ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം മുഖ്യമന്ത്രി മരവിപ്പിച്ചു; മാറ്റം തെരഞ്ഞെടുപ്പിനു ശേഷം മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ സ്ഥലം മാറ്റിയ നടപടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മരവിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അതൃപ്തിയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പ് കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സ്ഥലംമാറ്റം മരവിപ്പിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പു നല്‍കി. തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തിലുള്ള ഒരു സ്ഥലംമാറ്റവും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കമ്മീഷന് ഉറപ്പു നല്‍കിയിട്ടുണ്ട്. സ്ഥലംമാറ്റങ്ങള്‍ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനു ശേഷം മാത്രമേ പ്രാബല്യത്തില്‍ വരൂ. അധ്യാപകരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ ഭിന്നത ഉടലെടുത്തിരുന്നു.

കമ്മീഷന്റെ നിലപാടുകളെ അവഗണിച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ ഉത്തരവിലായിരുന്നു കമ്മീഷന് അതൃപ്തിയുണ്ടായിരുന്നത്. സ്ഥലംമാറ്റ ഉത്തരവുകള്‍ മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ അവഗണിച്ച് വീണ്ടും സ്ഥലംമാറ്റം നടത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ കമ്മീഷന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയിരുന്നു. ഇക്കഴിഞ്ഞ 20 മുതലുള്ള എല്ലാ സ്ഥലംമാറ്റങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍, കമ്മീഷന്റെ ഉത്തരവിനെ മറികടന്ന് സര്‍ക്കാര്‍ വീണ്ടും സ്ഥലംമാറ്റം നടത്തിയതാണ് കമ്മീഷനെ ചൊടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here