കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; വെബ്‌സൈറ്റില്‍ പാക് മുദ്രാവാക്യങ്ങളും ദേശീയ പതാക കത്തിക്കുന്ന ചിത്രങ്ങളും

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ വെബ്‌സൈറ്റായ www.kerala.gov.in ഹാക്ക് ചെയ്തു. പാകിസ്താന്‍ അനുകൂല സംഘടന ഹാക്ക് ചെയ്‌തെന്നു കാട്ടി പാക് അനുകൂല മുദ്രാവാക്യങ്ങളും ദേശീയ പതാക കത്തിക്കുന്ന ചിത്രവുമാണ് വെബ്‌സൈറ്റിന്റെ ഹോം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രിയോ ഇന്നു പുലര്‍ച്ചെയോ ആയിരിക്കാം വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതെന്നു കരുതുന്നു. തിരുവനന്തപുരം പി എം ജിയില്‍ കെല്‍ട്രോണിന്റെ നിയന്ത്രണത്തിലുള്ള സ്‌റ്റേറ്റ് ഡേറ്റാ സെന്റര്‍ ഒന്നില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്.

വെബ്‌സൈറ്റില്‍നിന്നു വിവരങ്ങള്‍ നഷ്ടമായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. സംസ്ഥാനസര്‍ക്കാരിന്റെ വെബ് സൈറ്റില്‍ അടുത്തകാലത്തൊന്നും സൈബര്‍ ആക്രമണം നടന്നതായി സൂചനയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഒരു സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. ഫൈസല്‍ എന്നയാളുടെ പേരിലാണ് ഹാക്കിംഗ് നടന്നിരിക്കുന്നത്. പാക് സൈബര്‍ അറ്റാക്കര്‍ ടീമാണ് ഹാക്ക് ചെയ്തിരിക്കുന്നതെന്നും സുരക്ഷ എന്നത് മിഥ്യയാണെന്ന് അര്‍ഥം വരുന്ന സെക്യൂരിറ്റി ഈസ് ആന്‍ ഇല്യൂഷന്‍ എന്ന വാചകങ്ങളും സൈറ്റിന്റെ ഹോം പേജില്‍ കാണാം. www.faisal1337.com എന്ന വെബ്‌സൈറ്റ് വിലാസവും ചേര്‍ത്തിട്ടുണ്ട്.

എപ്പോഴാണ് ഹാക്ക് ചെയ്യപ്പെട്ടതെന്നും എവിടെനിന്നാണ് ഹാക്ക് ചെയ്യപ്പെട്ടതെന്നും അറിയണമെങ്കില്‍ കൂടുതല്‍ സാങ്കേതിക പരിശോധനകള്‍ ആവശ്യമാണ്. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെയെല്ലാം വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. ജനങ്ങളിലേക്ക് വിവരങ്ങളെത്തിക്കാന്‍ ഇന്റര്‍നെറ്റിനെ കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇത്തരത്തിലെ ഹാക്കിംഗ് അതീവ ഗൗരവമുള്ള കാര്യമാണ്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാനസര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ കീഴിലുള്ള മുപ്പതോളം സൈറ്റുകള്‍ ഹാക്ക് ചെയ്തിരുന്നു. അന്നും പാകിസ്താന്‍ അനൂകൂല വാചകങ്ങളാണ് സൈറ്റിന്റെ ഹോം പേജില്‍ പോസ്റ്റ് ചെയ്തിരുന്നത്. പ്രവൃത്തിദിവസമായിരുന്നതിനാല്‍ അന്ന് പെട്ടെന്നുതന്നെ സി ഡാക്കിന് സൈറ്റിലെ വിവരങ്ങള്‍ പുനസ്ഥാപിക്കാനായിരുന്നു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്, സ്‌റ്റേറ്റ് കൗണ്‍സില്‍ ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ആന്‍ഡ് എന്‍വയണ്‍മെന്റ്, ഹില്‍ ഏരിയാ ഡെവലപ്‌മെന്റ് ഏജന്‍സി, സ്റ്റേറ്റ് ഹാന്‍ഡ്‌ലൂം വീവേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്നിവയുടെ വെബ്‌സൈറ്റുകളാണ് അന്നു ഹാക്ക് ചെയ്തിരുന്നത്.2012ല്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഒമ്പതു സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News