പുലിമുരുകന് ഹൈക്കോടതിയുടെ ആന്റിക്ലൈമാക്‌സ്; ചിത്രീകരണം വനത്തിന് ദോഷമാകുമെങ്കിൽ തടയണമെന്ന് ഡിഎഫ്ഒക്ക് നിർദ്ദേശം

മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലി മുരുകന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. ചിത്രീകരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ വനത്തിനും പരിസ്ഥിതിക്കും ദോഷം വരുത്തുന്നതാണെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. വനത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് ദോഷം വരുത്തുന്ന തരത്തിലുള്ളവ ഉപയോഗിച്ചുള്ള ചിത്രീകരണം തടയണമെന്ന് ഹൈക്കോടതി മലയാറ്റൂർ ഡിഎഫ്ഒക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പൂയംകൂട്ടി വനത്തിൽ നടക്കുന്ന ചിത്രീകരണത്തിന് റബറും പ്ലാസ്റ്റിക്കും ഉപയോഗിച്ച് സെറ്റുകളൊരുക്കിയിട്ടുണ്ടെന്നും ക്ലൈമാക്‌സ് രംഗത്തിനായി സ്‌ഫോടനവും തീയിടലും നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് കോടതി നിർദ്ദേശം. പൂയംകൂട്ടി സ്വദേശി നൗഷാദ് സമർപ്പിച്ച ഹർജിയിൽ നിർമ്മാതാവായ ടോമിച്ചൻ മുളകുപാടത്തിന് കോടതി നോട്ടീസയച്ചിട്ടുണ്ട്. ഏതുതരത്തിലുള്ള ചിത്രീകരണത്തിനാണ് അനുമതി നൽകിയതെന്ന് ആവശ്യപ്പെട്ട് ഡിഎഫ്ഒയിൽ നിന്ന് കോടതി റിപ്പോർട്ടും തേടിയിട്ടുണ്ട്.

ഒന്നര മാസത്തോളമായി പൂയംകൂട്ടി വനത്തിൽ പീണ്ടിമേട് കുത്തിനടുത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വനാതിർത്തിയോട് ചേർന്ന് ഒരു ഗ്രാമത്തിൽ മൃഗങ്ങളോട് പടവെട്ടി ജീവിക്കുന്ന മുരുകൻ എന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. വൈശാഖാണ് ചിത്രത്തിന്റെ സംവിധായകൻ. ക്ലൈമാക്‌സിൽ പുലിയുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഹൈലേറ്റ്.

പ്രഭു ഉൾപ്പടെ മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമായി അറുപതോളം താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ശിവാജി, അന്യൻ, യന്തിരൻ, ഐ, ബാഹുബലി എന്നീ ചിത്രങ്ങളുടെയൊക്കെ ആക്ഷൻ കൈകാര്യം ചെയ്ത, സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റർ ഹെയ്ൻ ആദ്യമായി മലയാളത്തിൽ ഒരുക്കുന്ന സിനിമയാണ് പുലിമുരുകൻ.

പോക്കിരിരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും ടോമിച്ചൻ മുളുപാടവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുലിമുരുകൻ. ഉദയ്കൃഷ്ണ സിബി കെ തോമസിലെ ഉദയ് കൃഷ്ണയാണ് തിരക്കഥയൊരുക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ സ്വതന്ത്ര തിരക്കഥ കൂടിയാണ് ഇത്. ഗോപീസുന്ദറാണ് സംഗീതം. ഷാജിയാണ് ഛായാഗ്രഹണം. ചിത്രം അടുത്ത വർഷം തീയറ്ററുകളിലെത്തും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here