തൊഴിലാളി സമരം പതിനഞ്ചാം ദിവസത്തിലേക്ക്; അമ്പനാട് എസ്റ്റേറ്റിലെ മിച്ചഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടി സമരം നടത്താൻ തീരുമാനം

കൊല്ലം: തെന്മല അമ്പനാട് എസ്റ്റേറ്റിലെ മിച്ച ഭൂമി പിടിച്ചെടുത്ത് കുടിൽ കെട്ടി സമരം ആരംഭിക്കാൻ സമര സമിതിയുടെ തീരുമാനം. തൊഴിലാളികളുടെ സമരം നാളെ പതിനഞ്ചാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് സമരസമിതിയുടെ തീരുമാനം. പിഎൽസി തീരുമാനം എന്തായാലും മാനേജ്‌മെന്റ് തൊഴിലാളികളുമായി ചർച്ച നടത്താതെ സമരം പിൻവലിക്കേണ്ടെന്ന നിലപാടിലാണ് തൊഴിലാളികൾ.

ഈ മാസം 16നാണ് തെന്മല അമ്പനാട് എസ്റ്റേറ്റിൽ സിഐടിയു എഐടിയുസി യൂണിയനുകളുടെ നേതൃത്വത്തിൽ സമരം തുടങ്ങിയത്. എസ്റ്റേറ്റ് മാനേജറെ 22 മണിക്കൂർ നീണ്ട ഉപരോധ സമരത്തിനൊടുവിൽ പൊലീസ് ഇടപെട്ടാണ് മോചിപ്പിച്ചത്. പിന്നീട് സമരം ജനപ്രതിനിധികൾ ഏറ്റെടുത്ത് നിരാഹാരം പ്രഖ്യാപിക്കുകയായിരുന്നു. ഇതിനിടെ രണ്ട് തവണ ലേബർ കമ്മീഷണർ ഇടപെട്ട് ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും മാനേജ്‌മെൻറ് സഹകരിച്ചില്ല. ഇതോടെ തൊഴിലാളികൾ സമരം കടുപ്പിച്ചു. സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ അമ്പനാട് എസ്റ്റേറ്റിലെ മിച്ച ഭൂമി പിടിച്ചെടുത്ത് കുടിൽകെട്ടി സമരം ആരംഭിക്കാനാണ് സമര സമിതിയുടെ തീരുമാനം.

മാനേജ്‌മെന്റ്് ചർച്ചയ്ക്ക് തയ്യാറാകാത്ത പക്ഷം മൂന്നാം തീയതി സൂചനാസമരമെന്ന നിലയിൽ കൊല്ലം ചെങ്കോട്ട ദേശീയ പാത തൊഴിലാളികൾ ഉപരോധിക്കും. പിഎൽസി തീരുമാനം എന്തായാലും മാനേജ്‌മെന്റ് തൊഴിലാളികളുമായി ചർച്ച നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കും വരെ സമരവുമായി മുന്നോട്ട് പോകാനാണ് അമ്പനാട് എസ്റ്റേറ്റിലെ തൊഴിലാളികളുടെ തീരുമാനം. അതേസമയം, പൊതുമേഖലാ സ്ഥാപനമായ ഫാമിങ് കോർപ്പറേഷനിൽ മിനിമം കൂലി 500 രൂപയാക്കി മാതൃകകാട്ടണമെന്ന് കറവൂർ വർഗ്ഗീസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News