ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെ തള്ളി കോടതി; മാണിയെ കുറ്റവിമുക്തനാക്കാന്‍ ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സിനെ തള്ളിയും രൂക്ഷമായി വിമര്‍ശിച്ചും കോടതി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസില്‍ വിജിലന്‍സിന്റെ വാദങ്ങളെ തള്ളിപ്പറഞ്ഞത്. മമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നതായി കോടതി കണ്ടെത്തി. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ഒരു തരത്തില്‍ പോലും ഇടപെട്ടിട്ടില്ലെന്ന വിജിലന്‍സിന്റെ വാദങ്ങളെ തള്ളുകയാണ് കോടതി ചെയ്തത്. കേസില്‍ അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്ന വിജിലന്‍സിന്റെ വാദങ്ങളെ പരിപൂര്‍ണമായും കോടതി തള്ളിക്കളഞ്ഞു. ഡയറക്ടറുടെ കത്തില്‍ ഇക്കാര്യം വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ തുടരന്വേഷണത്തിന്റെ ചുമതല എസ്പി സുകേശന് കോടതി നല്‍കി.

കേസിന്റെ അന്വേഷണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനും ഡയറക്ടര്‍ക്കും തുല്യഅധികാരമാണെന്ന് കരുതരുത്. അന്വേഷണത്തിന്റെ പൂര്‍ണ അധികാരം അന്വേഷണ ഉദ്യോഗസ്ഥന് മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാ ഫലവും മൊഴിയും തള്ളിയ വിജിലന്‍സിന്റെ നടപടിയെയും കോടതി വിമര്‍ശിച്ചു. ശാസ്ത്രീയ തെളിവുകള്‍ അമ്പിളിയുടെ മൊഴിയെ സാധൂകരിക്കുന്നുണ്ടെന്ന് കോടതി കണ്ടെത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here