കേരളത്തെ മദ്യത്തില്‍ മുക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്; വില്‍പന വര്‍ധിപ്പിക്കുന്ന മാനേജര്‍മാര്‍ക്ക് സമ്മാനം നൽകാൻ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയേറ്റ ആദ്യ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തു മദ്യവില്‍പന വര്‍ധിപ്പിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് തീരുമാനം. ജോയ് തോമസിന്റെ പ്രസിഡന്റായ ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തശേഷം അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ജോയിന്റ് രജിസ്ട്രാര്‍ ശെല്‍വരാജ് അധ്യക്ഷനായ ആദ്യ യോഗത്തിലാണ് തീരുമാനം.

കണ്‍സ്യൂമര്‍ ഫെഡ് വഴിയുള്ള മദ്യവില്‍പന ഇരുപത്തഞ്ചു ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇതു നടപ്പാക്കുന്ന ഔട്ട്‌ലെറ്റുകളുടെ മാനേജര്‍മാര്‍ക്കു പ്രത്യേക സമ്മാനങ്ങള്‍ നല്‍കാനും ധാരണയായി. കണ്‍സ്യൂമര്‍ ഫെഡിലേക്കുള്ള മദ്യം ഡിസ്റ്റിലറികളില്‍നിന്നു നേരിട്ടു വാങ്ങുന്ന രീതി പുനരാരംഭിക്കും.

ആദ്യം നേരിട്ടായിരുന്നു മദ്യം വാങ്ങിയിരുന്നത്. ടോമിന്‍ തച്ചങ്കരി എംഡിയായി ചുമതലയേറ്റപ്പോള്‍ പഴയ ഇടപാടുകളില്‍ ക്രമക്കേടുണ്ടെന്നു കണ്ടെത്തി കേന്ദ്രീകരിച്ചു മദ്യം വാങ്ങി ഫെഡിന്റെ ഔട്ട്‌ലെറ്റുകള്‍ക്കു നല്‍കാനും തുടങ്ങിയത്. ഇതുവഴി അഴിമതി ഒരു പരിധിവരെ തടയാന്‍ കഴിഞ്ഞിരുന്നു. ഈ തീരുമാനമാണ് റദ്ദാക്കി വീണ്ടും നേരിട്ടു മദ്യം വാങ്ങുന്നത്. ഇത് വീണ്ടും അഴിമതിക്കിടയാക്കുമെന്ന് ആക്ഷേപമുണ്ട്. നിര്‍ണായകമായ മറ്റു കാര്യങ്ങള്‍ ഒന്നും യോഗം ചര്‍ച്ച ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്.

നന്‍മ, ത്രിവേണി സ്‌റ്റോറുകളുടെ നവീകരണം, ഈ സ്‌റ്റോറുകളിലേക്കുള്ള സ്‌റ്റോക്ക് എത്തിക്കുക തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്യേണ്ട യോഗമാണ് മദ്യവില്‍പനയില്‍ മാത്രം തീരുമാനമെടുത്തു പിരിഞ്ഞത്. സര്‍ക്കാര്‍ മദ്യ ഉപഭോഗം കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സഹകരണവകുപ്പിനു കീഴിലുള്ള കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാനത്തെ മദ്യത്തില്‍ മുക്കാനൊരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here