ഇന്റര്‍നെറ്റിനെയും പെണ്ണിനെയും പടിക്കുപുറത്താക്കുന്ന കാവിസം; നമ്മുടെ സ്വാതന്ത്ര്യങ്ങളില്‍ കാവികൊണ്ട് വിലങ്ങിടുന്ന ആര്‍ഷഭാരതം വരവായി

തൊരു മാതൃകയാണ്… ഒരു ഗൂഢ അജന്‍ഡയുടെ ഇരയാക്കപ്പെട്ട കറന്റ് ബുക്‌സിനെതിരെയും പെണ്ണിനെക്കണ്ടാല്‍ പരിശുദ്ധിപോകുന്ന കാവിയണിഞ്ഞ കെട്ട പുരുഷനെതിരെയും കേരളം ഉയര്‍ത്തിയത്. ഇനി ഇത് ഇന്ത്യക്കൊട്ടാകെ മാതൃകയാക്കാം… നമുക്ക് നമ്മുടെ ചെറുത്തുനില്‍പിന് ഒരു ശ്രീദേവി എസ് കര്‍ത്ത വേണ്ടിവന്നെങ്കില്‍ അതൊരു മുന്നറിയിപ്പാണെന്നും മറക്കാതിരിക്കാം… കാവിവല്‍കരിക്കുന്ന ഇന്ത്യയുടെ ചീഞ്ഞ ആര്‍ഷഭാരത സംസ്‌കാരത്തിന്റെ വരും നാളുകളെക്കുറിച്ചുള്ള ഭീതിതമായ മുന്നറിയിപ്പ്. അതും ഇന്ത്യക്കൊട്ടാകെ മനസില്‍ ഉറപ്പിക്കാം. ഇത്തരത്തില്‍ ഒരു ചെറുത്തുനില്‍പിന് കേരളംതന്നെ വേണ്ടിവന്നതെന്നതാണ് പ്രസക്തമാകുന്നത്. പുതിയ ചിന്തകളും ചെറുത്തുനില്‍പുകളും ഉയരുന്ന ഇന്റര്‍നെറ്റിനെയും സോഷ്യല്‍മീഡിയയെയും പേടിക്കുന്ന കേന്ദ്ര കാവി സര്‍ക്കാരിന് അനുരൂപം തന്നെയാണ് ചങ്കുറപ്പോടെ മുന്നോട്ടുവരുന്ന പെണ്ണിനെ വിലക്കുന്നതുമെന്നതും കാലത്തിന്റെ സാക്ഷ്യമാകുന്നു.

sredevu supot

ഇതൊരു തുടക്കമല്ല. കാവിവല്‍കരിച്ച് ഇന്ത്യയെ സാസ്‌കാരികവും കായികവുമായ ഫാസിസത്തിന്റെ കാല്‍ചുവട്ടിലാക്കാന്‍ നാളുകളായി നടക്കുന്ന ശ്രമങ്ങളുടെ തുടര്‍ച്ചമാത്രം. തൃശൂര്‍ കറന്റ് ബുക്‌സ് ഇതിനൊരു ഇടമായെന്നു മാത്രം. കറന്റ് ബുക്‌സിനെയോ ചടങ്ങിനെയോ കുറ്റപ്പെടുത്തുന്നവര്‍ ഈ സംഭവം ഉയര്‍ത്തുന്ന ഭാവിയെക്കുറിച്ചുള്ള അത്യന്തം അപായകമായ സൂചനയാണ് ചര്‍ച്ച ചെയ്യേണ്ടത്. ബീഫ് കഴിക്കേണ്ടെന്നു പറഞ്ഞു ഭക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തെ വിലക്കിയവര്‍, പെണ്‍കുട്ടികളും സ്ത്രീകളും ജീന്‍സ് ഇടരുതെന്നു പറഞ്ഞവര്‍തന്നെയാണ്. ഒടുവില്‍ കേന്ദ്ര മന്ത്രിസഭയിലെ സംസ്‌കാരത്തിന്റെ കാവല്‍ക്കാരന്‍ സ്ത്രീകള്‍ രാത്രി പുറത്തിറങ്ങാന്‍ പാടില്ലെന്നു തിട്ടൂരവും പുറപ്പെടുവിച്ചു. കാവി ഭീകരത സമസ്തമേഖലകളിലും പിടിമുറുക്കുന്നതിങ്ങനെയാണ്. സ്ത്രീ ശബ്ദമുയര്‍ത്തുന്നതു ഭയക്കുന്നത് പുരുഷാധികാരത്തിന്റെ പ്രതീകമായി ലോകം കരുതുമ്പോള്‍ കാവിഭാരതം നടന്നടുക്കുന്നത് അങ്ങോട്ടുതന്നെയാണെന്നു വിലയിരുത്താം.

sredevu supot2

സാംസ്‌കാരികരംഗത്തു നടപ്പാക്കുന്ന ഫാസിസത്തിന് പിന്നാലെ സ്ത്രീവിരുദ്ധ നിലപാടുകളും ആര്‍ഷഭാരതത്തിന്റെ ഭാഗമാണെന്ന രീതിയിലും ശ്രീദേവി എസ് കര്‍ത്തയെ താന്‍ വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്റെ പ്രസാധന വേദിയില്‍നിന്നു മാറ്റി നിര്‍ത്തിയതിനെ വായിക്കണമെന്നു ചുരുക്കം. ഗുജറാത്ത് ആസ്ഥാനമായുള്ള സ്വാമി നാരായണ്‍ സന്യാസ സന്‍സ്ഥാന്‍ രാജ്യത്തും വിദേശത്തും ഏറെ ശ്രദ്ധനേടിയ സന്യാസ വിഭാഗമാണ്. ഇവരുടെ സ്ത്രീ വിരോധം ഇതാദ്യവുമല്ല. കുറച്ചു മാസങ്ങള്‍ക്കു മുമ്പു മുംബൈയില്‍ നടന്ന ചടങ്ങില്‍ സദസില്‍ മുന്‍ നിരയിലിരുന്ന വനിതാ മാധ്യമപ്രവര്‍ത്തകരെ പിന്‍നിരയിലേക്കു നിര്‍ബന്ധപൂര്‍വം മാറ്റിയിരുത്തിയത് അന്നു വാര്‍ത്തയായിരുന്നു. സാമ്പത്തിക ഭദ്രതയുള്ളതും ദില്ലിയിലെയും ഗാന്ധിനഗറിലെയും അക്ഷര്‍ധാം സമുച്ചയങ്ങളുടെ ഉടമകളുമായ ഈ സന്യാസി സമൂഹത്തിന് മാറുന്ന കാലത്തെയും ലോകത്തെയും മനസിലാക്കാനുള്ള ആര്‍ജവവും മനസും ഇല്ലെന്നു തന്നെ വ്യക്തമാകുന്നു.

രാജ്യത്തെ കാവിചുറ്റിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന നാഗ്പൂര്‍ ബ്രിഗേഡിനോട് എന്തുകൊണ്ടും കൂട്ടിക്കെട്ടാവുന്നതാണ് ഈ സന്യാസി വിഭാഗവും. കാവിയണിഞ്ഞവരൊക്കെ ആര്‍ഷഭാരതത്തിന് വേണ്ടി ചുവടനക്കുമ്പോള്‍ ഇനിയെന്തൊക്കെ സംഭവിക്കാനിരിക്കുന്നു എന്നും നമുക്കു ചിന്തിക്കേണ്ടിയിരിക്കുന്നു. ബ്രഹ്മചാരിയായ സ്വാമി വിഹാരിദാസിനു വേണ്ടി ശ്രീദേവി എസ് കര്‍ത്തയെ വേദിയില്‍നിന്നു മാറ്റി നിര്‍ത്താന്‍ തൃശൂര്‍ കറന്റ്ബുക്‌സിനെ പ്രേരിപ്പിച്ചത് ഈ ആണധികാരത്തിന്റെയും കാവിയണിഞ്ഞവരുടെ ‘ദിവ്യ’ഭീകരതയുടെയും സമ്മര്‍ദം തന്നെയായിരുന്നു. മുസ്ലിം ജനസംഖ്യ പെരുകുന്നതിനെ ചെറുക്കാന്‍ രാജ്യത്തു ഹിന്ദു സ്ത്രീകള്‍ നാലു കുഞ്ഞുങ്ങളെ പ്രസവിക്കണമെന്നു പറഞ്ഞ സാധ്വി പ്രാചിയും ഒരൂ സ്ത്രീയാണ്. അതായത്, സ്വാമി നാരായണന്‍ സന്യാസ സന്‍സ്ഥാന്‍ സ്ത്രീകളെ പൊതുവേദിയില്‍നിന്നു മാറ്റിനിര്‍ത്താന്‍ പറയുമ്പോള്‍ സാധ്വി പ്രാചി പറഞ്ഞത് അടുക്കളയന്തപ്പുരങ്ങളില്‍ സ്ത്രീകള്‍ ആണധികാരത്തിന്റെ അടിമകളും അനുസരണാശീലരുമായി അടിഞ്ഞുകൂടണമെന്നും.

sredevu supot4

ഒരു പുസ്തകപ്രസാധന വിവാദമെന്നതിലുപരി ഈ രണ്ട് പ്രതീകങ്ങളും കൂടിപ്പറയുന്നത് പുറം ലോകത്തേക്കുള്ള സ്ത്രീയുടെ വാതിലുകളെ അടയ്ക്കണമെന്നുതന്നെയാണ്. കേരളത്തിലെ എഴുത്തിന്റെയും സാംസ്‌കാരിക മുന്നേറ്റങ്ങളുടെയും ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള തൃശൂര്‍ കറന്റ് ബുക്‌സിന് ഇത്തരമൊരു കാവിയധികാര സമ്മര്‍ദത്തിന് ഇരയാകേണ്ടിവന്നതും വളരെ ഗൗരവതരമാണ്. ഇത്രകാലം കേരളത്തില്‍ നടത്തിയ സാംസ്‌കാരിക മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ ഇടം നേടിയ സ്ഥാപനത്തെ ഒരൊറ്റ ദിവസം കൊണ്ടാണ് ദുഷ്‌പേരിലേക്കു വലിച്ചിടാന്‍ ഈ സംഭവത്തിനായത്. സാംസ്‌കാരിക രംഗത്തെ ഫാസിസത്തിന്റെ ഏറ്റവും പുതിയ മുഖമായിത്തന്നെ അതുകൊണ്ട് ഇതിനെ നമുക്കു വായിച്ചെടുക്കേണ്ടിവരും.

ഗോവിന്ദ് പന്‍സാരെയും ധബോല്‍കറും എം എം കല്‍ബുര്‍ഗിയും രക്തം നല്‍കിയ അതേ പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തി ഇനിയും വര്‍ധിക്കുകയാണെന്ന തിരിച്ചറിവാണുണ്ടാകേണ്ടത്. ശ്രീദേവി എസ് കര്‍ത്ത കേരളത്തിനു പുറത്തുള്ള ഒരു എഴുത്തുകാരിയും ചടങ്ങ് കേരളത്തിനു പുറത്തുള്ള ഒരു സ്ഥലത്തു നടക്കേണ്ടിയിരുന്നതും ആണെങ്കില്‍ ഈ വക പ്രതിരോധങ്ങള്‍ ഉണ്ടാകുമായിരുന്നോ എന്ന ചര്‍ച്ചയ്ക്കും പ്രസക്തിയുണ്ട്. കേരളത്തിന്റെ സാസ്‌കാരിക ഔന്നത്യവും ഇടതുപക്ഷത്തിന്റെ സജീവ സാന്നിധ്യവും തന്നെയാണ് ഇത്തരത്തില്‍ കാവിഫാസിസത്തെ ചെറുക്കാന്‍ വഴിവച്ചതെന്ന കാര്യം ഈ പശ്ചാത്തലത്തില്‍ നിസ്തര്‍ക്കമാവുകയും ചെയ്യുന്നു. ഇടതുപക്ഷമൂല്യങ്ങളോടൊപ്പം നടക്കുന്ന യുവതയും വനിതാശക്തിയും ഒന്നിച്ചുചേര്‍ന്നതിന്റെ വിജയമാണ് തൃശൂരില്‍ ബ്രഹ്മ വിഹാരിദാസ് സ്വാമിക്കു മടങ്ങേണ്ടിവന്നതിന്റെയും ചടങ്ങ് ഉപേക്ഷിക്കേണ്ടിവന്നതിന്റെയും പൊരുള്‍.

sredevu supot3

ചെറുത്തുനില്‍പുകള്‍ ഇതിലേറെ ശക്തമാക്കേണ്ടതിന്റെ വിളംബരമായി കേരളത്തിന്റെ സാസ്‌കാരിക തലസ്ഥാനത്തെ സാഹിത്യഅക്കാദമിയില്‍ തുടങ്ങിയ പ്രതിഷേധത്തെ കാണേണ്ടിയിരിക്കുന്നു. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന കാവിയജന്‍ഡയ്ക്കു മറുപടി നല്‍കാന്‍ കേരളത്തിനു മാത്രമേ അത്രകണ്ടു കഴിയൂ എന്നും തെളിഞ്ഞിരിക്കുന്നു. ഗുജറാത്തില്‍ ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി നിശ്ചലമാക്കാന്‍ ഉത്തരവിട്ട സര്‍ക്കാരും ഈദ് ദിവസം ജമ്മു കാശ്മീരില്‍ ആര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കേണ്ടെന്നു തീരുമാനിച്ച സര്‍ക്കാരും ഭരിക്കുന്ന രാജ്യത്തിനാകെ കേരളത്തില്‍നിന്നുള്ള ചെറുത്തുനില്‍പ്പുകള്‍ ഊര്‍ജമാകേണ്ടതുണ്ട്. അല്ലെങ്കില്‍ ആവേശം പകരുന്ന തുടക്കമാകേണ്ടതുണ്ട്.

പ്രധാനമന്ത്രി നാഴികയ്ക്കു നാല്‍പതുവട്ടം ഇന്റര്‍നെറ്റും സോഷ്യല്‍മീഡിയയും ഉപയോഗിക്കുന്നതു തന്റെ ആശയപ്രകാശനത്തിനും കാവിഭാരതീയതയ്ക്കു പ്രചാരണം നല്‍കാനുമാണെന്നിരിക്കേ, എതിര്‍ക്കുന്നവന്‍ ആ സങ്കേതങ്ങളില്‍ തൊടേണ്ടെന്ന ഇന്റര്‍നെറ്റ് അടിയന്തരാവസ്ഥയും ചെറുക്കേണ്ടതാണ്. തൃശൂരില്‍ കണ്ട പ്രതിഷേധം ഇന്റര്‍നെറ്റിന്റെ കൂടി സംഭാവനയായിരുന്നു. ശ്രീദേവി എസ് കര്‍ത്ത തന്റെ ദുരനുഭവം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനു പിന്നാലെ ഇടതുചിന്ത മനസില്‍ സൂക്ഷിക്കുന്നവരില്‍നിന്നാണ് പ്രതിഷേധത്തിന്റെ ചുണ്ടനക്കങ്ങള്‍ ഉണ്ടായത്. പ്രതിഷേധങ്ങള്‍ പെരുകിയപ്പോള്‍ സോഷ്യല്‍മീഡിയയില്‍തന്നെയാണ് തൃശൂരിലേക്കു കൂട്ടമായെത്താന്‍ ആഹ്വാനമുണ്ടായത്. അത് അതേ അര്‍ഥത്തില്‍ വിജയിക്കുകയും ചെയ്തപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റ് അടിയന്തരാവസ്ഥ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ അര്‍ഥവും മനസിലാകും.

sredevu supot5

ബീഫിനും ഇന്റര്‍നെറ്റിനും ശബ്ദമുയര്‍ത്തുന്നതും ചിന്തിക്കുന്നതുമായ പെണ്ണിനും വിലക്കുകളുള്ള ആര്‍ഷഭാരതം ആരുടെ സ്വപ്‌നമാണെന്ന് കേരളത്തില്‍നിന്നുയര്‍ന്ന ഈ ചെറുത്തുനില്‍പ് രാജ്യത്തെ ചിന്തിപ്പിക്കേണ്ടതാണ്. രാജ്യത്തെ മാനവിക മൂല്യങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്ന ജനസമൂഹങ്ങള്‍ക്ക് ഈ ചെറുത്തുനില്‍പിന്റെ സാരാംശവും സന്ദേശവും പകര്‍ന്നുകൊടുക്കേണ്ടതാണ് ഇനിയുണ്ടാകേണ്ട തുടര്‍ച്ച. വെറുമൊരു പുസ്തകപ്രസാധന വിവാദമായി ഇതു ചുരുങ്ങില്ലെന്നുറപ്പാണ്. ഉയരേണ്ട സന്ദേശങ്ങളെ തീവ്രമായി പ്രകാശിപ്പിക്കാന്‍ രാജ്യത്തിന്റെ കാവിയധികാരത്തിന്റെ അകത്തളങ്ങളില്‍ വരെ ഈ പ്രതിഷേധം എത്തിക്കേണ്ടിയിരിക്കുമിരിക്കുന്നു. ശ്രീദേവി എസ് കര്‍ത്ത നല്‍കുന്ന മുന്നറിയിപ്പ് കാലാതീതമായി ഏറ്റെടുക്കേണ്ട ബാധ്യത ഈ രാജ്യം ഇന്ത്യയായി സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരുടെയെല്ലാം ബാധ്യതയാണ്. ആര്‍ഷഭാരതമാക്കാന്‍ തൂണിലും തുരുമ്പിലും വരെ വിലക്കിന്റെ കാവിച്ചരടുകെട്ടുന്നവരെ ചെറുക്കേണ്ടതിന്റെ കാഹളവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News