പിഎൽസി ചർച്ചയിൽ സമരക്കാരെ പങ്കെടുപ്പിക്കില്ലെന്ന് ഷിബു ബേബി ജോൺ; വേതനം 500 രൂപയാക്കിയില്ലെങ്കിൽ 28 മുതൽ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: മൂന്നാർ തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ചേരുന്ന ചർച്ചയിൽ സമരക്കാരെ പങ്കെടുപ്പിക്കില്ലെന്ന് തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ. പ്ലാന്റേഷൻ ലേബർ കമ്മിറ്റിയിൽ അംഗങ്ങളല്ലാത്തതിനാലാണ് പങ്കെടുപ്പിക്കാത്തത്. എന്നാൽ തൊഴിലാളികളുടെ നിലപാട് യോഗത്തിൽ ഷിബു ബേബി ജോൺ അറിയിക്കും. മന്ത്രി ക്ഷണിച്ചാൽ തങ്ങൾ പങ്കെടുക്കുമെന്ന് സമരനേതാവ് ഗോമതി പ്രതികരിച്ചു. അനുകൂല തീരുമാനമാകും വരെ തിരുവനന്തപുരത്ത് തുടരുമെന്നും തൊഴിലാളികൾ പറഞ്ഞു.

അതേസമയം, ദിവസവേതനം 500 രൂപയാക്കി ഉയർത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് തൊഴിലാളി പ്രതിനിധികൾ അറിയിച്ചു. 500 രൂപയാക്കിയില്ലെങ്കിൽ 28-ാം തീയതി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി സംഘടനകൾ അറിയിച്ചു.

തൊഴിലാളികളുടെ കൂലി, ബോണസ് വർധനവ് അടക്കമുളള ആവശ്യങ്ങൾ ചർച്ച ചെയ്യാനാണ് പ്ലാന്റേഷൻ ലേബർ കമ്മിറ്റിയുടെ യോഗം ചേരുന്നത്. ആവശ്യങ്ങൾ യോഗത്തിൽ പരിഗണിക്കാമെന്ന ഉറപ്പിലാണ് രണ്ടാഴ്ച മുൻപ് മൂന്നാറിലെ സമരം തൊഴിലാളികൾ പിൻവലിച്ചത്.

അതേസമയം, കാലഘട്ടത്തിന് പറ്റിയ സൗകര്യങ്ങൾ തോട്ടം തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജീവിത സാഹചര്യങ്ങൾ പരിഗണിച്ച് കൂലിയിലും ജീവിതത്തിലും മാറ്റമുണ്ടാകണം. തൊഴിലാളികളുടെ ജീവിത സാഹചര്യം മനസിലാക്കണമെന്നും ദിനപത്രങ്ങളിൽ എഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി പറയുന്നു. മൂന്നാറിൽ മാറ്റത്തിന് സമയമായി എന്ന് തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വ്യവസായത്തിന് താങ്ങാൻ പറ്റുന്ന കൂലി നൽകണമെന്നാണ് സർക്കാർ നിലപാടെന്നും അതിന് അപ്പുറത്തേക്ക് പോയാൽ സ്ഥാപനം അടച്ച് പൂട്ടേണ്ടി വരുമെന്നും മുഖ്യമന്ത്രി പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like