കോട്ടയം: പാലാ ലിസ്യൂ കർമലീത്താ മഠത്തിലെ സിസ്റ്റർ അമലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സതീഷ് ബാബു മുൻപ് മറ്റൊരു കന്യാസ്ത്രീയെയും കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ്. പാലാ എസ്എച്ച് മഠത്തിലെ സിസ്റ്റർ ജോസ് മരിയയെ കൊന്നത് താനാണെന്ന് സതീഷ് ബാബു സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് സതീഷ് ബാബു ജോസ് മരിയയെ തലക്കടിച്ച് കൊലപ്പെടുത്തിയത്. മഠത്തിൽ നിന്ന് ആറരലക്ഷം രൂപയും മോഷ്ടിച്ചെന്ന് ഇയാൾ സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ 17നാണ് എസ്എച്ച് മഠത്തിലെ അംഗമായ സിസ്റ്റർ ജോസ് മരിയ ഇരുപ്പക്കാട്ടിനെ മഠത്തിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. എന്നാൽ പ്രായമായ കന്യാസ്ത്രീ തെന്നിവീണുണ്ടായ മരണമെന്ന് കരുതി മഠം അധികാരികൾ പരാതികളൊന്നും നൽകിയിരുന്നില്ല. ഇതേ മഠത്തിൽ ഏപ്രിൽ 22ന് 75,000 രൂപയോളം മോഷണം പോയതായും പറയപ്പെടുന്നു.
ജോസ് മരിയയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ അമല കേസ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ജോസ് മരിയയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here