കണ്ടല്‍ക്കാടുകളുടെ സംരക്ഷകന്‍ കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു; നഷ്ടമാകുന്നത് പരിസ്ഥിതിയെ സ്‌നേഹിച്ച മനുഷ്യസ്‌നേഹിയെ

കണ്ണൂര്‍: കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിലൂടെ പരിസ്ഥിതി പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനായ കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. കണ്ണൂരിലെ ചെറുകുന്ന് മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ടല്‍കാടുകളുടെ സംരക്ഷണത്തിനായി ഒരു ജീവിതം മുഴുവന്‍ ഉഴിഞ്ഞുവച്ച ഒരാളായിരുന്നു കല്ലേന്‍ പൊക്കുടന്‍.

കണ്ണൂര്‍ ഏഴോം പഞ്ചായത്തിലെ എടക്കീല്‍തറയില്‍ ജനിച്ച പൊക്കുടന്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയാണ് മലയാളികളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. രണ്ടാംക്ലാസില്‍ പഠനമുപേക്ഷിച്ച പൊക്കുടന്‍ ജന്‍മിയുടെ കീഴില്‍ പണിക്ക് പോയിരുന്നു. 18-ാം വയസ്സില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ പൊക്കുടന്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐഎമ്മിനൊപ്പം നിന്നു. 80കളുടെ അവസാനത്തിലാണ് മറ്റു പ്രവര്‍ത്തനങ്ങള്‍ എല്ലാം അവസാനിപ്പിച്ച് പരിസ്ഥിതി പ്രവര്‍ത്തനത്തിനായി രംഗത്ത് ഇറങ്ങുന്നത്. കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിനായി അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങളെ യുനെസ്‌കോ പോലും അഭിനന്ദിച്ചിട്ടുണ്ട്.

കണ്ടല്‍ക്കാടുകളുടെ പ്രാധാന്യം വിളിച്ചറിയിച്ച് ഒരു പുസ്തകവും രചിച്ചു. കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം എന്നാണ് പുസ്തകത്തിന്റെ പേര്. എന്റെ ജീവിതം കല്ലേന്‍ പൊക്കുടന്റെ ആത്മകഥയാണ്. കേരള സര്‍ക്കാര്‍ വനംവകുപ്പ് ഏര്‍പ്പെടുത്തിയ പ്രഥമ വനമിത്ര പുരസ്‌കാരം അടക്കം നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel