് ചന്ദ്രകാര്‍ പ്രതികരിച്ചത്. മഞ്ജീത്തിന് പദവിയിലിരിക്കാന്‍ യോഗ്യതയില്ലെന്നു കാട്ടിയായിരുന്നു നടപടി. സംഭവത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News