ഇന്ത്യയിലെ ഐഫോണ്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത; നിങ്ങളെ തേടി 6 എസും 6 എസ് പ്ലസും അടുത്തമാസം ഇന്ത്യയിലെത്തും

ഇന്ത്യയിലെ ഐഫോണ്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങളെ തേടി ഐഫോണ്‍ 6എസും 6എസ് പ്ലസും ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണുകളായ ഐഫോണ്‍ 6എസിന്റെയും 6 എസ് പ്ലസിന്റെയും ഇന്ത്യയിലെ ലോഞ്ചിംഗ് തിയ്യതി ആപ്പിള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 16നാണ് ഐഫോണ്‍ 6എസും പ്ലസും ഇന്ത്യയില്‍ പുറത്തിറക്കാന്‍ ആപ്പിള്‍ ഉദ്ദേശിക്കുന്നത്. ഇറ്റലി, മെക്‌സിക്കോ, റഷ്യ, സ്‌പെയിന്‍, സ്‌പെയിന്‍, തായ്‌വാന്‍ എന്നീ രാഷ്ട്രങ്ങളിലും അടുത്തമാസം മുതല്‍ ഐഫോണ്‍ ലഭ്യമായിത്തുടങ്ങും. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഐഫോണ്‍ 6, 6 പ്ലസ് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. അതേ തിയ്യതിയില്‍ തന്നെ 6എസും പ്ലസും ഇന്ത്യയില്‍ എത്തിക്കാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്.

അതേസമയം മുന്‍വര്‍ഷങ്ങളിലെ ഐഫോണ്‍ 6, 6 പ്ലസ് ഫോണുകളുടെ വില്‍പനയെയും മറികടന്ന് 6 എസിന്റെയും 6 എസ് പ്ലസിന്റെയും വില്‍പന മുന്നേറുകയാണെന്ന് ആപ്പിള്‍ അവകാശപ്പെട്ടു. ലോഞ്ച് ചെയ്ത് ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ 1.3 കോടി ഫോണുകള്‍ വിറ്റുപോയതായി ആപ്പിള്‍ അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 6ന്റെ വില്‍പന ഒരു കോടിയായിരുന്നെന്ന് കമ്പനി തന്നെ വ്യക്തമാക്കുന്നു. ഉപയോക്താക്കളുടെ ഫീഡ്ബാക്ക് തന്നെയാണ് 6 എസിനും 6 എസ് പ്ലസിനും ഇത്രയും വലിയ വില്‍പന സാധ്യമാക്കുന്നത്.

ഫോണിലെ പുതിയ ഫീച്ചേഴ്‌സും ആളുകളെ 6 എസിലേക്ക് ആകര്‍ഷിക്കുന്നു. 6 എസ്, 6 എസ് പ്ലസ് ഫോണുകളിലെ ത്രീ ഡി ടച്ച്, ലൈവ് ഫോട്ടോ സവിശേഷതകളാണ് ഏറ്റവും ശ്രദ്ധേയം. ഒക്ടോബര്‍ 9ന് ഇന്ത്യ ഒഴികെയുള്ള മറ്റു രാഷ്ടങ്ങളില്‍ ഫോണ്‍ വില്‍പനയ്ക്ക് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു. ക്യാമറ, ത്രീ ഡി ടച്ച്, ലൈവ് ഫോട്ടോ എന്നിവയാണ് 6 എസ്, 6 എസ് പ്ലസ് ഫോണുകളുടെ സവിശേഷതകള്‍. ഐഫോണ്‍ 6 എസിന്റെ 16 ജിബി വേരിയന്റിന് ഇന്ത്യയില്‍ 44,000 രൂപയാകും വില. 64 ജിബി വേരിയന്റിന് 49,550 രൂപയും 128 ജിബി വേരിയന്റിന് 57,000 രൂപയും വിലവരുമെന്നാണ് കണക്കുകൂട്ടല്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here