കൊച്ചി: ‘പ്രാദേശിക പ്രദേശങ്ങളെ പോലും ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കാന്‍ ഉദ്ദേശിച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ യത്‌നത്തെ പിന്തുണയ്ക്കാന്‍ ഞാന്‍ എന്റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഫേസ്ബുക്കിലുള്ള ചര്‍ച്ചയ്ക്ക് കാത്തിരിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യക്കുള്ള പിന്തുണ ഇതിലൂടെ അറിയിക്കു.’ ഡിജിറ്റല്‍ ഇന്ത്യയെന്ന മോഡിജിയുടെ സ്വപ്‌നത്തിന് പിന്തുണയുമായി ഫേസ്ബുക്ക് മേധാവി ഇന്നലെ പേജിലിട്ട പോസ്റ്റാണിത്.
ഡിജിറ്റല്‍ ഇന്ത്യക്കു പിന്തുണയുമായി നിരവധി പേര്‍ പിന്നാലെ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റി. എന്നാല്‍ തങ്ങള്‍ക്കാവശ്യം നെറ്റ് ന്യൂട്രാലിറ്റിയോടെയുള്ള ഡിജിറ്റല്‍ ഇന്ത്യയാണെന്ന ആവശ്യമാണ് ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള പ്രൊഫൈല്‍ ചിത്രവും പ്രചരിച്ചു തുടങ്ങി. ത്രിവര്‍ണ പതാകയോടെ സുക്കര്‍ബര്‍ഗ് ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ ഐ സപ്പോര്‍ട്ട് ഡിജിറ്റല്‍ ഇന്ത്യ വിത്ത് നെറ്റ് ന്യൂട്രാലിറ്റി എന്നു ചേര്‍ത്താണ് സോഷ്യല്‍മീഡിയയില്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചത്. ഏവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ആശയം അംഗീകരിക്കുണ്ടെങ്കിലും അത് ഇന്റര്‍നെറ്റ് സമത്വത്തോടെയായിരിക്കണമെന്നാണ് ആവശ്യം. കളക്ടീവ് വോയ്‌സ് എന്ന കമ്മ്യൂണിറ്റിക്കുവേണ്ടി കൊച്ചി വാഴക്കാലയിലെ വെബ് സൈറ്റ് ഡവലപ്പ്‌മെന്റ് സ്ഥാപനമായ ഡ്യൂനോട്ടിലെ ആപ്ലിക്കേഷന്‍ ഡവലപ്പറും കണ്ണൂര്‍ പാനൂര്‍ സ്വദേശിയുമായ ശിഖിനാണ് പുതിയ ക്യാമ്പയിന് കവര്‍ചിത്രം തയാറാക്കിയത്.
രാജ്യത്തെ ഉള്‍നാടന്‍ ഗ്രാമങ്ങളിലടക്കം എല്ലാവരിലും ഇന്റര്‍നെറ്റ് സൗകര്യം കൊണ്ടുവരിക എന്നത് നല്ല കാര്യമായിരിക്കെ, ഇന്ത്യന്‍ ദേശീയതയെ കച്ചവട താത്പര്യവുമായി കൂട്ടിയിണക്കുന്നതിലാണ് സോഷ്യല്‍മീഡിയ പ്രതിഷേധിക്കുന്നത്. ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് (ഫ്രീ ബേസിക്‌സ്) എന്ന പദ്ധതിയിലൂടെ വേള്‍ഡ് വൈഡ് വെബിനെ തങ്ങളുടെ ലാഭത്തിന് വേണ്ടി മാത്രമുള്ളതാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി മാത്രമാണ് സുക്കര്‍ബര്‍ഗ് ഡിജിറ്റല്‍ ഇന്ത്യക്ക് തന്റെ പിന്തുണ അറിയിച്ചത്. ഫേസ്ബുക്കിന്റെ കച്ചവട താല്‍പര്യവും ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിനെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നടപ്പാക്കുന്നതിലൂടെ മാത്രമാണ് സുക്കര്‍ബര്‍ഗിന്റെ ലക്ഷ്യം.
തങ്ങള്‍ക്ക് താത്പര്യമുള്ള വെബ്‌സൈറ്റുകള്‍ മാത്രം സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കി മറ്റുള്ളവയെ നിഷേധിക്കുക എന്നതാണ് പദ്ധതിയുടെ രീതി. റിലയന്‍സിന്റെ സഹായത്തോടെയാണ് ഫേസ്ബുക്ക് ഇന്ത്യയില്‍ പദ്ധതി നടപ്പാക്കുന്നത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായതോടെ ഉദ്ദേശിച്ച ലക്ഷ്യം നേടാനാകാതെ പോയി. നെറ്റ് ന്യൂട്രാലിറ്റി ചര്‍ച്ചയായതോടെ ഏതാനും സേവനങ്ങള്‍ മാത്രം സൗജന്യമായി നല്‍കുന്ന ഫേസ്ബുക്ക് പദ്ധതിയും വിവാദമായി. പദ്ധതിയില്‍ പങ്കാളികളായ പല സേവനങ്ങളും പുറത്തു പോവുകയും ചെയ്തു. തുടര്‍ന്നാണ് പദ്ധതിയുടെ പേര് മാറ്റി ഫ്രീ ബേസിക്‌സ് എന്നാക്കിയത്.
പദ്ധതിയുടെ പുനരവതരണത്തിനുള്ള ഒരുക്കമാണ് പുതിയ ത്രിവര്‍ണ വേഷപ്പകര്‍ച്ചയെന്നത് മനസിലാകാതെയാണ് പലരും തങ്ങളുടെ പ്രൊഫൈല്‍ പിക് മാറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്. നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി സംസാരിച്ചവരും പ്രതിഷേധം നടത്തിയവരും മോഡിയുടെ സുക്കര്‍ബര്‍ഗിന്റെയും കച്ചവട താല്‍പര്യങ്ങള്‍ കാണാതെ പോകുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here