പണിമുടക്കാത്ത ഹൃദയമുള്ളവളാകാന്‍ ആഴ്ചയില്‍ രണ്ടു ബിയര്‍; ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം

ആഴ്ചയില്‍ രണ്ടു ബിയര്‍ വീതം കുടിക്കുന്ന സ്ത്രീകളില്‍ ഹൃദ്രോഗ സാധ്യത തുലോം കുറവാണെന്ന് പഠനം. ബിയര്‍ കുടിക്കുന്നത് സ്ത്രീകളിലെ ഹൃദ്രോഗ സാധ്യത മൂന്നില്‍ ഒന്നായി കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മിതമായ രീതിയില്‍ ബിയര്‍ കഴിക്കുന്ന സ്ത്രീകളിലാണ് ഇതെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരിക്കല്‍ പോലും മദ്യപിക്കാത്തവരോ അല്ലെങ്കില്‍ അമിത മദ്യപാനികളായ സ്ത്രീകളിലോ കണ്ടുവരുന്നതിനേക്കാള്‍ ഹൃദ്രോഗസാധ്യത മിതമായി ബിയര്‍ കഴിക്കുന്ന സ്ത്രീകളില്‍ കുറവാണെന്നാണ് പറയപ്പെടുന്നത്. നിരവധി സ്ത്രീകളില്‍ നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് ഗവേഷകര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.

1,500-ല്‍ അധികം സ്ത്രീകളില്‍ പഠനം നടത്തിയിരുന്നു. മദ്യപിക്കുന്ന സ്വഭാവമുള്ളവരാണോ എന്നായിരുന്നു പഠനത്തിന്റെ ആധാരം. അമിതമായി മദ്യപിക്കുന്ന സ്ത്രീകളില്‍ അര്‍ബുദരോഗം ബാധിക്കുന്നതായും ഈ രോഗത്താല്‍ മരണപ്പെടുകയും ചെയ്യുന്നതായി കണ്ടെത്തി. എന്നാല്‍, ബിയര്‍ കഴിക്കുന്ന സ്ത്രീകളില്‍ ഈ പ്രശ്‌നം കുറവാണെന്നും കണ്ടെത്തുകയുണ്ടായി. ആഴ്ചയില്‍ ഒന്നോ രണ്ടോ ബിയറോ അല്ലെങ്കില്‍ മാസത്തില്‍ ഒന്നോ രണ്ടോ ബിയറോ കഴിക്കുന്നവരില്‍ ഹൃദയാഘാത സാധ്യത കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഹൃദയാഘാതം ഉണ്ടാവാന്‍ 30 ശതമാനത്തോളം സാധ്യത കുറവാണെന്നാണ് കണ്ടെത്തല്‍.

ഗോതന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകസംഘമാണ് പഠനം നടത്തിയത്. എന്നാല്‍, വൈന്‍ കഴിക്കുന്ന സ്ത്രീകളില്‍ ഇതിന്റെ സാധ്യത എത്രത്തോളമാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വൈനും ബിയറിന്റെ അതേ ഫലം തന്നെയാണോ സ്ത്രീകളില്‍ നല്‍കുന്നതെന്ന് ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News