സാന്‍ജോസ്: സോഷ്യല്‍മീഡിയ ജനങ്ങളുടെ സാമൂഹിക ഇടപെടലിനുള്ള തടസങ്ങള്‍ മറികടക്കാന്‍ സഹായിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. സാന്‍ജോസില്‍ ഗൂഗിള്‍, ഫേസ്ബുക്ക് അടക്കമുള്ള ടെക്‌നോളജി ലോകത്തെ മുന്‍നിര കമ്പനി തലവന്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഫേസ്ബുക്കും ട്വിറ്ററും ഇന്‍സ്റ്റഗ്രാമും പുതിയ ലോകത്തിന്റെ അയല്‍ക്കാരായി മാറിയെന്നും മോദി പറഞ്ഞു.
വിമാനത്താവളങ്ങളെന്ന പോലെ രാജ്യത്തെ അഞ്ഞൂറു റെയില്‍വേ സ്‌റ്റേഷനുകളില്‍ ഗൂഗിളുമായി സഹകരിച്ചു വൈ ഫൈ സംവിധാനം സജ്ജമാക്കും. വമ്പന്‍ കോര്‍പറേറ്റുകളില്‍നിന്നു യുവ പ്രൊഫഷണലുകളിലേക്കു ലോകം എത്തുന്നതാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി. പ്രതീക്ഷയും അവസരങ്ങളും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന പാലമാണ് സാങ്കേതികവിദ്യയെന്നും മോദി പറഞ്ഞു.
നൂറു കോടി സെല്‍ഫോണുകളുള്ള ഇന്ത്യയില്‍ തനിക്ക് ഇനി സംസാരിക്കാനുള്ളത് മൊബൈല്‍ ഗവേണന്‍സിനെക്കുറിച്ചാണ്. ഫേസ് ബുക്ക് ഒരു രാജ്യമായിരുന്നെങ്കില്‍ ഇന്ത്യ കൂടുതല്‍ ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമേ ആകുമായിരുന്നുള്ളൂ. ഇപ്പോള്‍ ഇന്ത്യക്കാരായ യുവാക്കളുടെ ഏറ്റവും വലിയ ആശങ്ക ആന്‍ഡ്രോയ്ഡാണോ ഐഒഎസാണോ വിന്‍ഡോസാണോ വേണ്ടതെന്നാണെന്നും മോദി പറഞ്ഞു.
ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ ഒരുക്കുന്ന പദ്ധതിക്കു നാളെ തുടക്കമാകുമെന്നു ഗൂഗിള്‍ തലവന്‍ സുന്ദര്‍ പിച്ചയ്യ പറഞ്ഞു. അടുത്തമാസത്തോടെ ആന്‍ഡ്രോയിഡില്‍ ഗുജറാത്തി അടക്കം പുതിയ പത്തു ഭാഷകള്‍ ഉള്‍പ്പെടുത്തുമെന്നും പിച്ചയ്യ പറഞ്ഞു. മൂവായിരത്തിലേറെ സ്റ്റാര്‍ട്ട് അപ്പുകളുമായി ലോകത്തെ ഏറ്റവും വളര്‍ച്ചയുള്ള സ്റ്റാര്‍ട്ട് അപ്പ് രാജ്യമായി ഇന്ത്യ മാറിയെന്നായിരുന്നു മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടെ അഭിപ്രായം.
വളരെയേറെ വികസിച്ച രാജ്യങ്ങളേക്കാള്‍ 65 ശതമാനം മൊബൈല്‍ ട്രാഫിക്ക് ഉള്ള രാജ്യമാണ് ഇന്ത്യയെന്ന് ക്വാല്‍ക്കോം എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പോള്‍ ജേക്കബ്‌സ് പറഞ്ഞു. ടെക്‌നോ-ഡിജിറ്റല്‍ മേഖലയിലെ പത്തു മുന്‍നിര കമ്പനികളുടെ സിഇഒമാരാണ് നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയയത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post