ശ്രീനാരായണഗുരുവിന്റെ പേരില്‍ വെള്ളാപ്പള്ളി കോടികള്‍ കോഴവാങ്ങുന്നെന്ന് വിഎസ്; പൊറുക്കാനാവാത്ത ഗുരുനിന്ദ

കണിച്ചുകുളങ്ങര (ആലപ്പുഴ): എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. കേരളത്തില്‍ ശ്രീനാരാണീയ പ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തിരുന്നു വെള്ളാപ്പള്ളി നടേശന്‍ വിവിധ മേഖലകളില്‍ ഗുരുനിന്ദ കാണിക്കുകയാണെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കണിച്ചുകുളങ്ങരയില്‍ വര്‍ഗീയവിരുദ്ധ മതേതര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.

ഈഴവരുടെ സ്ഥാപനങ്ങളെന്നു പറയുന്ന എസ്എന്‍ കോളജുകളില്‍ കോഴ കൊടുക്കാതെ കച്ചവടമുണ്ടോ? ഈഴവര്‍ക്കു പോലും ഈ സ്ഥാപനങ്ങളില്‍ കോഴ കൊടുക്കാതെ ജോലി കിട്ടില്ല. നാലു വര്‍ഷം കൊണ്ട് എസ് എന്‍ കോളജുകളിലെ അധ്യാപക നിയമനങ്ങളില്‍ വെള്ളാപ്പള്ളി നൂറു കോടി രൂപയാണ് കോഴ വാങ്ങിയിട്ടുള്ളത്. സ്വന്തം വേലത്തരങ്ങള്‍ക്കു മറയിടാനാണ് വെള്ളാപ്പള്ളി നടേശന്‍ സംഘപരിവാറുമായി കൂട്ടുകൂടുന്നതെന്നും വി എസ് പറഞ്ഞു.

ശ്രീനാരായണ ദര്‍ശനം സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണ്. ഏകലോകമാണ് ഗുരു വിഭാവനം ചെയ്തത്. ഇത് ഒരിക്കലും സംഘപരിവാറിന് അംഗീകരിക്കാനാവാത്ത ആശയമാണ്. കേരളത്തിന്റെതന്നെ ഗുരുവാണ് അദ്ദേഹം. വ്യവസ്ഥാപിതമായ ഒരു മതവിഭാഗത്തിലും വിശ്വസിക്കേണ്ടതില്ലെന്നാണ് ഗുരു പഠിപ്പിച്ചത്. മനുഷ്യത്വമാണ് ജാതിയെന്നതായിരുന്നു ആശയം.

ആര്‍ ശങ്കര്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശ്രീനാരായണ ഗുരുവിന്റെ പേരാണ് നല്‍കിയത്. എല്ലാ കോളജുകളും എസ് എന്‍ കോളജ് എന്നറിയപ്പെട്ടു. എന്നാല്‍ വെള്ളാപ്പള്ളി ജനറല്‍ സെക്രട്ടറിയായപ്പോള്‍ ലഭിച്ച കോളജിന് വെള്ളാപ്പള്ളി നടേശന്‍ കോളജ് എന്നാണു പേരിട്ടത്. ഇതില്‍പരം ഗുരുനിന്ദ വേറെയുണ്ടോ? ശ്രീനാരായണീയരെ എത്രകാലം വെള്ളാപ്പള്ളിക്ക് ഇങ്ങനെ പറ്റിക്കാനാവുമെന്നും വിഎസ് ചോദിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here