മണ്ണിന്റെ ജീവന്‍ തൊട്ടറിഞ്ഞ പ്രകൃതിസ്‌നേഹി

കല്ലേന്‍ പൊക്കുടനെന്ന പേരുകേട്ടാല്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് തഴച്ചുവളര്‍ന്നു നില്‍ക്കുന്ന കണ്ടല്‍കാടുകളാണ്. അഞ്ഞൂറോളം ഏക്കറിലെ കണ്ടല്‍വനം. രണ്ടാംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള പൊക്കുടന്‍ കണ്ടലുകളുടെ സംരക്ഷണത്തിനായി ഇറങ്ങിയത് കൗതുകത്തിനോ നേരംപോക്കിനോ വേണ്ടിയായിരുന്നില്ല. ശക്തമായ കാറ്റില്‍ നിന്നും മഴക്കാലത്ത് പുഴവെള്ളം കയറുന്നതില്‍ നിന്നും ഒരു ഗ്രാമത്തെ തന്നെ രക്ഷിക്കാനായിരുന്നു. ഒടുവില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിടുതല്‍ നേടി മുഴുവന്‍ സമയവും കണ്ടലുകളുടെ സംരക്ഷണത്തിനായി രംഗത്തിറങ്ങുകയായിരുന്നു. കേരളമെന്ന കൊച്ചുസംസ്ഥാനത്തിലെ ഏഴോം ഗ്രാമത്തിന്റെ പൊക്കുടന്‍ അങ്ങനെ ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ശ്രദ്ധയാകര്‍ഷിച്ചു. ഒടുവില്‍ കണ്ടലുകളെ അനാഥമാക്കി അവയുടെ പിതാമഹന്‍ വിടവാങ്ങി. പരിസ്ഥിതി സംരക്ഷണത്തില്‍ നികത്താനാകാത്ത ഒരു വിടവ് സൃഷ്ടിച്ചു കൊണ്ട്.

1930-ല്‍ കണ്ണൂര്‍ ജില്ലയിലെ ഏഴോം ഗ്രാമത്തില്‍ അരിങ്ങളേയന്‍ ഗോവിന്ദന്‍ പറോട്ടിയുടെയും കല്ലേന്‍ വെള്ളച്ചിയുടെയും മൂന്നാമത്തെ മകനായി പൊക്കുടന്റെ ജനനം. പൊക്കുടന്‍ എന്ന പേരിനെ പറ്റി അദ്ദേഹം തന്നെ പറയുന്നത്, ജനനസമയത്ത് പൊക്കിള്‍കൊടി വീര്‍ത്തിരിക്കുന്നതിനാലാണ് അങ്ങനൊരു പേരിട്ടതത്രേ. ജാതിവിവേചനം ശക്തമായി നിലനിന്നിരുന്ന കാലമായിരുന്നു അത്. പുലയ സമുദായത്തില്‍ ജനിച്ചതിനാലും വിദ്യാഭ്യാസ സൗകര്യങ്ങള്‍ കുറവായിരുന്നതിനാലും പഠനം രണ്ടാംക്ലാസില്‍ അവസാനിച്ചു. അച്ഛന്റെ കൂടെ മമ്മത് എന്ന ജന്‍മിയുടെ കീഴില്‍ പണിക്ക് പോയിരുന്ന പൊക്കുടന്‍ ആദ്യം വാല്യക്കാരനാവുകയും പിന്നീട് മുതിര്‍ന്ന അടിമയ്ക്ക് ലഭിക്കുന്ന ശമ്പളത്തോടെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

പുലയര്‍ക്കുണ്ടായിരുന്ന പ്രത്യേക നിയന്ത്രണങ്ങള്‍ വിദ്യാഭ്യാസം നിഷേധിച്ച പൊക്കുടന് പിന്നീടെല്ലാം ഭൗതിക വിദ്യാഭ്യാസമായിരുന്നു. എല്ലാം പ്രകൃതിയില്‍ നിന്ന് സ്വയം സ്വാംശീകരിച്ചെടുത്തവ. കര്‍ഷകനും കര്‍ഷകത്തൊഴിലാളിയുമായി ജീവിതം തുടങ്ങിയ പൊക്കുടന്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടാണ് ഒടുവില്‍ പരിസ്ഥിതി പ്രവര്‍ത്തനത്തിലേക്കെത്തുന്നത്. കര്‍ഷകന്‍, കര്‍ഷകത്തൊഴിലാളി, ദലിതന്‍ എന്നീ ലേബലുകളില്‍ ജീവിച്ച് രാഷ്ട്രീയക്കാരനായും അതില്‍ നിന്ന് സമുദായപ്രവര്‍ത്തനത്തിലേക്കും പതിയെ പരിസ്ഥിതി സംരക്ഷണത്തിലേക്കും വഴിനടന്നു കയറിയ സങ്കീര്‍ണ വ്യക്തിത്വം. അതായിരുന്നു പൊക്കുടന്‍.

പ്രകൃതി സംരക്ഷകരായ കണ്ടല്‍കാടുകളെ സംരക്ഷിച്ചു കൊണ്ടായിരുന്നു വേരുറച്ച വിപ്ലവകാരിയുടെ പുതിയ രൂപമാറ്റം. പൊക്കുടന്‍ കണ്ടെടുത്ത കണ്ടല്‍കാടുകളും പ്രകൃതിയും പാടങ്ങളും നമ്മുടെ ആവാസവ്യവസ്ഥ പോലെതന്നെ ഒരു വിദ്യാഭ്യാസ സമ്പ്രദായവും കൂടിയായിരുന്നു. ഏഴോം പഞ്ചായത്തില്‍ കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്ന പാടത്തിന്റെ വശങ്ങളിലെ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ കാറ്റ് ശക്തമായി വീശിയടിക്കും. മഴക്കാലമായാല്‍ പുഴയില്‍ നിന്ന് തിരകള്‍ വന്നിടിച്ച് വഴി തകരുന്നതും പതിവായിരുന്നു. ഇതിന് ഒരു പരിഹാരമെന്ന നിലയിലാണ് പൊക്കുടന്‍ ആദ്യമായി കണ്ടല്‍ ചെടികള്‍ വച്ചുപിടിപ്പിക്കാന്‍ തുടങ്ങിയത്. സംഗതി വന്‍വിജയമായി. ചെടികള്‍ വളര്‍ന്നു വന്നതോടെ അതൊരു പുത്തന്‍ കാഴ്ചയായിത്തീര്‍ന്നു.


ഏഴോം പഞ്ചായത്തില്‍ 500 ഏക്കറില്‍ പൊക്കുടന്‍ കണ്ടലുകള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. പഞ്ചായത്തിലെ നെരങ്ങിന്റെ മാട്, പുറത്തേക്കൈ എന്നിവിടങ്ങളില്‍ കണ്ടലുകള്‍ സമൃദ്ധമായി വളര്‍ന്നു നില്‍ക്കുന്നു. ചെറിയ ചെടി മുതല്‍ വളര്‍ന്നു നില്‍ക്കുന്ന വന്‍ മരങ്ങള്‍ വരെയുണ്ട് ഇവിടെ. കുപ്പം പുഴയുടെ ഇരുകരകളിലും പുഴയ്ക്കുനടുവിലെ തുരുത്തിലുമായി അവ വ്യാപിച്ചു കിടക്കുന്നു. കേരളത്തില്‍ ആകെ 22 ഇനം കണ്ടലുകളുണ്ടെന്നായിരുന്നു പൊക്കുടന്റെ നിരീക്ഷണം. ഈ 22 ഇനങ്ങളും ഉണ്ടെങ്കിലേ ആ സ്ഥലത്തെ കണ്ടല്‍കാട് എന്ന് വിശേഷിപ്പിക്കാനാവൂ. പ്‌രാന്തന്‍ കണ്ടല്‍, ചുള്ളിക്കണ്ടല്‍, വള്ളിക്കണ്ടല്‍, കുറ്റിക്കണ്ടല്‍, നക്ഷത്രക്കണ്ടല്‍, ചെറുകണ്ടല്‍, നല്ലകണ്ടല്‍, ചക്കരക്കണ്ടല്‍, ഉപ്പട്ടി, ചെറു ഉപ്പട്ടി, കണ്ണാമ്പൊട്ടി, കമ്പെട്ടി, ഓര്‍ക്കറുവ, അപ്പച്ചപ്പ്, മച്ചിത്തോല്‍, ഉരുണിപ്പോട്ട, ചതുരപ്പോട്ട, പൂക്കണ്ടല്‍, ചായപ്പുല്ല് തടങ്ങിയവയാണ് കേരളത്തില്‍ കണ്ടുവരുന്ന കണ്ടല്‍ച്ചെടികള്‍. ഇവയെല്ലാം നെരങ്ങിന്റെ മാട്ടിലെ കണ്ടല്‍ക്കാട്ടിലുണ്ട്. കേരളത്തില്‍ മറ്റൊരിടത്തും ഈ കണ്ടലുകളെ ഒരുമിച്ച് കാണാനാവുകയുമില്ല. ഇത്രയധികം വ്യാപിച്ചുകിടക്കുന്ന കണ്ടല്‍ക്കാടും വേറെയില്ല.

NIRANGINTE MADU

ഇവയുടെ സംരക്ഷണത്തിനായിട്ടായിരുന്നു പൊക്കുടന്‍ നടത്തിയ പോരാട്ടങ്ങളത്രയും. 80-കളുടെ അവസാനത്തോടെ സജീവ രാഷ്ട്രീയവും വിട്ട് കണ്ടലുകളെ സംക്ഷിക്കാന്‍ പൊക്കുടന്‍ പൊതുനിരത്തിലേക്കിറങ്ങി. കേരളത്തിലെ കണ്ടലുകളുടെ അപൂര്‍വത പ്രയോജനപ്പെടുത്തണമെന്ന് പൊക്കുടന്‍ പലപ്പോഴായി ആവശ്യപ്പെട്ടു. അതിനായി ശക്തിയുക്തം ആവശ്യപ്പെട്ടു.

ഏഴോം പഞ്ചായത്തിലെ നെരങ്ങിന്റെ മാട്, പുറത്തേക്കൈ എന്നിവിടങ്ങളിലാണ് സമൃദ്ധമായി കണ്ടല്‍ വളര്‍ന്ന് നില്‍ക്കുന്നത്. ചെറിയ ചെടി മുതല്‍ പടര്‍ന്നു കിടക്കുന്ന വന്‍മരങ്ങള്‍ വരെ ഇവിടെ കാണാം. സ്വകാര്യ ഭൂമിയും റവന്യൂഭൂമിയുമായി ഏതാണ്ട് 500 ഏക്കര്‍ വരും ഈ കണ്ടല്‍ക്കാടെന്ന് പൊക്കുടന്‍ പറയുന്നു. കണ്ണൂരില്‍ നിന്ന് ഏതാണ്ട് 25 കി.മീ ദൂരമുണ്ട് ഇവിടേക്ക്. ശാന്തമായ സ്ഥലം. പലതരം പക്ഷികളും മീനുകളും ഞണ്ടും പാമ്പുമൊക്കെ യഥേഷ്ടം വിഹരിക്കുന്ന ഇടം. കണ്ടലിനെ അടുത്തറിയാന്‍ ഇവിടേക്ക് വരണമെന്നാണ് പൊക്കുടന്‍ പറയുന്നത്. ചെമ്മീന്‍ ഉള്‍പ്പെടെ ഒട്ടേറെ മത്സ്യങ്ങളുടെയും മരഞണ്ട്, പച്ചഞണ്ട് പോലുള്ള ഞണ്ടുകളുടെയും ആവാസകേന്ദ്രമായ കണ്ടലുകള്‍ നശിപ്പിക്കരുതെന്നും കണ്ടലുകളെയും ജീവജാലങ്ങളെയും അടുത്തു കാണാനും അവയെപ്പറ്റി എല്ലാവര്‍ക്കും പഠിക്കാന്‍ കഴിയണമെന്നും പൊക്കുടന്‍ ആവശ്യപ്പെട്ടിരുന്നു.

ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ നശിപ്പിച്ചുകൊണ്ടുള്ള കണ്ടല്‍ സംരക്ഷണത്തെ അദ്ദേഹം അപ്പോഴും എതിര്‍ത്തിരുന്നു. കണ്ടല്‍പാര്‍ക്കല്ല, ഒരു കമ്യൂണിറ്റി റിസര്‍വായിരുന്നു പൊക്കുടന്റെ സ്വപ്നപദ്ധതി. മനുഷ്യനും പ്രകൃതിയും പ്രകൃതി സംരക്ഷണത്തിനായി കൈകോര്‍ക്കുന്ന ഒരിടം. വനത്തിന്റെ സ്വഭാവമുള്ള ജനവാസകേന്ദ്രമായിരുന്നു ഉദ്ദേശം. പക്ഷികളെയും ജലജീവികളെയും മറ്റും സംരക്ഷിച്ച് ജൈവ പ്രകൃതിയെ അതേപോലെ നിലനിര്‍ത്തുകയാണ് ഇത്തരം ജനാരണ്യത്തില്‍ ചെയ്യുന്നത്.

ആഗ്രഹങ്ങളെല്ലാം ബാക്കിയാക്കി കണ്ടലുകളുടെ പിതാമഹന്‍ യാത്രയായി. പച്ചപ്പിന്റെ വസന്തം തന്നെ കേരളത്തിനായി തീര്‍ത്തിക്കൊണ്ട്. പൊക്കുടനുശേഷം ആര് എന്ന ചോദ്യം ബാക്കിയാവുന്നു. കണ്ടലുകളുടെ സംരക്ഷണത്തിന് പൊക്കുടന്‍ തുടങ്ങിവച്ച കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യാന്‍ തയ്യാറുള്ള ഏതെങ്കിലും ഒരു പരിസ്ഥിതി സ്‌നേഹി എത്തുമെന്ന് പ്രത്യാശിക്കാം. അതുവരെ ഈ പച്ചപ്പ് നമുക്ക് തണലും സംരക്ഷണവുമേകട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News