നെല്ലിയാമ്പതിയിൽ തോട്ടം തൊഴിലാളികൾ ഇന്ന് റോഡ് ഉപരോധിക്കും; പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗവും ഇന്ന്

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ പ്ലാന്റേഷൻ ലേബർ കമ്മിറ്റിയോഗം ഇന്ന്. സ്ത്രീ തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും യോഗത്തിൽ പങ്കെടുക്കും. തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ, പ്ലാന്റേഷൻ ലേബർ കമ്മിറ്റി പ്രതിനിധികൾ, ലേബർ കമ്മീഷണർ, അംഗീകൃത ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയും ഇന്ന് യോഗം ചേരുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ ജോലിഭാരവുമായി താരതമ്യപ്പെടുത്തി മൂന്നാറിലെ തൊഴിലാളികളുടെ സ്ഥിതി സമിതി പരിശോധിക്കും.

അതേസമയം, പണിമുടക്കുന്ന നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികൾ ഇന്ന് റോഡ് ഉപരോധിക്കും. കൈകാട്ടിയിൽ രാവിലെ
10 മണിമുതൽ റോഡ് ഉപരോധിക്കാനാണ് സംയുക്ത ട്രേഡ് യൂണിയൻ സംഘടനകളുടെ തീരുമാനം. ഉച്ചയ്ക്ക് രണ്ടു മണി വരെ ഉപരോധം തുടരും. 20 സർക്കാർ അംഗീകൃത തോട്ടങ്ങളിലേയും പ്ലാന്റേഷൻ നിയമത്തിന്റെ പരിധിയിൽ വരാത്ത മറ്റ് ചെറുകിട തോട്ടങ്ങളിലേയും 1500 ഓളം തൊഴിലാളികളാണ് നെല്ലിയാമ്പതിയിൽ പണിമുടക്കുന്നത്.

മൂന്നാർ മേഖലയിൽ ഇന്നലെ നടന്ന പണിമുടക്ക് പൂർണമായിരുന്നു. പൈമ്പിളൈ ഒരുമൈയിലെ 300 തൊഴിലാളികൾ മാത്രമാണ് കണ്ണൻ ദേവൻ തോട്ടങ്ങളിൽ ജോലിക്കിറങ്ങിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here