ഫോക്‌സ്‌വാഗനെതിരെ ലോകമെമ്പാടും അന്വേഷണം

മലിനീകരണ നിയമങ്ങള്‍ ലംഘിച്ചെന്ന് ആക്ഷേപമുയര്‍ന്ന ഫോക്‌സ് വാഗന്‍ കാറുകള്‍ക്കെതിരെ ലോകരാജ്യങ്ങള്‍ അന്വേഷണം നടത്തും. ഓരോ രാജ്യത്തെയും മലിനീകരണ നിയന്ത്രണ നിയമം ലംഘിച്ചാണോ ഫോക്‌സ് വാഗന്‍ കാറുകള്‍ നിരത്തിലിറങ്ങിയത് എന്നാണ് അന്വേഷിക്കുന്നത്. മലിനീകരണ നിയന്ത്രണ നിയമം ലംഘിച്ചതായി ആദ്യം അമേരിക്കയിലാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് ഇന്ത്യടക്കമുള്ള രാജ്യങ്ങള്‍ അന്വേഷണം നടത്തുാന്‍ തീരുമാനിച്ചത്. ഫോക്‌സ് വാഗണിന് ഏറ്റവും അധികം മാര്‍ക്കറ്റുള്ള രാജ്യങ്ങള്‍ യൂറോപ്പിലാണ്. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ആണ് ഫോക്‌സ് വാഗന്റെ മറ്റ് പ്രധാന വിപണികള്‍.

കാറുകളില്‍ നടത്തുന്ന മലിനീകരണ ടെസ്റ്റില്‍ പരാജയപ്പെടാതിരിക്കാന്‍ ലഘൂകരണ ഡിവൈസ് കാറുകളില്‍ അനധികൃതമായി ഘടിപ്പിച്ച് നിരത്തിലിറക്കി എന്നാണ് ഫോക്‌സ് വാഗനെതിരെ അമേരിക്കയില്‍ ഉയര്‍ന്ന ആരോപണം. ആരോപണത്തെ തുടര്‍ന്നുള്ള പരിശോധനയില്‍ ഫോക്‌സ് വാഗണിന്റെ അമേരിക്കന്‍ പതിപ്പില്‍ ഡീസല്‍ കാറുകള്‍ മലിനീകരണ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി. 2009 മുതല്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കാറുകളില്‍ വരെയായിരുന്നു അന്വേഷണം. വിവാദത്തെത്തുടര്‍ന്ന് കമ്പനി സിഇഒ മാര്‍ട്ടിന്‍ വിന്റര്‍കോണിന് രാജിവെയ്‌ക്കേണ്ടി വന്നു.

രാജ്യത്തെ മലിനീകരണ നിയമങ്ങള്‍ ഫോക്‌സ് വാഗണ്‍ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആണ് അന്വേഷണം നടത്തുക. വന്‍കിട വ്യവസായ മന്ത്രാലയമാണ് അന്വേഷണത്തിന് എആര്‍എഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. അമേരിക്കയില്‍ വിപണനം നടത്തിയതിന് സമാന മോഡലുകളാണോ ഇന്ത്യയിലും വിറ്റത് എന്നാണ് അന്വേഷണം. ഫോക്‌സ് വാഗനെതിരെ അന്വേഷണം പ്രഖ്യാപിച്ച കാര്യം വന്‍കിട വ്യവസായ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി അംബുജ് ശര്‍മയാണ് പുറത്തുവിട്ടത്. ആരോപണം അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

രാജ്യത്തെ മലിനീകരണ നിയന്ത്രണ നിയമം അനുസരിച്ച് യൂറോപ്യന്‍ എമിഷന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് – രണ്ട് ആണ് രാജ്യത്തെ പ്രധാന 50 നഗരങ്ങളില്‍ പാലിക്കേണ്ടത്. മറ്റിടങ്ങളില്‍ യൂറോപ്യന്‍ എമിഷന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് – 3 ആണ് പിന്തുടരുന്നത്. ഇത് പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ വിറ്റഴിച്ച കാറുകള്‍ തിരിച്ച് വിളിക്കാന്‍ ആവശ്യപ്പെടും. പിഴ ഈടാക്കുകയോ ക്രിമിനല്‍ നിയമ നടപടി നേരിടുകയോ ചെയ്യേണ്ടിവരും. വിഷയത്തില്‍ ഇതുവരെ ഫോക്‌സ് വാഗന്‍ ഔദ്യോഗിക വിശദീകരണം കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ടില്ല. പോയവര്‍ഷം ഒരു ലക്ഷത്തിലധികം കാറുകളാണ് ഫോക്‌സ് വാഗന്‍ ഇന്ത്യയില്‍ വിറ്റത്. 2018ഓടെ രണ്ട് ലക്ഷമായി ഉയര്‍ത്താനായിരുന്നു ഫോക്‌സ് വാഗന്റെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here