തെരുവ് നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍; നിലപാടിനെ വിമര്‍ശിച്ച് ചീഫ് വിപ്പ്

തെരുവ് നായ്ക്കളെ കൊല്ലുന്നവരുടെ പേരില്‍ ക്രിമിനല്‍ കേസെടുക്കണമെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നല്‍കിയ കത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന പൊലീസ് മേധാവി ഉത്തരവ് പുറത്തിറക്കിയത്. ചില സംഘടനകള്‍ കേരളത്തില്‍ വ്യാപകമായി നായ്ക്കളെ കൊലപ്പെടുത്തുകയാണ്. ഇത് ക്രിമിനല്‍ കുറ്റമാണ്. അതിനാല്‍ ഇവര്‍ക്കെതിരെ പ്രൊസിക്യൂഷന്‍ നടപടിയെടുക്കണം. കുറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 428, 429 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഡിജിപിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ രംഗത്തെത്തി. ഡിജിപിയുടെ നിലപാട് ധിക്കാരപരമാണ്. പ്രതിഷേധാര്‍ഹമായ ഈ ഉത്തരവ് പിന്‍വലിക്കാന്‍ ഡിജിപി തയ്യാറാകണം. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ കീഴിലെ ഉദ്യോഗസ്ഥനല്ല ഡിജിപി. സര്‍വകക്ഷിയോഗത്തിന്റെ തീരുമാനം അംഗീകരിക്കാന്‍ ഡിജിപി തയ്യാറാകണം. ഡിജിപിക്കെതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കുമെന്നും തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.

ഡിജിപിയുടേത് പ്രതിഷേധാര്‍ഹമായ നിലപാടാണെന്ന് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും കുറ്റപ്പെടുത്തി. ആളെക്കൊല്ലുന്ന പട്ടികളെ ഡിജിപി അനുകൂലിക്കരുതായിരുന്നുവെന്നും ചിറ്റിലപ്പള്ളി കുറ്റപ്പെടുത്തി. നായ്ക്കളെ കൊല്ലുന്ന വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേസ് നിലവിലുണ്ട്. എന്നാല്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് തനിക്കയച്ച കത്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അയച്ചുകൊടുക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഡിജിപി ടിപി സെന്‍കുമാര്‍ വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News