ലോകകപ്പ് യോഗ്യതാ മത്സരത്തിന് കാര്യവട്ടം വേദിയാവില്ല; വാടക തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യ-ഗുവാം മത്സരം ബംഗലൂരുവിലേക്ക് മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ഗുവാം ലോകകപ്പ് യോഗ്യതാ മത്സരം മാറ്റി. വാടക തര്‍ക്കത്തെ തുടര്‍ന്നാണ് മത്സരം മാറ്റിയത്. പകരം ബംഗലൂരുവിലായിരിക്കും മത്സരം നടക്കുക. നവംബര്‍ 12നാണ് മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്നത്. സ്റ്റേഡിയം നടത്തിപ്പുകാരായ ഐഎല്‍ ആന്റ് എഫ്എസ് കമ്പനി വന്‍തുക വാടക ഇനത്തില്‍ ആവശ്യപ്പെട്ടതോടെയാണ് മത്സരം തിരുവനന്തപുരത്ത് നിന്ന് മാറ്റാന്‍ ആള്‍ഇന്ത്യ ഫു്ടബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചത്. 35 ലക്ഷത്തോളം രൂപയാണ് വാടകയായി കമ്പനി ആവശ്യപ്പെട്ടിരുന്നത്. ഇത്രയും ഭീമമായ തുടക വാടക നല്‍കി മത്സരം നടത്തുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതിനാലാണ് മത്സരവേദി മാറ്റാന്‍ എഐഎഫ്എഫ് നിര്‍ബന്ധിതരായത്.

കമ്പനി ആവശ്യപ്പെട്ട തുക വാടക ഇനത്തില്‍ നല്‍കിയില്ലെങ്കില്‍ മത്സരത്തിനായി സ്റ്റേഡിയം വിട്ടുനല്‍കില്ലെന്നും സ്റ്റേഡിയം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കേരള ഫുട്‌ബോള്‍ ഫെഡറേഷന്‍ മത്സരത്തിന്റെ നടത്തിപ്പ് ചുമതല ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് നല്‍കിയിരുന്നു. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇതേസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരം നടക്കുന്നതിനാലാണ് മത്സരം കാര്യവട്ടത്തേക്ക് മാറ്റാന്‍ കെഎഫ്എ തീരുമാനിച്ചത്. സ്റ്റേഡിയം വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് ഐഎല്‍ ആന്റ് എഫ്എസ് കമ്പനി പ്രതിനിധിക്ക് കെഎഫഎ കത്ത് നല്‍കുകയും ചെയ്തു.

എന്നാല്‍, രാജ്യത്ത് ഒരു സ്‌റ്റേഡിയത്തിനും ഈടാക്കാത്ത വാടകയാണ് ഒരു ദിവസത്തേക്ക് കമ്പനി ആവശ്യപ്പെട്ടത്. വാടകയില്‍ ഇളവ് തേടി കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കത്ത് നല്‍കിയിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് വേദി മാറ്റാനുള്ള തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News