വിജയാ ബാങ്ക് കവർച്ച; കേസ് അന്വേഷണം ജീവനക്കാരിലേക്കും; സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

കാസർഗോഡ്: ചെറുവത്തൂർ വിജയാ ബാങ്ക് കവർച്ച കേസ് അന്വേഷണം ജീവനക്കാരിലേക്കും. സ്‌ട്രോംഗ്‌റൂമിലെ അലമാര തകർക്കാതെ സ്വർണ്ണം കവർന്നതിൽ ദുരൂഹതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് അന്വേഷണം ജീവനക്കാരിലേക്ക് വ്യാപിപ്പിക്കുന്നത്. അതേസമയം, ബാങ്കിലെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് വിജയാ ബാങ്കിന്റെ ചെറുവത്തൂർ ശാഖയിൽ കവർച്ച നടന്നത്. 5.11 കോടി രൂപ വിലമതിക്കുന്ന 20.460 കിലോഗ്രാം സ്വർണവും 2.95 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയുടെ കോൺക്രീറ്റ് മേൽക്കൂര തുരന്ന് മുകളിലെ നിലയിലെ സ്‌ട്രോംഗ്‌റൂമിൽ കടന്നാണു കവർച്ച.

പ്രതികളെകുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്നും പെട്ടെന്ന് പിടികൂടുമെന്നും ജില്ലാ പൊലീസ് മേധാവി ഡോ.ശ്രീനിവാസ് പറഞ്ഞിരുന്നു. പ്രതികളുടെ രേഖാചിത്രം കഴിഞ്ഞ ദിവസം പൊലീസ് പുറത്തുവിട്ടിരുന്നു. ബാങ്കിന് താഴെ കടമുറി വാടകക്കെടുത്ത ആളാണ് കവർച്ചയുടെ മുഖ്യആസൂത്രകൻ. മഞ്ചേശ്വരം സ്വദേശി ഇസ്മായിൽ എന്ന പേരിലാണ് ഇയാൾ മുറി വാടകക്കെടുത്തിരിക്കുന്നത്. കവർച്ച സംഘത്തിന് ബാങ്കിന്റെ താഴെത്തെ നില വാടകയ്ക്ക് എടുത്തു കൊടുക്കാൻ സഹായിച്ചയാളായ യൂസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here