സ്ത്രീത്വത്തോടൊപ്പം അപമാനിക്കപ്പെട്ടത് ജനാധിപത്യവും ആത്മാഭിമാനവും സാമൂഹിക നീതിയും സമത്വ ബോധവും; ഓരോ ആണിയും തറയ്ക്കുന്നത് പ്രബുദ്ധ കേരളത്തിന്റെ സ്വകാര്യ അഹങ്കാരത്തില്‍

സ്ത്രീസ്പര്‍ശനത്താലല്ല ദര്‍ശനംകൊണ്ടുപോലും ബ്രഹ്മചര്യം തകര്‍ന്നുപോകുന്ന സ്വാമിമാരുടെ അസുഖം മനസ്സിലാക്കാം. എന്നാല്‍ തൃശൂര്‍ കറന്റ് ബുക്‌സ്‌പോലെ പാരമ്പര്യമുള്ള ഒരു പുസ്തക പ്രസാധക സംഘം എന്തുകൊണ്ടാണ് സംഘ പരിവാറിന്റെയോ ആര്‍എസ്എസിന്റെയോ നിലവാരത്തിലേക്ക് തരംതാണുപാകുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്. ശ്രീദേവി എസ്. കര്‍ത്തയെന്ന എഴുത്തുകാരി പരിഭാഷപ്പെടുത്തിയ ‘കാലാതീതം’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍നിന്നാണ് എഴുത്തുകാരിക്കുതന്നെ വിലക്കെന്ന വിരോധാഭാസം.

സ്വാമി ബ്രഹ്മ വിഹാരി ദാസ് മുഖ്യാതിഥിയായ ചടങ്ങില്‍ സ്വാമിജിക്ക് സ്ത്രീ സാന്നിധ്യം പാടില്ലത്രെ. സ്വാമിജിയുടെ തിട്ടൂരത്തിന് വഴങ്ങി ആര്‍ക്ക് മുന്നിലാണ് പ്രസാധകര്‍ വിധേയത്വം പ്രഖ്യാപിക്കുന്നത്? ശ്രീദേവി എസ്. കര്‍ത്തയെന്ന എഴുത്തുകാരിയുടെ അനുഭവം പെരുമാള്‍ മുരുഗന്റെയൊ എം.എം. ബഷീറിന്റെയോ ഡോ. കെ.എസ് ഭഗവാന്റെയോ അനുഭവങ്ങളോട് കൂട്ടിവായിക്കപ്പെടേണ്ടതുതന്നെതാണ്. നാലുപാടുനിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പുസ്തക പ്രകാശനച്ചടങ്ങില്‍നിന്നു സ്വാമിയെ ഒഴിവാക്കിയെങ്കിലും അവശേഷിക്കുന്ന ആശങ്കകളും അപായ സൂചനകളും നിരവധിയാണ്.

കാവിയെ എന്തിനാണ് ഇങ്ങനെ ഭയക്കുന്നത് ? എന്തുകൊണ്ട് പെണ്ണിന് വിലക്ക് പ്രഖ്യാപിക്കുന്നതിന് പകരം കാവി ധാരിയുടെ ഫാസിസ്റ്റ് നിലപാടുകള്‍ക്ക് വിലക്ക് പ്രഖ്യാപിക്കാന്‍ കഴിയാതെ പോകുന്നു? വിലക്കും തുടര്‍ന്നു കിട്ടുന്ന മാധ്യമ പ്രചാരണങ്ങളും പുസ്തകത്തിന് വിപണി കൂട്ടുമെന്ന് കരുതിയാണെങ്കില്‍ ആ വിപണന തന്ത്രത്തിന് അഭിനന്ദനം. മറിച്ച് സ്ത്രീയായതിനാല്‍ എഴുത്തുകാരിക്ക് വിലക്കാവാം, ആരു ചോദിക്കാന്‍!. പക്ഷേ കാവിതൊട്ടാല്‍ കളിമാറുമെന്ന ബോധവും ബോധ്യവും തൃശൂര്‍ കറന്റ് ബുക്‌സിനുണ്ടായെന്നത് പുരോഗമനപരംതന്നെ.

മനുഷ്യത്വത്തിനുതന്നെ വിരുദ്ധമായ വിഢഢിത്തം എന്നുപോലും വിശഷിപ്പിക്കാവുന്ന നിലപാടുകളോട് സമരസപ്പെടുമ്പോള്‍ നമ്മളെ തല്ലാനുള്ള വടി നാംതന്നെ എടുത്തുകൊടുക്കുകയാണെന്ന ഓര്‍മവേണം. ഇവിടെ അപമാനിക്കപ്പെട്ടത് സ്ത്രീ മാത്രമല്ല. ജനാധിപത്യവും ആത്മാഭിമാനവും സാമൂഹിക നീതിയും സമത്വ ബോധവുംകൂടിയാണ്. പ്രബുദ്ധ കേരളത്തില്‍ ഇതൊന്നും സാധ്യമല്ലെന്ന സ്വകാര്യ അഹങ്കാരത്തിനുമേലാണ് ആണികള്‍ ഓരോന്നായി തറഞ്ഞ് കയറുന്നത്.

എഴുത്തുകാരി വേണ്ടെന്നാണെങ്കില്‍ ബഹുമാനപ്പെട്ട സ്വാമിജി വരണ്ട എന്ന് പറയാന്‍ കഴിയണമായിരുന്നു. കാവി ഭീകരത വിഷം ചീറ്റുന്ന നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തില്‍ ഇതൊരു വെറും തീരുമാനം മാത്രമാകുമായിരുന്നില്ല, മറിച്ച് നട്ടെല്ലുള്ള ഒരു നിലപാടിന്റെ പ്രഖ്യാപനം കൂടി ആവുമായിരുന്നു. ആര്‍ഷ ഭാരത സംസ്‌കാരത്തിനൊപ്പം പ്രസാധകരായ തൃശൂര്‍ കറന്റ് ബുക്‌സും വാഴ്ത്തപ്പെടട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News