വികസന നായകനാകാൻ നിതീഷ് കുമാറിന്റെ ശ്രമം; പ്രതിഷേധവുമായി ബീഹാറികൾ

ദില്ലി: രണ്ട് തവണ ബീഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാർ ജാതി വോട്ടുകൾ തരം തിരിച്ചുള്ള വികസന മുദ്രാവാക്യങ്ങളാണ് ഇത്തവണയും ഉയർത്തുന്നത്. സ്ത്രീകളേയും മുന്നോക്ക പിന്നോക്ക ദളിത് വിഭാഗങ്ങളേയും കൈയ്യിലെടുക്കാൻ തരംതിരിച്ചുള്ള രാഷ്ട്രീയ അടവുനയങ്ങളും നിതീഷ് പയറ്റുന്നു. എന്നാൽ നിതീഷിനെതിരെയുള്ള പ്രതിഷേധം ബീഹാറികൾ മറച്ചു വയ്ക്കുന്നില്ല.

വികസനത്തിന്റെ ചെറുപതിപ്പ് പോലും കണ്ടുപരിചയം ഇല്ലാത്ത ബീഹാറികൾക്ക് മുന്നിലെ വികസന നായകൻ ആകാനാണ് നിതീഷ് ശ്രമിക്കുന്നത്. വികസനത്തിന്റെ മറവിൽ ബീഹാറിലെ ജാതി വേരോട്ടങ്ങളിൽ കൃത്യമായ അവകാശ വാദങ്ങൾ നടപ്പാക്കിയാണ് നിതീഷ് വോട്ടുതേടുന്നത്. വിപി സിങ്ങ് മന്ത്രിസഭയിൽ സഹമന്ത്രി, പിന്നീട് വാജ്‌പേയി സർക്കാരിൽ റെയിൽവേ മന്ത്രിയും. കുർമി വിഭാഗത്തിൽ ജനിച്ചിട്ടും നിതീഷ് ഇതെല്ലാം നേടിയത് ജാതി നേതാക്കളുടെ പിന്തുണയോടെയാണ്. വികസനത്തിന്റെ പേരിൽ ഭരണത്തിലേറിയിട്ടും ദാരിദ്രം വിട്ടൊഴിയാത്ത ബീഹാറികൾ നിതീഷിനെതിരെയുള്ള പ്രതിഷേധം മറച്ചു വയക്കുന്നില്ല.

ഉയർന്ന ജാതിക്കാരെ തൃപ്തിപെടുത്താൻ ലാലു ഭരണത്തിൽ പിന്നോക്കം നിർത്തിയിരുന്ന ഉന്നതകുല ഉദ്യോഗസ്ഥരെ നിതീഷ് ഉദ്യോഗസ്ഥ തലങ്ങളിൽ തിരിച്ചെത്തിച്ചു. ദളിത് വോട്ടിൽ കണ്ണുവച്ച് നിതീഷ് ദളിതരെ മഹാദളിതരായി പ്രഖ്യാപിച്ച് പ്രത്യേക ആനുകൂല്യങ്ങൾ നടപ്പാക്കി. മുസ്ലീം സമൂഹത്തിന്റെ പിന്തുണയ്ക്കായി 16ശതമാനത്തിൽ അധികം വരുന്ന മുസ്ലീം വിഭാഗത്തെ പ്രത്യേക പദ്ധതികളിൽ ഉൾപ്പെടുത്തി. ഹിന്ദുക്കൾ പ്രതികളായ ഭഗൽപൂർ കലാപകേസിൽ പുനരന്വേഷണം നടത്തി പ്രതികളെ തുറങ്കിലടച്ചു. മുൻപ് ബിജെപി സഖ്യം ചേർന്ന സമയത്ത് മുസ്ലീം വോട്ടുകൾ കൈവിടാതിരിക്കാൻ നരേന്ദ്രമോദിയേയും വരുൺഗാന്ധിയേയും നിതീഷ് പ്രചരണത്തിന് വിലക്കിയിരുന്നു. ഇന്ന് ലാലുപ്രസാദുമായി കൈകോർക്കുമ്പോൾ പ്രധാന എതിരാളി മോദിയെന്നതും കാലം കാത്തു വച്ച രാഷ്ട്രീയ അജണ്ഡ.

മനുശങ്കർ, ദില്ലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News