രാജ്യത്തെ നടുക്കിയ മുംബൈ ട്രെയിന്‍ സ്‌ഫോടനപരമ്പര: 5 പ്രതികള്‍ക്ക് വധശിക്ഷ; ഏഴു പേര്‍ക്കു ജീവപര്യന്തം

മുംബൈ: മുംബൈയില്‍ ഏഴു മലയാളികളുടെ 188 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ സ്‌ഫോടനപരമ്പരക്കേസില്‍ അഞ്ചു പ്രതികള്‍ക്കു വധശിക്ഷ. ഏഴു പേര്‍ക്കു ജീവപര്യന്തം. മുബൈയിലെ പ്രത്യേക മക്കോക്ക വിചാരണക്കോടതിയാണ് ശിക്ഷ വിധിച്ചത്. 2006 ജൂലൈ 11 നായിരുന്നു രാജ്യത്തെ നടുക്കിയ സ്‌ഫോടപരമ്പരയുണ്ടായത്. 800 ഓളം പേര്‍ക്കു പരുക്കേറ്റിരുന്നു.

എസ്‌തേഹാം സിദ്ധിഖി, ആസിഫ് ഖാന്‍, ഫൈസല്‍ ഷെയ്ഖ്, നാവീദ് ഖാന്‍, കമല്‍ അന്‍സാരി എന്നിവര്‍ക്കാണ് വധശിക്ഷ. ഇവരാണ് ട്രെയിനുകളില്‍ ബോംബ് സ്ഥാപിച്ചതെന്നു കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ ഡോ. തന്‍വീര്‍ അന്‍സാരി, ബോംബ് നിര്‍മിക്കാന്‍ വീടുവിട്ടുനല്‍കിയ മുഹമ്മദ് അലി, ടൈമറുകളും ഇലക്ട്രിക് സര്‍ക്യൂട്ടും നിര്‍മിച്ച സാജിത് അന്‍സാരി എന്നിവര്‍ക്കും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു.

13 പേരായിരുന്നു കേസില്‍ പ്രതികള്‍. പന്ത്രണ്ടുപേര്‍ കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു. സ്‌ഫോടനപരമ്പരയ്ക്കു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്റെ പങ്കു വ്യക്തമായിരുന്നു. വൈകിട്ട് 6.24നും 6.35 നുമിടയില്‍ ഖാര്‍ റോഡ്-സാന്താക്രൂസ്, ബാന്ദ്ര-ഖാര്‍ റോഡ്, ജോഗേശ്വരി, മാഹിം ജംഗ്ഷന്‍, മിറാ റോഡ്- ഭയാന്തര്‍, മാത്തുംഗ റോഡ്-മാഹിം ജംഗ്ഷന്‍, ബോറിവില്ലി എന്നിവിടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here