ബിസിസിഐയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ നാലിന്; ശശാങ്ക് മനോഹര്‍ക്ക് തന്നെ സാധ്യത

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പുതിയ തലവനെ അടുത്തമാസം നാലിന് അറിയാം. ഒക്ടോബര്‍ നാലിന് ചേരുന്ന പ്രത്യേക ജനറല്‍ ബോഡി യോഗമായിരിക്കും പുതിയ പ്രസിഡന്റിനെ തീരുമാനിക്കുക.മുംബൈയിലായിരിക്കും യോഗം ചേരുക. ഒക്ടോബര്‍ മൂന്നിന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ നോമിനേഷനുകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കും. നിലവിലെ സാഹചര്യത്തില്‍ മുന്‍ അധ്യക്ഷന്‍ ശശാങ്ക് മനോഹറെ തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കാനാണ് സാധ്യത.

ബിസിസിഐ സെക്രട്ടറി അനുരാഗ് ഥാക്കൂറിന്റെ പാനലും ശരദ് പവാറിന്റെ പാനലും ഇക്കാര്യത്തില്‍ യോജിപ്പിലെത്തിയിട്ടുണ്ട്. മനോഹര്‍ തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന് ഥാക്കൂര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ എന്‍ ശ്രീനിവാസന് വന്ന് വോട്ട് ചെയ്യാമെന്നും ഥാക്കൂര്‍ വ്യക്തമാക്കി. എന്നാല്‍, ബിസിസിഐ യോഗങ്ങളില്‍ പങ്കെടുക്കാന്‍ ശ്രീനിവാസന് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനം ഒക്ടോബര്‍ അഞ്ചിനേ വരൂ. ശ്രീനിവാസന് യോഗത്തില്‍ പങ്കെടുക്കാനാവില്ലെങ്കിലും വോട്ട് ചെയ്യുന്നതില്‍ നിന്ന് തടസ്സമില്ലെന്ന് അനുരാഗ് ഥാക്കൂര്‍ വ്യക്തമാക്കി.

2008 മുതല്‍ 2011 വരെ ബിസിസിഐ അധ്യക്ഷനായിരുന്നു ശശാങ്ക് മനോഹര്‍. മനോഹറെ തോല്‍പിച്ചാണ് 2011ല്‍ എന്‍ ശ്രീനിവാസന്‍ അധ്യക്ഷപദത്തില്‍ എത്തിയത്. നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മയും ക്ലീന്‍ ഇമേജുമാണ് ശശാങ്ക് മനോഹര്‍ക്ക് ബിസിസിഐ അധ്യക്ഷപദത്തില്‍ രണ്ടാമൂഴം ഒരുക്കുന്നത്. പവാര്‍-ഥാക്കൂര്‍ വിഭാഗങ്ങള്‍ക്ക് ഒരുപോലെ സ്വീകാര്യനുമാണ് ശശാങ്ക് മനോഹര്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News