മോദിയുടെ സോഷ്യല്‍മീഡിയ പ്രേമത്തെ വിമര്‍ശിച്ച് ശിവസേന; നെഹ്‌റു മുതല്‍ ഇന്ദിരാഗാന്ധി അടക്കം പ്രശസ്തരായത് ഇതൊന്നുമില്ലാതെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചും കോണ്‍ഗ്രസ് നേതാക്കളെ പുകഴ്ത്തിയും ശിവസേന നേതൃത്വം. സോഷ്യല്‍മീഡിയകള്‍ സജീവമല്ലാതിരുന്ന കാലത്താണ് നെഹ്‌റുവും ഇന്ദിരാഗാന്ധിയുമെല്ലാം പ്രശസ്തരായതെന്നും ഇന്ത്യയെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ചതെന്നും ശിവസേന വ്യക്തമാക്കി. ശിവസേനയുടെ മുഖപത്രമായ സാംമ്‌നയിലാണ് അഭിപ്രായ പ്രകടനം. മോദിയുടെ പുതിയ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെയും അതിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് ശിവസേനയുടെ വിമര്‍ശനം.

ഇന്ത്യയെ സാമ്പത്തിക പുരോഗതിയിലേക്ക് നയിച്ച മുന്‍ പ്രധാനമന്ത്രിമാരായ നരസിംഹറാവുവിന്റെയും മന്‍മോഹന്‍സിംഗിന്റെയും പ്രവര്‍ത്തനങ്ങളെ വിസ്മരിക്കരുതെന്ന് ശിവസേന മുന്നറിയിപ്പ് നല്‍കി. ഒപ്പം സാങ്കേതികരംഗത്ത് ഇന്ത്യയെ മുന്നിലെത്തിച്ച ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിനായി ചെയ്ത കാര്യങ്ങളും മറക്കരുത്. പ്രധാനമന്ത്രി മോദി വിദേശത്തുകാര്‍ക്ക് പ്രിയങ്കരനാണ്. പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്ന് വിട്ട് വിദേശത്ത് പോയി നില്‍ക്കുന്ന ഇന്ത്യക്കാര്‍ക്ക്. എന്നാല്‍, നെഹ്‌റുവും ഇന്ദിരയും രാജീവും അടക്കമുള്ളവരും വിദേശത്തുകാര്‍ക്ക് പ്രിയങ്കരന്‍മാരായിരുന്നെന്ന കാര്യം മറക്കരുത്. റഷ്യയിലും അമേരിക്കയിലുമൊക്കെ നെഹ്‌റുവിനെ പുകഴ്ത്തുന്ന ആളുകള്‍ ഇപ്പോഴുമുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ഇവരെല്ലാം ഒരുസമയത്ത് ഇന്ത്യക്കാര്‍ക്കിടയിലും അതേസമയം വിദേശത്തുകാര്‍ക്കും പ്രിയങ്കരന്‍മാരായിരുന്നു. എന്നാല്‍, അക്കാലത്ത് സോഷ്യല്‍മീഡിയകള്‍ ഇല്ലായിരുന്നു. മോദി പ്രശസ്തനാണ്. എന്നിരുന്നാലും ഇന്ത്യയിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചനരസിംഹറാവുവിനെയും മന്‍മോഹനെയും എങ്ങനെയാണ് മറക്കാനാകുകയെന്നും ശിവസേന ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News